ഇത് വരുന്ന വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 മൂന്നാം വാരത്തിലൂടെ പുരോഗമിക്കുമ്പോള്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായ ഗെയിമുകളാണ് ബിഗ് ബോസ് നല്‍കിയത്. ഫിസിക്കല്‍ ടാസ്കുകളല്ല, മറിച്ച് മൈന്‍ഡ് ഗെയിമുകള്‍ക്കാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ ക്ഷണിച്ചത്. അതിന്‍റെ പ്രതിഫലനം ഹൗസില്‍ ഉണ്ടാവുകയും ചെയ്തു. മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു ടാസ്കിനിടെ ഇത്രയും വലിയ വാദപ്രതിവാദങ്ങള്‍ ഈ സീസണില്‍ ഇതുവരെ നടന്നിട്ടുമില്ല. അക്കൂട്ടത്തില്‍ ഏറ്റവും വലിയ രോഷപ്രകടനം നടത്തിയത് അക്ബര്‍ ആയിരുന്നു. അനീഷിനെതിരെ ആയിരുന്നു അക്ബറിന്‍റെ രോഷപ്രകടനം. ഹാളിലെ സോഫയില്‍ ഇട്ടിരുന്ന തലയിണകളിലൊന്നെടുത്ത് അനീഷിന് നേര്‍ക്ക് എറിയുകയായിരുന്നു അക്ബര്‍. തലയിണ അനീഷിന്‍റെ ദേഹത്ത് കൊണ്ടില്ലെങ്കിലും അക്ബറിന്‍റെ രോഷപ്രകടനം മറ്റുള്ളവരെ ഞെട്ടിക്കുന്ന തരത്തില്‍ ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇത് വരുന്ന വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്. അക്ബറിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. നടപടി എത്തരത്തില്‍ ഉള്ളത് ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പണിപ്പുരയിലേക്ക് വലിയ പോയിന്‍റ് വാഗ്ദാനവുമായി ബിഗ് ബോസ് ആരംഭിച്ച ടാസ്കുകളില്‍ നാലാമത്തേതിന്‍റെ ഭാഗമായാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായത്. ടാസ്കിനായി മൂന്ന് ധൈര്യശാലികളെ തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഏറ്റവും വോട്ട് ലഭിച്ച ആര്യന്‍, ജിസൈല്‍, അനീഷ് എന്നിവര്‍ ആക്റ്റിവിറ്റി ഏരിയയിലേക്ക് പോയി. മൂന്ന് പോഡിയങ്ങള്‍ക്ക് മുന്നിലുള്ള ടാസ്ക് ലെറ്റര്‍ ഓരോരുത്തരും വായിക്കണമായിരുന്നു.

അനീഷിന് ലഭിച്ച കത്തില്‍ ഇപ്പോള്‍ മുതല്‍ സീസണ്‍ 7 അവസാനിക്കുന്നതുവരെ നിശബ്ദത പാലിക്കണം എന്നായിരുന്നു ഉണ്ടായിരുന്നത്. ഇത് വായിച്ചതിന് പിന്നാലെ അനീഷ് നിശബ്ദതയിലേക്ക് പോയി. ആര്യന്‍ വായിച്ച രണ്ടാമത്തെ കത്തില്‍ മുന്നില്‍ വച്ചിരിക്കുന്ന ജ്യൂസ് കുടിക്കണം എന്നതായിരുന്നു. ജിസൈല്‍ വായിച്ച കത്തില്‍ തല മുണ്ഡനം ചെയ്യണം എന്നും. ടാസ്കുകള്‍ മൂന്നുപേര്‍ക്കും പരസ്പരം സ്വിച്ച് ചെയ്യാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ടാസ്ക് അതിനോടകം ആരംഭിച്ചിരുന്നതിനാല്‍ സ്വിച്ചിംഗ് ചര്‍ച്ചകളില്‍ അനീഷ് പങ്കെടുത്തില്ല. 1000 പോയിന്‍റ് ആണ് ബിഗ് ബോസ് ഈ ടാസ്കിനായി നിശ്ചയിച്ചിരുന്നത്. 1000 പോയിന്‍റുകള്‍ക്കായി തല മൊട്ടയടിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ആര്യന്‍ തീരുമാനമെടുത്തു. തനിക്ക് അത് സാധിക്കില്ലെന്ന് ജിസൈലും നിലപാടെടുത്തു. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം മറ്റ് മത്സരാര്‍ഥികളും ചര്‍ച്ചകള്‍ക്കായി ആക്റ്റിവിറ്റി ഏരിയയില്‍ എത്തിയത് വലിയ തര്‍ക്കങ്ങളിലേക്ക് പോയി. തുടര്‍ന്ന് ടാസ്കില്‍ നിങ്ങള്‍ പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു.

തുടര്‍ന്ന് പുറത്തെത്തിയതിന് ശേഷം അനീഷ് സ്വന്തം ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചതാണ് അക്ബറിനെ പ്രകോപിപ്പിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News