Asianet News MalayalamAsianet News Malayalam

മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍

മത്സരാര്‍ഥികളുടെ കഴിഞ്ഞ വാരത്തിലെ പ്രവര്‍ത്തികള്‍ ചര്‍ച്ചയാക്കി മോഹന്‍ലാല്‍

akhil marar to mohanlal in bigg boss malayalam season 5 nsn
Author
First Published Jun 4, 2023, 8:22 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി ഇനി മൂന്ന് ആഴ്ചകള്‍ മാത്രമാണ് ഉള്ളത്. അതേസമയം ഈ വാരാന്ത്യത്തില്‍ എവിക്റ്റ് ആവുന്നത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അവതാരകനായ മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ച എപ്പിസോഡ് രസകരമായിരുന്നു. കഴിഞ്ഞ വാരത്തിലെ മത്സരാര്‍ഥികളുടെ ചില പ്രവര്‍ത്തികളുടെ ഗൌരവം ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ബിഗ് ബോസിന് കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യം സൃഷ്ടിക്കരുതെന്നും പറഞ്ഞു.

ശോഭയ്ക്കെതിരെ അഖില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് ആരംഭിച്ചത്. ഈ വിഷയത്തില്‍ അഖില്‍ മാപ്പ് പറയുകയുമുണ്ടായി. ശേഷം രസകരമായ കുറച്ച് ഗെയിമുകളും ഹൌസില്‍ അരങ്ങേറി. ചുറ്റിക്കളി എന്നായിരുന്നു ഒരു ഗെയിമിന്‍റെ പേര്. മത്സരാര്‍ഥികളെല്ലാം ഒരു വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് ഒരു ഡബിള്‍ മുണ്ട് സ്വയം ചുറ്റിക്കൊണ്ട് തിരിഞ്ഞ്, അടുത്ത മത്സരാര്‍ഥിക്ക് കൈമാറുക എന്നതാണ് ഗെയിം. അനു ആയിരുന്നു ഇതിലെ വിധികര്‍ത്താവ്. പുറംതിരിഞ്ഞ് നില്‍ക്കുന്ന അനു വിസില്‍ മുഴക്കുമ്പോള്‍ ആരുടെ കൈയിലാണോ മുണ്ട് ഉള്ളത് അവര്‍ പുറത്താവുന്ന രീതിയിലായിരുന്നു ഗെയിം. റെനീഷയാണ് ഈ ഗെയിമില്‍ വിജയിച്ചത്. എന്നാല്‍ ഇത് കേവലം ഒരു രസത്തിനായി സൃഷ്ടിച്ച ഗെയിം അല്ലെന്ന് വെളിവാക്കുന്നതായിരുന്നു അതിനു ശേഷമുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍.

എന്തിനാണ് ഇങ്ങനെ ഒരു ഗെയിം നടത്തിയതെന്ന് മനസിലായോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് പല ഉത്തരങ്ങള്‍ മത്സരാര്‍ഥികള്‍ പറഞ്ഞു. മുണ്ട് അതിലൊരു ഘടകമായി വന്നില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. മുണ്ട് പറിക്കാതിരിക്കാനും പൊക്കാതിരിക്കാനുമാണ് ഈ ഗെയിം നടത്തിയതെന്ന് സെറീന പറഞ്ഞു. തുടര്‍ന്ന് അഖിലിന്‍റെ ഭാഗത്തുനിന്ന് ഈ വാരമുണ്ടായ പെരുമാറ്റം ചൂണ്ടിക്കാട്ടാനാണ് ഈ ഗെയിം നടത്തിയതെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു- "തമാശയ്ക്ക് നമ്മള്‍ കാണിച്ചുവെന്ന് നമ്മളാണ് വിചാരിക്കുന്നത്. പിന്നെ അതൊരു കാര്യമാക്കി അവര്‍ക്ക് കൊണ്ടുവരാം അത്തരം കാര്യങ്ങള്‍. അതൊരു നല്ല പ്രവര്‍ത്തി അല്ലായിരുന്നു. നമ്മള്‍ ഉപയോ​ഗിക്കുന്ന ഭാഷയേക്കാളും നമ്മള്‍ ചെയ്ത കാര്യം വളരെ മോശമായിട്ടാണ് പല ആള്‍ക്കാരും എടുത്തിരിക്കുന്നത്. അത്തരം പ്രവര്‍ത്തികള്‍ ഇനി വരാതിരിക്കട്ടെ. ആരായാലും ഇത്തരം പ്രവര്‍ത്തികള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വളരെയധികം സീരിയസ് ആയി ഒരു ആക്ഷന്‍ എടുക്കേണ്ടിവരും. കാരണം പൊതുജനങ്ങളുടെ വികാരങ്ങളെ ഞങ്ങള്‍ക്ക് കണക്കാക്കേണ്ടതുണ്ട്. ഓകെ അഖില്‍", മോഹന്‍ലാല്‍ പറഞ്ഞു.

ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. "അതിലൊരു മാപ്പ് പറയാം. ഇപ്പോള്‍ മാപ്പ് കുറേയായി എന്‍റെ വക", അഖിലിന്‍റെ വാക്കുകള്‍. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറയേണ്ടതില്ലെന്ന് മോഹന്‍ലാലും പറഞ്ഞു- "മാപ്പൊന്നും പറയേണ്ട കാര്യമില്ല, കാരണം മാപ്പ് പറഞ്ഞ് കഴിഞ്ഞല്ലോ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ഇത്. അത് അടക്കിനിര്‍ത്താനുള്ള സ്ഥലമാണ് ഇത്. നമ്മുടെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ മാറ്റിവെക്കുക. അത് നിങ്ങളില്‍ നിന്ന് പോകട്ടെ", മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിച്ചു.

ALSO READ : 'ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം'; മത്സരാര്‍ഥികളോട് റിയാസ് സലിം

WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം

Follow Us:
Download App:
  • android
  • ios