കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നതിനോട് വ്യക്തിപരമായി താല്പര്യമില്ലെന്ന് ബിഗ് ബോസ് താരം സിജോ. ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായിക്കില്ലെന്നും പകരം വരുമാന മാർഗ്ഗങ്ങൾ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറാൻ പോകുകയാണ്. തതവസരത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന ചർച്ചകളും സജീവമായി നിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സൗജന്യ യാത്രയോട് വ്യക്തിപരമായി താല്പര്യമില്ലെന്ന് പറയുകയാണ് ബിഗ് ബോസ് താരം സിജോ. സ്ത്രീകൾക്ക് ഇതിലൂടെ എന്ത് ഉന്നമനമാണ് ലഭിക്കുന്നതെന്ന് സിജയോ ചോദിക്കുന്നു. നിലവിൽ എല്ലാം പക്കയാണെന്നും ആറ് മാസം കഴിഞ്ഞ് സൗജന്യം പറ്റില്ലെന്ന് പറഞ്ഞാൽ അനുകൂലിക്കുന്നവർ തിരിയുമെന്നും സിജോ ഓർമിപ്പിക്കുന്നു.

സിജോയുടെ വാക്കുകൾ ഇങ്ങനെ
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതിനോട് എനിക്ക് താല്പര്യമില്ല. സ്ത്രീകളുടെ ഉന്നമനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് ഫ്രീ സര്‍വീസ് കൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല. ഫ്രീയായി യാത്ര ചെയ്തോന്ന് പറയുന്നതിനകത്ത് എന്ത് ഉന്നമനമാണ് ഉള്ളത്. അവര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. പകരം അവര്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുത്താല്‍ നല്ലകാര്യമാണ്. അങ്ങനയെ നമ്മുടെ നാടിനും രാജ്യത്തിനുമൊക്കെ വികസനം ഉണ്ടാകൂ. അല്ലാതെ എല്ലാം ഫ്രീയായി കൊടുത്തു കഴിഞ്ഞാല്‍ കുറച്ച് നാള്‍ കഴിയുമ്പോഴേക്കും ബുദ്ധിമുട്ട് ഉണ്ടാകും.
നിലവില്‍ പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ കെഎസ്‍ആര്‍ടിസിയില്‍ പോകും. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ പ്രൈവറ്റുകാര്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെടും. ഒരു സമരം വരും. നമ്മുടെ നാടിനെ തന്നെ അത് ബാധിക്കും. എല്‍ഡിഎഫ് ഇപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുകയാണ്. ട്രേഡ് യൂണിയനിലെ മിക്ക ആള്‍ക്കാരും ഇടതുപക്ഷ അനുകൂലികളാണ്. സമരം ശക്തമാകും. വലിയൊരു പ്രശ്നത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ട ചാന്‍സുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍. എത്രമാത്രം കൃത്യമായി ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും എന്നത് വലിയ കാര്യമാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാതെ പെട്ട് പോയിട്ടുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നത് വലിയൊരു കാര്യമാണ്.
ഒരു ആറ് മാസം കൊടുത്തിട്ട് പിന്നീട് അത് ഫ്രീ അല്ല, കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നവര്‍ തന്നെ തിരിഞ്ഞ് നില്‍ക്കും. നിലവില്‍ ഇതിന്‍റെ പേരില്‍ ഒരു പ്രതിഷേധം നടന്നു കഴിഞ്ഞു. കെഎസ്ആര്‍ടിസി ഇപ്പോൾ നഷ്ടത്തിലാണ്. അതെങ്ങനെ ഇനി മുന്നോട്ട് ലാഭത്തില്‍ കൊണ്ടുപോകുമെന്ന് കണ്ടറിയാം. ഇപ്പോള്‍ കാണുമ്പോള്‍ എല്ലാം പക്കയാണ്.



