ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയിലെ ലേഡി ഫൈറ്റ് മാസ്റ്ററായി മാറിയ കാളി, ബിഗ് ബോസിലെ പുതിയ മത്സരാർത്ഥിയാണ്. ധന്യ എന്നായിരുന്നു യഥാർത്ഥ പേര്. കഠിനമായ ജീവിത സാഹചര്യങ്ങളെ തുടർന്നാണ് അവർ സ്റ്റണ്ട് രംഗത്തേക്ക് എത്തിയത്.

ജീവിതത്തില്‍ പ്രതിസന്ധികളോട് പടപൊരുതി നേടിയ കരുത്തുമായി ബിഗ് ബോസ് വീട്ടിലേക്കും എത്തിയിരിക്കുകയാണ് കാളി. മലയാള സിനിമയിലെ ലേഡി ഫൈറ്റ് മാസ്റ്ററെന്ന വിശേഷണവുമായാണ് ബിഗ് ബോസിലേക്ക് ധന്യ എത്തിയിരിക്കുന്നത്. ധന്യ എന്ന യഥാര്‍ഥ പേരുവെട്ടി കാളിയായി മാറിയ താരം ബിഗ് ബോസില്‍ എത്തുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ മത്സരം പൊടിപാറുമെന്ന് കരുതാം. ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ വകഞ്ഞുമാറ്റി വീറോടെ പൊരുതി സ്വന്തം പാത വെട്ടിത്തെളിച്ച കാളി ബിഗ് ബോസിലെ കരുത്തുറ്റ ഒരു മത്സരാര്‍ഥി തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

കാളിയുടെ യഥാര്‍ഥ പേര് ധന്യയെന്നാണ്. പേര് തനിക്ക് ഇഷ്ടമായിരുന്നെങ്കിലും ഈ പേരുള്ള സമയത്താണ് താൻ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് അവര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് കാളിയെന്ന പേര് സ്വീകരിച്ചത്. ജീവിത സാഹചര്യങ്ങളാണ് കാളിയെ സിനിമയിലെ ഫൈറ്റ് മാസ്റ്റർ എന്ന രംഗത്തേക്ക് എത്തിച്ചത്. 18-ാം വയസില്‍ ബന്ധുക്കളുടെ നിർബന്ധ പ്രകാരം ആദ്യമായി വിവാഹിതയായി. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. കുട്ടികളുടെയും തന്റെയും ജീവിതം പെരുവഴിയിലാകുമെന്ന് തോന്നിയ സമയത്താണ് അവിചാരിതമായി ഫൈറ്റ് മാസ്റ്റർ റോളിലേക്ക് എത്തുന്നത്. തുടര്‍ന്നങ്ങോട്ട് ജീവിതത്തിന്റെ വഴികള്‍ സ്വയം വെട്ടിത്തുറക്കാൻ തുടങ്ങി കാളി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വേദിയില്‍ എത്തിനില്‍ക്കുന്നു.

പതിനെട്ട് വര്‍ഷം മുമ്പാണ് കാളി സിനിമാ രംഗത്തേയ്‍ക്ക് എത്തുന്നത്. ആദ്യം കൊറിയോഗ്രാഫിയിലും അഭിനയത്തിലുമൊക്കെ ഒരു കൈ നോക്കി. ഡ്യൂപ്പ് ആര്‍ടിസ്റ്റായും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഫൈറ്റ് മേഖലയിലേക്ക് എത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ മാഫിയ ശശിയെ പരിചയപ്പെട്ടതാണ് കാളിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. മാഫിയാ ശശിയുടെ അസിസ്റ്റന്റായാണ് തുടക്കം.

ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിത സാഹചര്യങ്ങള്‍ പല അഭിമുഖങ്ങളിലും കാളി തുറന്നു പറഞ്ഞിട്ടുണ്ട്. പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു. വളര്‍ത്തച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരതകളെ പറ്റിയും കാളി തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. മൂന്ന് വിവാഹ ബന്ധങ്ങള്‍ ദുരന്തമായി മാറിയതും കാളി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതം തുറന്നുപറയുന്ന, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന, പ്രതിസന്ധികളെ പോരാട്ടങ്ങളാക്കി മാറ്റിയ ജീവിതാനുഭവങ്ങളുള്ള കാളി ബിഗ് ബോസ് വീട്ടില്‍ മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് തീര്‍ച്ചയായും ശക്തമായ ഒരു എതിരാളിയായിരിക്കും എന്നത് തീര്‍ച്ച.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming