അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
തിരുവനന്തപുരം: ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗമൂർച്ഛിച്ചതിനെ തുടർന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
2026 മാർച്ച് 25നാണ് എൻഡോമെട്രിയൽ കാർസിനോമ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് റോബിൻ രാധാകൃഷ്ണൻ പറയുന്നു. പിന്നീട് അങ്ങോട്ട് ആശുപത്രി സന്ദർശനവും ചികിത്സയും വേദയും പ്രാർത്ഥനകളുമായിരുന്നു ജീവിതമെന്ന് റോബിൻ പറയുന്നു. അമ്മ രോഗത്തോട് സധൈര്യം തന്നെ പോരാടിയെന്നും ആ ഘട്ടത്തിലും മറ്റുള്ളവർക്കവർ പ്രചോദനമായി നിന്നുവെന്നും റോബിൻ പറയുന്നു.
“2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല”, എന്നായിരുന്നു റോബിന്‍റെ വാക്കുകള്‍.



