മിനിസ്ക്രീൻ താരവും മോഡലുമായ ജസീല പർവീൺ ബിഗ് ബോസ് മലയാളം സീസൺ 8ലെ മത്സരാർത്ഥിയായി എത്തിയിരിക്കുന്നു.

ഒരിക്കൽ ബിഗ് ബോസ് മലയാളം അവസാന ലിസ്റ്റിൽ വരെ ഉയർന്നുകെട്ട പേര്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖം- വ്യക്തിത്വം. സീസൺ 6ൽ ഉണ്ടായില്ലെങ്കിൽ എന്താ, നടിയും മോഡലുമായ ജസീല പർവീണ്‍ സീസൺ 8ൽ മത്സരാർഥിയാണ്. മുൻ പങ്കാളിക്കെതിരെ ജസീല നൽകിയ ഗാർഹീക പീഡന പരാതിയാണ് സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞത്. താൻ നേരിട്ട ദുരനുഭവങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ച ജസീലയ്ക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. മുൻ പങ്കാളിക്കെതിരെ അവർ ഉന്നയിച്ചിട്ടുള്ള പരസ്യമായ പീഡനാരോപണങ്ങൾ ഇപ്പോഴും നിയമത്തിൻ്റെ പരിഗണനയിലാണ്. ബിഗ് ബോസ് വീട്ടിൽ ഈ വിഷയം ചർച്ചയാവുകയാണെങ്കിൽ, ഈ സീസണിലെ സംസാരവിഷയങ്ങളിൽ പ്രാധാന്യത്തോടെ ചർച്ചയാകാൻ സാധ്യതയുള്ള ഒന്നുമായിരിക്കുമത്.

കർണാടകയിലെ കൂർഗിലാണ് ജസീലയുടെ ജനനം. മിന്നി എന്ന് വിളിപ്പേര്. തെലുങ്ക് സിനിമയിലാണ് കരിയർ തുടങ്ങിയത്. 2018ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ച തേനും വയമ്പും എന്ന സീരിയലിലൂടെ മലയാളത്തിൽ അരങ്ങേറ്റം. മിനിസ്ക്രീൻ പ്രേക്ഷകർ ജസീലയെ കൂടുതൽ അറിയുന്നതും ഇഷ്ടപ്പെടുന്നതും സ്റ്റാർ മാജിക്ക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെയാണ്. ഈ ഷോയിലൂടെ തൻ്റെ കോമ്പറ്റേറ്റീവ് സ്പിരിറ്റ് തളിയിച്ചിട്ടുള്ളതാണ് ജസീല. ബിബി വീട്ടിലെ ഗെയിമുകളോടും അവിടുത്തെ ജീവിതത്തോടും പൊരുതാൻ ഇത് താരത്തിനു കരുത്താകും. മിനിസ്ക്രീനിൽ മാത്രമല്ല, 2025ൽ പെറ്റ് ഡിറ്റക്ടീവിലും ജസീല അഭിനയിച്ചിരുന്നു. ജിമ്മും വർക്കൗട്ടും ഏറെ ഇഷ്ടപ്പെടുന്ന താരത്തിൻ്റെ ഫിസീക്കും ഫിറ്റ്നസും ബിബി വീട്ടിൽ കരുത്തായേക്കും. സെലിബ്രിറ്റി ഗെയിംഷോ സ്റ്റാർമാജിക്കിൽ തൻ്റെ ടീമിനെ ജയത്തിലേയ്ക്ക് നയിക്കുന്നതിൽ ജസീലയുടെ ഫിസിക്കൽ ഫിറ്റ്നസ് വലിയ ഗുണം ചെയ്തിട്ടുണ്ട്. യാത്രകളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ജസീല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഉറുദു, മറാത്തി ഉൾപ്പെടെയുള്ള ഭാഷകൾ സംസാരിക്കും. കന്നഡ ഭാഷയിൽ മിനിസ്ക്രീൻ താരമായിരിക്കെയാണ് പൂർണ്ണമായും കേരളത്തിലേയ്ക്കും മലയാളത്തിലേയ്ക്കും ജസീല ചുവടുമാറ്റുന്നത്.

തേനും വയമ്പിലും മാത്രമല്ല, സീത, അല്ലിയാമ്പൽ, അനുഗ്രഹ ഗാനം പോലെ, സുമംഗലി ഭവ, നാമം ജപിക്കുന്ന വീട് തൂടങ്ങിയ സീരിയലുകളിലും ജസീല വേഷമിട്ടിട്ടുണ്ട്. 2024ൽ അനുഗ്രഹ ഗാനം പോലെ എന്ന സീരിയലിൽ അഭിനയിക്കവെയാണ് ബിഗ് ബോസ് സീസൺ 6ൽ ജസീലയുടെ പേര് ഉയർന്നുകേട്ടത്. ആദ്യം മുതലുള്ള പ്രഡിക്ഷൻ ലിസ്റ്റിലെല്ലാം ഉണ്ടായിരുന്നിട്ടും അവസാന നിമിഷം ജസീലയില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. 2025 സെപ്റ്റംബർ- നവംബർ മാസങ്ങളിലാണ് സെലിബ്രിറ്റി സ്റ്റാറ്റസിനപ്പുറം വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ജസീല വാർത്തകളിൽ നിറയാൻ തുടങ്ങിയത്. തൻ്റെ മുൻ പങ്കാളിയിൽ നിന്ന് നേരിടേണ്ടിവന്ന മാനസീക- ശാരീരിക പീഡനങ്ങൾ വെളിപ്പെടുത്തുകയായിരുന്നു താരം. 2025 ന്യൂയർ തലേന്ന് ഒരു തർക്കത്തിൽ അയാൾ തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറയുന്നു.

പൊലീസ് തൻ്റെ പരാതിയിൽ ഉടൻ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ശേഷം മാത്രമാണ് എഫ്ഐആർ ഇട്ടതെന്നും ജസീല ആരോപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും നീതിക്കായി പോരാടുകയാണ് താനെന്നും തൻ്റെ പോരാട്ടം നിശബ്ദരാക്കപ്പെട്ട ഇരകൾക്കായുള്ളതാണെന്നും ജസീല പറഞ്ഞിരുന്നു. ഈ കൊടുങ്കാറ്റുകളെ പിന്നിൽ വലിച്ചുകൊണ്ടാണ് ജസീല പർവിൻ ബിഗ് ബോസ് വീടിൻ്റെ പടികയറുന്നത്. നിയമത്തിൻ്റെ പരിഗണനയിൽ ഉള്ള വിഷയത്തെ എങ്ങനെയാകും ക്യാമറയ്ക്ക് മുന്നിൽ ജസീല കൈകാര്യം ചെയ്യുക? എന്തൊക്കെയാകും ജസീല ഉയർത്തുന്ന വിഷയങ്ങൾ? ഈ ബിഗ്ബോസ് വീട് ഇതിനൊക്കെ ഉത്തരം നൽകും. കാത്തിരുന്നു കാണാം...

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming