സോഷ്യൽ മീഡിയയിൽ അധികം പരിചിതയല്ലാത്ത ഐശ്വര്യ, മുൻ സീസണുകളിലെ ആർജെ മത്സരാർത്ഥികളെപ്പോലെ പ്രേക്ഷകശ്രദ്ധ നേടുമോ എന്നത് കണ്ടറിയണം

ബിഗ് ബോസ് മലയാളം മത്സരാര്‍ഥികളില്‍ എപ്പോഴും ഉണ്ടാവാറുള്ള ഒരു വിഭാഗമാണ് റേഡിയോ ജോക്കികള്‍. എഫ്എം സ്റ്റേഷനുകളിലൂടെ പ്രേക്ഷകരുമായി ഇടപെട്ട് ശീലമുള്ള ഇവര്‍ ബിഗ് ബോസിലും പലപ്പോഴും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. കിടിലം ഫിറോസ്, ആര്‍ജെ രഘു, ആര്‍ജെ സൂരജ്, ആര്‍ജെ ബിന്‍സി എന്നിവരൊക്കെ ബിഗ് ബോസ് മലയാളത്തിന്‍റെ മുന്‍ സീസണുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയവരാണ്. ഇത്തവണ ആ വിഭാഗത്തില്‍ രണ്ട് പേരാണ് ഉള്ളത്. ആര്‍ജെ അഞ്ജലിയും ആര്‍ജെ ഐശ്വര്യ മധുവും. ഇതില്‍ ഐശ്വര്യയേക്കാള്‍ ആളുകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പരിചയം അഞ്ജലിയെ ആയിരിക്കും.

ക്ലബ്ബ് എഫ്എമ്മില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ഐശ്വര്യ റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെയും ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള നിരവധി മത്സരാര്‍ഥികള്‍ ഉള്ള സീസണ്‍ ആണ് ഇത്. അക്കൂട്ടത്തില്‍ ആളുകള്‍ക്ക് അധികം പരിചയമില്ലാത്ത മത്സരാര്‍ഥികളില്‍ ഒരാളാണ് നിലവില്‍ ഐശ്വര്യ മധു. എന്നാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പുള്ള പ്രശസ്തിക്കൊന്നും വലിയ കാര്യമില്ലാത്ത ഇടമാണ് ഈ റിയാലിറ്റി ഷോ. കാരണം ആദ്യ ദിനം മുതല്‍ അവിടെയുള്ള അതിജീവനവും പ്രതികരണങ്ങളുമൊക്കെയാണ് ഒരു മത്സരാര്‍ഥിയുടെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കുന്നത് എന്നത് തന്നെ കാരണം.

പ്രേക്ഷകര്‍ക്ക് വലിയ പരിചയമില്ല എന്നത് ഐശ്വര്യയെപ്പോലുള്ള മത്സരാര്‍ഥികള്‍ക്ക് ഒരര്‍ഥത്തില്‍ അഡ്വാന്‍റേജുമാണ്. പ്രേക്ഷകര്‍ക്ക് അവരെക്കുറിച്ച് മുന്‍ധാരണകള്‍ ഇല്ല എന്നതാണ് ആ പ്ലസ്. ആര്‍ജെ മേഖലയില്‍ നിന്നെത്തിയ മുന്‍ സീസണ്‍ മത്സരാര്‍ഥികള്‍ക്കൊപ്പമോ അതിനേക്കാള്‍ മുകളിലോ പോകുമോ ഐശ്വര്യ എന്നത് കാത്തിരുന്ന് കാണാം. അതേസമയം ആദ്യ സീസണ്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ നിരവധി മത്സരാര്‍ഥികള്‍ എത്തിയിരിക്കുന്ന സീസണാണ് ഇത്തവണത്തേത്. അതിനാല്‍ത്തന്നെ ബിഗ് ബോസ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് ഈ സീസണിനെ വരവേല്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും അതിന്‍റെ സൂചനയുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming