ബിഗ് ബോസ് മലയാളം സീസൺ എട്ടില്‍ എട്ട് പേർ പുറത്തായെന്ന ഞെട്ടലിലാണ് മത്സരാർത്ഥികൾ
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ആവേശകരമായ അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജനാധിപത്യം തീം ആക്കിയിട്ടുള്ള ഈ സീസണില്‍ ക്യാപ്റ്റന്‍ എന്ന സ്ഥാനമില്ല, മറിച്ച് ലീഡര്‍ എന്നാണ് ഹൗസ് ഭരിക്കുന്ന മത്സരാര്‍ഥിയുടെ പേര്. ഷിജിന്‍ ആയിരുന്നു നാലാം വാരത്തിലെ ലീഡര്‍. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടന്ന മാസ് എവിക്ഷന്‍റെ ഞെട്ടലിലാണ് ഇപ്പോള്‍ മത്സരാര്‍ഥികള്‍. എട്ട് പേരാണ് ഹൗസില്‍ നിന്ന് പോയത്. എന്നാല്‍ അതില്‍ ആറ് പേര്‍ മാത്രമാണ് എവിക്റ്റ് ആയി പോയിരിക്കുന്നത്. മൃദുലയും അഞ്ജലിയും സീക്രട്ട് റൂമില്‍ ആണ്. എന്നാല്‍ എട്ട് പേരും എവിക്റ്റ് ആയി എന്നാണ് ഹൗസില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ കരുതുന്നത്. ആ ഞെട്ടലിന് പിന്നാലെയാണ് പുതുതായി നാല് വൈല്‍ഡ് കാര്‍ഡുകളും ഹൗസിലേക്ക് എത്തിയിരിക്കുന്നത്. അഞ്ചാം വാരത്തിലെ ലീഡര്‍ഷിപ്പിലേക്ക് ബിഗ് ബോസ് ഒരു കൗതുകവും പകര്‍ന്നു.
അഞ്ചാം വാരത്തില്‍ ലീഡര്‍ അല്ല, മറിച്ച് ലീഡര്‍മാര്‍ ആണ്. തിരഞ്ഞെടുപ്പുകളൊന്നുമില്ലാതെ നാല് പുതിയ വൈല്‍ഡ് കാര്‍ഡുകളെയും ലീഡര്‍മാര്‍ ആക്കുകയായിരുന്നു ബിഗ് ബോസ്. ഇവര്‍ ഒരുമിച്ചാണ് ഈ വാരം ഹൗസിനെ മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഹൗസിലെ നാല് പ്രധാന ജോലികളുടെ ക്യാപ്റ്റന്മാരും ഈ നാല് പേര്‍ തന്നെയാണ്. ഇവരോട് തങ്ങളുടെ ടീമിലേക്ക് ആളെ എടുത്തുകൊള്ളാനും ബിഗ് ബോസ് പറഞ്ഞു. എന്നാല്‍ നാലില്‍ ഓരോരുത്തരും ഏതൊക്കെ ടീമിന്‍റെ ക്യാപ്റ്റന്മാര്‍ ആവണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബിഗ് ബോസ് അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ക്ക് നല്‍കി. ഇതുപ്രകാരം സുവര്‍ണ ബാത്ത് റൂം ടീമിന്‍റെ ക്യാപ്റ്റനായും വിപിന്‍ ഫ്ലോര്‍ ടീമിന്‍റെ ക്യാപ്റ്റനായും വേദാംഗി കിച്ചണ്‍ ക്യാപ്റ്റനായും നിലീന വെസല്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
ബാത്ത് റൂം ടീം ക്യാപ്റ്റനായ സുവര്‍ണ വിക്കി, ആസിഫ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഫ്ലോര്‍ ക്യാപ്റ്റനായ വിപിന്‍ കൊമ്പന്‍, രാഹുല്‍, ഷിജിന്‍ എന്നിവരെയും കിച്ചണ്‍ ക്യാപ്റ്റനായ വേദാംഗി നേഹ, ഐശ്വര്യ, നോബി എന്നിവരെയും വെസല്‍ ടീം ക്യാപ്റ്റനായ നിലീന താഷി, ഗൗതം, എല്‍ദോ എന്നിവരെയും തിരഞ്ഞെടുത്തു. നാല് വൈല്‍ഡ് കാര്‍ഡുകളും കൂട്ടി 15 പേരാണ് ഹൗസില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അഞ്ജലിയെയും മൃദുലയെയും കൂട്ടിയാല്‍ ഇത് 17 ആയി.

