ഫ്രം ഡേ വൺ, കോമണർ പവർ ഉപയോഗിക്കുന്നതായിരുന്നു അനീഷിന്‍റെ രീതി. ബിബി വീട്ടിലേയ്ക്ക് കയറിയ നിമിഷം മുതൽ അനീഷ് ആറ്റിറ്റ്യൂഡ് പിടിച്ചു തുടങ്ങി. താനൊരു സാധാരണക്കാരനാണെന്നും താനെന്നും ഒറ്റയ്ക്കാണെന്നും ആവർത്തിക്കുന്നതായിരുന്നു അനീഷിന്‍റെ ഗെയിം

പ്രേക്ഷക ഹൃദയം കവർന്ന 'കോമൺ മാൻ' ബിഗ് ബോസ് റണ്ണറപ്പ് ആകുമ്പോൾ ബിഗ് ബോസിന്‍റെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട അധ്യായമാണ് തുറക്കപ്പെടുന്നത്. കോമണർ പവർ ഉപയോഗിച്ച്, ഫെയർ ഗെയിം കളിച്ച് കണ്ടന്‍റുകൾ നൽകി നേടിയ വിജയമാണ് അനീഷ് ടി എ എന്ന കോടന്നൂരുകാരന്‍റേത്. സാധാരണ ജനങ്ങളിൽ നിന്ന് പ്രത്യേക മത്സരം നടത്തിയാണ് കോമണേഴ്സിനെ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കുക. ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ അഞ്ചാം സീസണിലെ ഗോപികയായിരുന്നു. ഷോയിലെ നിർണായക സാന്നിധ്യമാകാൻ ഗോപികയ്ക്ക് കഴിയുകയും ചെയ്തു. ആറാം സീസണിൽ റെസ്‍മിനും നിഷാനയും കോമണേഴ്സായി എത്തി. ഇവരിൽ റെസ്‍മിൻ ഏതാണ്ട് അവസാന ഘട്ടം വരെ ബി ബി ഹൗസിൽ നിന്നു.

മുന്നേറ്റം ‘കോമണർ പവർ’ കരുത്തിൽ

ഫ്രം ഡേ വൺ, കോമണർ പവർ ഉപയോഗിക്കുന്നതായിരുന്നു അനീഷിന്‍റെ രീതി. ബി ബി വീട്ടിലേയ്ക്ക് കയറിയ തൊട്ടടുത്ത നിമിഷം മുതൽ അനീഷ് ആറ്റിറ്റ്യൂഡ് പിടിച്ചു തുടങ്ങി. താനൊരു സാധാരണക്കാരനാണെന്നും താനെന്നും ഒറ്റയ്ക്കാണെന്നും ആവർത്തിക്കുന്നതായിരുന്നു അനീഷിന്‍റെ ഗെയിം. ബി ബി വീട്ടിലെത്തിയവർ ഓരോരുത്തരായി പരസ്പരം പരിചയപ്പെടുകയും പരിചയം പുതുക്കുകയും ചെയ്തപ്പോൾ 'ആരാ മനസിലായില്ലല്ലോ' എന്നതായിരുന്നു അനീഷിന്‍റെ ഒരു ലൈൻ. പുറത്ത് നിങ്ങൾ ആരാണെങ്കിലും എന്താണെങ്കിലും ഇവിടെ അതൊന്നും വിലപ്പോവില്ല എന്നു വ്യക്തമാക്കുകയായിരുന്നു അയാൾ.

താനൊരു സാധാരണക്കാരൻ ആണെന്ന് ആവർത്തിക്കോമ്പോഴും ബി ബി വീട്ടിൽ മറ്റ് കണ്ടെസ്റ്റൻസിനിടയിൽ ഒരു ഡോമിനൻസ് ഉണ്ടാക്കിക്കൊണ്ടാണ് അയാൾ കളി തുടങ്ങിയത്. നിർബന്ധ ബുദ്ധിയോടെ പെരുമാറിയിരുന്ന അനീഷിനെ ആർക്കും ഇഷ്ടമില്ലാതെ പോവുക സ്വാഭാവികമാണ്. ഒരാളോടും അമ്പിനും വില്ലിനും അടുക്കാതെ ഇതേ ആറ്റിറ്റ്യൂഡ് പിടിച്ച് ആ വീട്ടിൽ മുഴുവൻ അയാൾ ഉലാത്തിക്കൊണ്ടിരുന്നു. അനീഷിന്‍റെ പ്രൊവോക്കിങ് സ്ട്രാറ്റർജി തുടക്കത്തിൽ നന്നായി ഏറ്റു. മത്സരാഥികളിൽ പലരും പ്രൊവോക്ക്ഡ് ആയി അനീഷിന് സ്ക്രീൻ സ്പേസും ഉണ്ടാക്കിക്കൊടുത്തു. സെലിബ്രിറ്റിക്കളും പരിചിത മുഖങ്ങളുമുള്ള ബി ബി വീട്ടിലും പുറത്തും അനീഷ് ചർച്ചാ വിഷയമായി. ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു പൊതു ശല്യമായി മാറിയ അനീഷിനെ പുറത്താക്കാൻ തന്നെയായിരുന്നു മറ്റ് മത്സരാർഥികളുടെ പദ്ധതിയെങ്കിലും ബിഗ് ബോസിന്‍റെ ക്യാപ്റ്റൻസി നോമിനേഷൻ, ഗെയിം ട്രാക്കിലാക്കാൻ പറ്റിയ ഏഴിന്‍റെ പണിയായി.

അമ്പിനും വില്ലിനും അടുക്കാത്ത പ്രകൃതം

കോമണർ കാർഡ് മുൻ സീസണിൽ കണ്ടിട്ടില്ലാത്ത വിധമായിരുന്നു അനീഷ് ഗെയിമിൽ പ്ലേസ് ചെയ്തത്. അമ്പിനും വില്ലിനും അടുക്കാത്ത പ്രകൃതമാണ് തുടക്കത്തിൽ തന്നെ വീട്ടിൽ അനീഷ് പ്രദർശിപ്പിച്ചത്. ഇയാൾ ഇതെന്ത് വെറുപ്പിക്കലാണെന്ന് തോന്നിയിടത്തുനിന്ന് ബി ബി വീടിനെ തനിക്ക് ചുറ്റും വട്ടം കറക്കാൻ അനീഷിനായി. കോമണർ പവർ ഉപയോഗിച്ച് അയാൾ നൽകിയതാണ് പിന്നീടുള്ള ദിവസങ്ങളിലെ കണ്ടന്‍റുകൾ. ഉപ്പൂറ്റിയാദ്യം തറയിൽ കുത്തി നേരെ മുന്നിലേയ്ക്ക് മാത്രം നോക്കി അനീഷിൻന്‍റെ സിഗ്നേച്ചർ വാക്ക്. ഒരേകാര്യം പലവട്ടം പറഞ്ഞ് വെറുപ്പിക്കും. മറ്റ് മത്സരാർഥികൾക്കും ബിഗ് ബോസ് വീടിനും ചെവിതല കേൾപ്പിക്കാതെ പറഞ്ഞത് ഒരു നൂറുവട്ടം ആവർത്തിക്കും. ഉറച്ച ശബ്ദത്തിൽ, താൻ പറയുന്നതാണ് ശരിയെന്ന ബോധ്യത്തിൽ. കണ്ണടച്ച് കിടക്കുന്നത് കണ്ടൂ, കഴുകടാ തുടങ്ങിയ അനീഷിന്‍റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിലുണ്ടാക്കിയ ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മാനിപ്പുലേഷൻ അനീഷിനടുത്ത് വർക്ക് ആവില്ല. എന്തൊക്കെ പറഞ്ഞാലും ഒരാളെയും വിശ്വാസവുമില്ല.

ജോലിയിൽ നിന്ന് അവധിയെടുത്ത് ബിഗ് ബോസ് പഠിച്ചു വന്നു എന്ന് പറയുമ്പോഴും സാഹചര്യത്തിനൊത്ത് സ്ട്രാറ്റജികൾ ഇറക്കുന്നയാളൊന്നും ആയിരുന്നില്ല അനീഷ്. ചുരുക്കം ഒന്നു രണ്ട് നമ്പറുകൾ മാത്രമേ അയാളുടെയടുത്തുള്ളൂ. അതുതന്നെ തുടർച്ചയായി പയറ്റിയതു കൊണ്ട് ഒരേ ഗ്രാഫിൽ തന്നെ അനീഷ് പോയത് ബിഗ് ബോസിലെ ഗെയിമുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മടുപ്പുണ്ടാക്കിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഒരാളെയും ഒറ്റപ്പെടാൻ വിടാത്ത അനീഷിന്‍റെ ഗെയിം ആണോ എന്ന് വ്യക്തമല്ലെങ്കിലും സഹായമായും ആശ്വാസമായും എല്ലാ കണ്ടസ്റ്റെൻസിനൊപ്പവും അനിഷുണ്ടായിട്ടുണ്ട്. എത്ര പരുക്കനായി പെരുമാറിയാലും എന്തു പ്രശ്നങ്ങൾ ഉണ്ടാക്കിയാലും തന്നെ, ഏല്പിച്ച ഡ്യൂട്ടികൾ കൃത്യമായി ചെയ്യാൻ അനീഷ് ശ്രദ്ധപുലർത്തിയിരുന്നു. തുടക്കത്തിലിറക്കി പതിയെ പാളിയ അനീഷിന്‍റെ സ്ട്രാറ്റർജി മലയാള ഭാഷയോടുള്ള സ്നേഹം മാത്രമാണ്.

സ്ത്രീ വിരുദ്ധത ബി ബി വീട്ടിൽ ഒരു പ്രധാന ടൂളാവുക പതിവാണ്. സ്ത്രീ വിരുദ്ധൻ എന്ന ടാഗിൽ അകത്തെത്തിയിട്ടും ആ ടാഗിൽ എവിടെയും അനീഷിനെ പ്രേക്ഷകർ കണ്ടിട്ടില്ല. ഗെയിമിൽ അഗ്രസീവ് ആയ ബിഹേവിയറുകൾ അനീഷിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ആരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുമെന്ന് തോന്നുന്നതൊന്നും അനീഷ് പറഞ്ഞിട്ടില്ല. ഒരാളെക്കുറിച്ചും തെറ്റായ അലിഗേഷനുകൾ ഉന്നയിച്ച് ബി ബി വീട്ടിൽ പ്രേക്ഷകർ അനീഷിനെ കണ്ടിട്ടില്ല. മറ്റുള്ളവർ ചെയ്തത് പോലെ ഒരാളുടെയും വിട്ടുകാരെ ആയുധമാക്കി ഉപയോഗിച്ചിട്ടില്ല. സഭ്യമല്ലാത്ത വാക്കുകളില്ല, പ്രവർത്തികളില്ല. സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റെയും ഛായയിൽ അനീഷിനെ കണ്ടെങ്കിലും അതൊരിക്കലും തണലാക്കിയുള്ള ഗെയിമുകൾ അനീഷിനുണ്ടായില്ല. ആദ്യാവസാനം ഒറ്റയാൻ ആകുക എന്നതായിരുന്നു അനീഷിന്‍റെ സ്ട്രാറ്റജി. ഒരാളെയും മാറ്റി നിർത്തി കുറ്റം പറയുന്ന പരിപാടിയില്ല, ബാക്ക് സ്റ്റാബുകളില്ല. പറയുന്നതത്രയും എല്ലാവരും കേൾക്കെമാത്രം.

തല മൊട്ടയടിക്കൽ ടാസ്കിലെ അനീഷിന്‍റെ ബ്രില്യൻസ് ബിഗ് ബോസ് സീസൺ 7 നിലെ മികച്ച ഗെയിം മൂവുകളിൽ ഒന്നായിരുന്നു. എന്തും ത്യജിക്കാനും സഹിക്കാനും കഴിയുന്ന ധൈര്യശാലികളെ തെരഞ്ഞെടുക്കുന്ന പണിപ്പുര ടാസ്ക് അനീഷ് ബ്രില്യന്‍റായി കളിച്ചത് ഈ സീസണിലെ ഏറ്റവും മികച്ച ഗെയിം മൂവുകളിൽ ഒന്നായി. ഫാമിലി വീക്കിൽ ടാസ്ക് കളിക്കാനാകാതെ ഒരുപാട് വികാരങ്ങളിലൂടെ കടന്നുപോകുന്ന അനീഷിനെ കണ്ടതും പ്രേക്ഷകർക്ക് പുതുമയുള്ള അനുഭവമായിരുന്നു. അനീഷിനോട് സുഹൃത്താവാൻ പറ്റില്ല, എന്തിനു ഒരു തമാശ പോലും പറയാനാകില്ല എന്ന് പറഞ്ഞിടത്തു നിന്ന് ബി ബി വീട്ടിലെ നൂറാം ദിനത്തിലെത്തുമ്പോൾ അനീഷ് സ്വീറ്റാണ്.

എന്‍റെ നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും ഒരാളും വരേണ്ടെന്നും തന്‍റെ മനസ് കല്ലാണെന്നും പറഞ്ഞിടത്ത് നിന്ന് അനീഷിന്‍റെ ട്രാൻസ്ഫോർമേഷൻ വലുതാണ്. ഒരു ലവ് ആൻഡ് ഹേറ്റ് റിലേഷൻഷിപ്പായിരുന്നു ഷാനവാസും അനീഷും തമ്മിലുണ്ടായിരുന്നത്. രണ്ടു തരത്തിൽ കരുത്തരായ, തങ്ങളുടേതായ ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത മത്സരാർഥികളുടെ ഫ്രെണ്ട്ഷിപ്പ് കോമ്പോ. അനീഷുമായി ഷാനവാസ് ഉണ്ടാക്കുന്ന സൗഹൃദം - രസത്തിനപ്പുറം ഒരു പോയിന്‍റിൽ അനീഷിന്‍റെ ഗെയിം വീക്കാക്കി. ഷാനവാസ് എന്തു ചെയ്താലും സപ്പോർട്ട് ചെയ്യുന്ന അനീഷ് ആ സമയം വീടിനകത്തും പുറത്തും വിമർശിക്കപ്പെട്ടു. തന്‍റെ ഗെയിമിനെ സൗഹൃദം ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇലയ്ക്കും മുള്ളിനും കേടില്ലാതെ സൗഹൃദത്തിനു കോട്ടമുണ്ടാക്കാതെ സ്വന്തം ഗെയിമിലേയ്ക്ക് മടങ്ങാനും അനീഷിനായി. സൗഹൃദത്തിലാണെന്ന് പറയുമ്പോഴും ഗ്രൂപ്പ് ഗെയിമല്ല അനീഷിന്‍റേത്. ബിഗ് ബോസ് സീസൺ സെവണിൽ ഒരു ഗ്രൂപ്പിലും ഇല്ലാതെ ഗെയിം കളിച്ച ഒരേഒരു മത്സരാഥിയും അനീഷ് തന്നെയായിരുന്നു.

അവസാന ആഴ്ചയോടടുക്കുമ്പോൾ പറഞ്ഞ പ്രണയം ഗെയിം സ്ട്രാറ്റജിയാണെന്നും അല്ലെന്നും രണ്ട് അഭിപ്രായങ്ങൾ പ്രേക്ഷകർക്കിടയിലുണ്ടായി. എന്നാൽ അനുവിനോട് പ്രണയം പറഞ്ഞതിലെയും അനുവിന്‍റെ മറുപടിയെ ബഹുമാനിച്ച് അത് പറഞ്ഞ് അവസാനിപ്പിച്ചതിലെയും മാന്യതയും പ്രേക്ഷകർക്കിടയിൽ ഇംപാക്റ്റ് ഉണ്ടാക്കി. അനീഷിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളിയതിൽ പ്രധാന പങ്ക് ബി ബി വീടിന്‍റെ ഗെയിം മാറ്റിയ മുൻമത്സരാഥികളുടെ റീ എൻട്രിക്കുണ്ട്. അനുവിനോട് ഇഷ്ടം പറയുന്നതിന് മുൻപ് വരെ അവരുടെ പ്രശ്നങ്ങളിൽ ഒപ്പം നിന്നിരുന്നയാൾ അതിന് ശേഷം കൂടെനിന്നില്ല എന്ന വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഉന്നയിച്ചു.

പ്രണയം പറഞ്ഞ് മാന്യതയോടെ അവസാനിപ്പിച്ച അനീഷ്, പക്ഷേ ബി ബി വീട്ടിലേയ്ക്ക് മടങ്ങിയെത്തിയവർ ഇതേവിഷയത്തിൽ അനുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് മുഖം തിരിച്ചു. പ്രപ്പോസൽ വിഷയം തനിക്കെതിരെ മുൻഷി ആയുധമാക്കിയപ്പോൾ കൃത്യമായി തടഞ്ഞ അനീഷ് അനുവിനു വേണ്ടി ഒരു വാക്ക് മിണ്ടിയില്ലെന്നായിരുന്നു വിമർശനങ്ങൾ. ഇതേ കാരണങ്ങൾ കൊണ്ടു തന്നെ അനീഷിനെ ബി ബി ക്യാമറകളിൽ പ്രേക്ഷകർ കണ്ടിട്ടുമില്ല. ബി ബി കപ്പ് എടുക്കേണ്ടത് അനീഷായിരുന്നെന്നും ഒരാഴ്ച കോണ്ട് കളി മാറിയെന്നും പറയുന്നവരുടെ വാദം ഇതാണ്.

എന്നാൽ ഇതിനൊക്കെയപ്പുറം വീടിനകത്തെ അനീഷേട്ടൻ എന്ന വിളി വെറുതെയല്ല. ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഏറ്റവും ശ്രദ്ധേയനും, ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതുമായ മത്സരാർത്ഥികളിൽ ഒരാൾ. കോമണറായി എത്തി പ്രേക്ഷക മനസിൽ വിജയിയായി മടങ്ങുന്നത് അയാളുടെ വ്യക്തിത്വം കൊണ്ടു കുടിയാണ്. അനീഷ് തന്നെ പറഞ്ഞതുപോലെ പ്രേക്ഷകർക്ക് നിങ്ങളോട് എന്തോ ഒരു ഇഷ്ടം, സ്നേഹം, കെയറിങ് ഒക്കെയുണ്ട്. ബിഗ് ബോസ് സീസണുകളിലെ എക്കാലവും ഓർത്തിരിക്കുന്ന മത്സരാർഥിയാകും അനീഷ് എന്നതിൽ പ്രേക്ഷകർക്ക് തർക്കമുണ്ടാകാനിടയില്ല.

YouTube video player