ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ എപ്പിസോഡിൽ തുടങ്ങിയ വീക്കിലി ടാസ്കുമായി ബന്ധപ്പെട്ട പോയിന്റ് പങ്കുവയ്ക്കൽ വലിയ തർക്കങ്ങളിലും വാക് പോരിലുമാണ് കാര്യങ്ങൾ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രധാന തർക്കം റംസാനും സജിനയും തമ്മിലായിരുന്നു.

നിയമപാലകരായി എത്തിയവരിൽ ഗാർഡുമാരായിരുന്നു സജിനയും റംസാനും. ഇതിൽ നിന്ന് ലഭിച്ച പോയിന്റുകൾ വീതം വയ്ക്കുമ്പോൾ ഇരുവരും തർക്കത്തിലേർപ്പെടുകയായിരുന്നു. എന്നാൽ ഗുരുതരമായ ആരോപണമാണ് സജിന റംസാനെതിരെ ഉന്നയിച്ചത്.  എന്നാൽ അതിന് പിന്നാലെ ഫിറോസ് റംസാനുമായി സംസാരിച്ചു. ഗെയിമിന്റെ ഭാഗമായുള്ള ചർച്ചകൾ ആകാമന്നും, പക്ഷെ ഭർത്താവെന്ന നിലയിൽ, എടീ, പോടീ..തുടങ്ങിയ പരാമർശങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും ഫിറോസ് റംസാനോട് പറഞ്ഞു.

എന്നാൽ തന്നെ കൊച്ചാക്കുന്ന തരത്തിലുള്ള സംസാരം എന്റെടുത്ത് പറയുന്നത് തനിക്കിഷ്ടമല്ലെന്നായിരുന്നു റംസാന്റെ മറുപടി. അതുപോലെ വളരെ ശാന്തമായി സംസാരിച്ച എന്റെയടുത്ത് ചൂടായത് സജിനയാണെന്നും എല്ലാത്തിനും അനൂപ് സാക്ഷിയാണെന്നും റംസാൻ പറഞ്ഞു.

തന്നെ തെറ്റിദ്ധരിച്ചേക്കാവുന്ന തരത്തിൽ എന്റെ ഭർത്താവ് നിൽക്കുന്നതോളം അടുത്താണ് റംസാൻ നിന്ന് സംസാരിച്ചതെന്ന് സജിന മണിക്കുട്ടനോട് പഞ്ഞു.  'എന്റെ ഭർത്താവ് നിൽക്കുന്നത് പോലെ എന്റെയടുത്ത് വന്നുനിന്ന് സംസാരിച്ചു.  ആണുങ്ങളും ആണുങ്ങളും നിൽക്കുമ്പോലെയാണ് അവൻ സംസാരിച്ചത്. കാമറയ്ക്ക് നേരെ മുന്നിലാണ് നിൽക്കുന്നത്.  ഇത് എയർ ചെയ്ത് പോകുമ്പോൾ എന്തൊക്കെ കമന്റ് വരുമെന്ന് അറിയാമോ'-  എന്നുമാണ് സജിന ചോദിച്ചത്.

അയ്യേ, അത്തരത്തിൽ ചിന്തിക്കരുതെന്ന് ക്യാപ്റ്റനായ മണിക്കുട്ടൻ പറഞ്ഞു. കാമറയിലുള്ളതല്ലാതെ മറ്റെന്തെങ്കിലും തരത്തിലൊന്നും അവർ ചെയ്യില്ലെന്നും ബിഗ് ബോസ് അതിന് മറുപടി തരുമെന്നും മണിക്കുട്ടൻ പറഞ്ഞു. ഒടുവിൽ ഫിറോസ് സജിനയോട് കാര്യങ്ങൾ സംസാരിക്കുന്നതും കാണാമായിരുന്നു. റംസാൻ പറഞ്ഞ കാര്യങ്ങൾ സജിനയോട് പറഞ്ഞ ഫിറോസ്, ഗെയിമിൽ തർക്കങ്ങളുണ്ടാകുമെന്നും പക്ഷെ മറ്റ് മോശം വാക് പ്രയോഗങ്ങൾ ശരിയല്ലെന്നും വ്യക്തമാക്കി.