ബിഗ് ബോസ് മലയാളം സീസൺ 8 ലെ അഞ്ചാം വാരാന്ത്യത്തില്‍ അപ്രതീക്ഷിത എവിക്ഷൻ
ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മറ്റൊരു ഞെട്ടിക്കുന്ന എവിക്ഷന്‍. അഗ്നിപരീക്ഷയിലൂടെ ഈ സീസണിലേക്ക് മത്സരാര്‍ഥിയായി ആദ്യം എന്‍ട്രി ലഭിച്ച എല്‍ദോ ആണ് അഞ്ചാം വാരത്തില്‍ എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. ഈ സീസണിന്‍റെ മുഖങ്ങളില്‍ ഒന്നായിരുന്നു എല്‍ദോ. വന്നപ്പോള്‍ത്തന്നെ ഒരു രാഷ്ട്രീയ നേതാവിനോട് ഉപമിക്കാവുന്ന തരത്തിലുള്ള തന്‍റെ വാക്ചാതുരി എല്‍ദോ പ്രകടിപ്പിച്ചിരുന്നു. ആദ്യ ആഴ്ചകളില്‍ ഹൗസില്‍ നല്ല പേരെടുക്കാനും എല്‍ദോയെ ഇത് സഹായിച്ചു. ജസീല ലീഡര്‍ ആയ ആദ്യ വാരം പ്രതിപക്ഷ നേതാവായി കൈയടി നേടിക്കൊണ്ടായിരുന്നു എല്‍ദോയുടെ സീസണ്‍ 8 ലെ തുടക്കം. എന്നാല്‍ അഞ്ച് വാരത്തിനപ്പുറം പോകാന്‍ എല്‍ദോയ്ക്ക് സാധിച്ചില്ല.
എല്‍ദോയെ കൂടാതെ ഗൗതം ശശി, ഐശ്വര്യ, താഷി, വിക്കി തഗ്, ആസിഫ്, രാഹുല്‍ ഈശ്വര്‍, ഷിജിന്‍, കടല്‍ കൊമ്പന്‍ എന്നിവരൊക്കെ ഇത്തവണത്തെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ഓരോരുത്തരുടെയും പേരുകള്‍ എഴുതിയ കാര്‍ഡുകള്‍ ഒരുമിച്ച് കൊണ്ടുവച്ച് ഓരോരുത്തരോടായി സ്വന്തം കാര്‍ഡുകള്‍ എടുത്ത് നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍. ഇങ്ങനെ ഓരോരുത്തരെയായി വിളിക്കുകയും അവരൊക്കെ കാര്‍ഡ് നോക്കി സേവ്ഡ് എന്ന് എഴുതിയത് ഉറക്കെ വായിക്കുകയും ചെയ്തു. ഒടുവില്‍ അവശേഷിച്ച രണ്ട് പേര്‍ ഗൗതം ശശിയും എല്‍ദോയും ആയിരുന്നു. ആ ഘട്ടത്തില്‍ മുഖത്ത് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നത് എല്‍ദോയ്ക്ക് ആയിരുന്നു. എന്നാല്‍ പ്രേക്ഷകവിധി മറ്റൊന്നായിരുന്നു.
സീസണ്‍ 8 നെ സംബന്ധിച്ച് ഞെട്ടിക്കുന്ന എവിക്ഷനുകളില്‍ ഒന്നായിരുന്നു എല്‍ദോയുടേത്. സാധാരണ എവിക്ഷനുകളില്‍ കാണാത്ത രീതിയില്‍ എല്‍ദോയില്‍ കണ്ട ഒരു പോസിറ്റീവ് കാര്യം പറയാന്‍ മോഹന്‍ലാല്‍ ഓരോ സഹമത്സരാര്‍ഥിയോടും ആവശ്യപ്പെട്ടു. അവര്‍ അത് പറയുകയും ചെയ്തു. തല ഉയര്‍ത്തി പിടിച്ച് തന്‍റെ അടുക്കലേക്ക് വരാനാണ് എല്‍ദോയോട് ഒടുവില്‍ മോഹന്‍ലാല്‍ പറഞ്ഞത്. തന്‍റെ യഥാര്‍ഥ ബിഗ് ബോസ് പുറത്താണെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് എല്‍ദോ പോയത്. കഴിഞ്ഞ വാരം നടന്ന മാസ് എവിക്ഷനില്‍ ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള ശ്രദ്ധേയരായ പല മത്സരാര്‍ഥികളും പുറത്ത് പോയിരുന്നു. പകരം നാല് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയതില്‍ ഒരാള്‍ സ്വന്തം തീരുമാനപ്രകാരം ക്വിറ്റ് ചെയ്തിരുന്നു.

