ഈ സീസണില്‍ ബിഗ് ബോസിലെ ആദ്യ ജയിൽ നോമിനേഷൻ നടന്നു.

ബിഗ് ബോസില്‍ ഓരോ ആഴ്ചയും പ്രേക്ഷകശ്രദ്ധ നേടുന്ന ഒന്നാണ് ജയില്‍ നോമിനേഷന്‍. ആ വാരം മോശം പ്രകടനം നടത്തിയ ആളുകളെ മത്സരാര്‍ഥികളില്‍ നിന്ന് അവര്‍ തന്നെ തിരഞ്ഞെടുത്താണ് ജയില്‍ വാസത്തിന് അയക്കാറ്. ഈ സീസണിലെ ആദ്യ ജയില്‍ നോമിനേഷന്‍ ഇന്ന് നടന്നു. രണ്ട് പേര്‍ ജയിലിലേക്കും പോയി. എന്നാല്‍ ബിഗ് ബോസ് ജയിലിന് പകരം മറ്റൊരു ഓപ്ഷനും ലീഡര്‍ക്കും അനുയായികള്‍ക്കുമായി നല്‍കിയിരുന്നു. മോശം പ്രകടനം നടത്തിയവരെ ഒന്നുകില്‍ ജയിലിലേക്കോ അല്ലെങ്കില്‍ നേരിട്ടുള്ള നോമിനേഷനിലേക്കോ അയക്കാം എന്നതായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്. എന്നാല്‍ നേരിട്ടുള്ള നോമിനേഷന്‍ ഒഴിവാക്കി ജയില്‍ ശിക്ഷ തന്നെ മതി എന്നായിരുന്നു അവരുടെ തീരുമാനം.

ഇതുപ്രകാരം മത്സരാര്‍ഥികളില്‍ ഏറ്റവുമധികം പേര്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് കടല്‍ കൊമ്പനെ ആയിരുന്നു. 12 വോട്ടുകളാണ് കൊമ്പന് ലഭിച്ചത്. ജയിലിലേക്ക് രണ്ടാമത് ഏറ്റവുമധികം വോട്ട് ലഭിച്ചത് ശ്രീലയയ്ക്ക് ആയിരുന്നു, 9 വോട്ടുകള്‍. മൂന്നാമതായി 5 വോട്ടുകളോട് ശ്രീലക്ഷ്മിയും എത്തി. തങ്ങളെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കരുത് എന്ന് വിശദീകരിക്കാന്‍ ഈ മൂന്ന് പേര്‍ക്കും ബിഗ് ബോസ് പിന്നാലെ അവസരം നല്‍കി. ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചത് ശ്രീലക്ഷ്മി അറയ്ക്കല്‍ മാത്രമായിരുന്നു. മറ്റ് രണ്ട് പേരും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ നിന്നില്ല. പകരം ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന് പറയുകയായിരുന്നു.

വീക്കിലി ടാസ്കിനിടയില്‍ സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന തരത്തില്‍ സംസാരിച്ചു എന്നതായിരുന്നു കടല്‍ കൊമ്പന്‍ നേരിട്ട പ്രധാന വിമര്‍ശനം. ആണുങ്ങളെപ്പോലെ കളിക്കെടാ എന്ന് എതിരാളികളില്‍ പലരോടും കൊമ്പന്‍ ടാസ്കിനിടെ പറഞ്ഞിരുന്നു. ശ്രീലയ ആക്റ്റീവ് ആല്ല എന്നാണ് ജയില്‍ നോമിനേഷന്‍റെ സമയത്ത് മറ്റ് മത്സരാര്‍ഥികള്‍ പറഞ്ഞത്. ശ്രീലക്ഷ്മി അറയ്ക്കലിന്‍റെ ചില പെരുമാറ്റ രീതികളും വിമര്‍ശിക്കപ്പെട്ടു. ശ്രീലക്ഷ്മിയെ കൂടുതല്‍ വിമര്‍ശിച്ചത് ആര്‍ജെ അഞ്ജലി ആയിരുന്നു. തന്‍റെ ഭാഗം ശ്രീലക്ഷ്മി വിശദീകരിച്ചതിന് പിന്നാലെ ജയിലിലേക്ക് കടല്‍ കൊമ്പന്‍റെയും ശ്രീലയയുടെയും പേരുകള്‍ മത്സരാര്‍ഥികള്‍ ഉറപ്പിച്ചു. അങ്ങനെ ഈ സീസണിലെ ആദ്യ ജയില്‍ശിക്ഷ ആരംഭിച്ചു. ഇക്കുറി ഹൗസിന് അകത്ത് തന്നെയാണ് ജയില്‍ എന്ന പ്രത്യേകതയും ഉണ്ട്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming