ബിഗ് ബോസ് സീസൺ എട്ടിലെ ആദ്യ ലീഡറായ ജസീല പർവീണിന്റെ സ്വഭാവമാറ്റം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. തുടക്കത്തിൽ പക്വതയോടെ പെരുമാറിയ ജസീല, പിന്നീട് ഭൂരിപക്ഷ തീരുമാനം ലംഘിച്ച് ഗായത്രിയെ പുറത്താക്കി.
ജസീല പർവീൺ ആണ് ബിഗ് ബോസ് സീസൺ ഏട്ടിലെ ആദ്യ ലീഡർ. ഷോ തുടങ്ങി ഒരാഴ്ച ആയെന്നിരിക്കെ ജസീലയുടെ തുടക്കത്തിലെ ആറ്റിറ്റ്യൂഡും ഇപ്പോഴത്തെ ആറ്റിറ്റ്യൂഡും തമ്മിലുള്ള വ്യത്യാസമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ഭൂരിപക്ഷ മത്സരാർത്ഥികളുടെയും തീരുമാനപ്രകാരമാണ് ജസീല ഹൗസിൽ ആദ്യ ലീഡർ സ്ഥാനത്ത് എത്തുന്നത്. അനുയായികളായി മൃദുല, സുമേഷ് എന്നിവരും കൂടെയുണ്ടായിരുന്നു. ഷോ തുടങ്ങിയ ആദ്യ ദിവസം വളരെ കൂളായി, കാര്യങ്ങളെയെല്ലാം പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒരു മത്സരാർത്ഥിയായാണ് ജസീലയെ പ്രേക്ഷകർ വിലയിരുത്തിയത്.
എന്നാൽ ജനസഭ കൂടിയെടുത്ത തീരുമാനത്തെ പിന്തള്ളി റിനിയ്ക്ക് പകരം ഗായത്രിയെ പുറത്താക്കിയ ജസീലയുടെ തീരുമാനത്തിൽ നിന്നാണ് പ്രേക്ഷകർക്ക് ജസീലയെക്കുറിച്ചുള്ള ചിന്ത മാറിത്തുടങ്ങിയത്. ഷോയുടെ തീമായ ഡെമോക്രസി മറന്ന് സ്വാർത്ഥതാല്പര്യങ്ങൾക്കാണ് ജസീല പ്രാധാന്യം നൽകിയത്. അനുയായികളായി കൂടെയുണ്ടായിരുന്ന മൃദുലയും സുമേഷും ആ തീരുമാനത്തെ പിന്താങ്ങി എന്നുള്ളതാണ് മറ്റൊരു വിഷയം. സ്വാർത്ഥത മാത്രമല്ല അധികാരം നിലനിർത്താൻ വേണ്ടി ഏത് തരത്തിലുള്ള റൂഡ് ആറ്റിറ്റിയൂഡ് എടുക്കാനും ജസീലയ്ക്ക് യാതൊരു മടിയുമില്ല.
ജസീലയുടെ സ്വാർത്ഥ താൽപ്പര്യം നോമിനേഷൻ പ്രക്രിയയിൽ ആദ്യം തുറന്ന് കാട്ടുന്നത് ഷിജിൻ ആണ്. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുകയും കാര്യങ്ങളെ മാനിപുലേറ്റ് ചെയ്ത് വളച്ചൊടിക്കുകയും ചെയ്യുന്ന ആളാണ് ജസീല എന്ന് ഷിജിൻ തുറന്നുപറയുകയുണ്ടായി. തുടർന്ന് ലോലീറ്റ, നേഹ എന്നിവരും ജസീലയുടെ ഈ ബിഹേവിയർ ശരിയല്ലെന്ന് പറഞ്ഞിരുന്നു. ബോസ്സി സ്വഭാവമാണ് ജസീലയ്‌ക്കെന്നാണ് ലോലീറ്റ പറഞ്ഞത്. ഒരാൾ കാര്യങ്ങൾ പറയുമ്പോൾ അല്ലെങ്കിൽ പറഞ്ഞുതരുമ്പോൾ അത് കേൾക്കാൻ കൂടി കൂട്ടാക്കാതെ ഞാൻ എന്ന ഭാവത്തിലാണ് ജസീല പെരുമാറുന്നതെന്ന് നേഹയും സൂചിപ്പിച്ചിരുന്നു.
ജസീലയുടെ ഈ സ്വഭാവം നല്ലതല്ല എന്നാണ് പ്രേക്ഷകരുടെയും നിലവിലെ അഭിപ്രായം. ശെരിയാണ് ഒരു ലീഡറാവുമ്പോൾ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണ്ടിവരും, സംസാരിക്കുന്ന ടോണിൽ ഒരുപക്ഷെ കുറച്ച് കടുപ്പവും വന്നെന്നിരിക്കും. എന്നാൽ ലീഡറെന്നു കരുതി സകല കാര്യങ്ങളും തീരുമാനിച്ച് ഓരോ തീരുമാനവും സഹമത്സരാർത്ഥികളുടെമേൽ അടിച്ചമർത്തി അധികാരം നിലനിർത്താൻ നോക്കുന്നത് ശരിയായ കാര്യമല്ല. ഞാൻ ഇങ്ങനെയേ ചെയ്യൂ, ഇങ്ങനെയേ പെരുമാറൂ , നീയൊക്കെ എന്ത് ചെയ്യും എന്ന പെരുമാറ്റമാണ് പലപ്പോഴും ജസീലയുടേത്.
ജസീല ഒരു ക്യാപ്റ്റൻ ആയതുകൊണ്ട് ഒരാളെ അങ് തൂക്കി ഹൗസിന് പുറത്താക്കാൻ മാത്രമുള്ള പവർ ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം മത്സരാർത്ഥിയായ നോബി ചോദിക്കുകയുണ്ടായി. എങ്കിലും ബിഗ്‌ബോസ് ഹൗസിൽ ആദ്യ ന്യൂസ് പേപ്പർ കിട്ടിയതോടെയാണ് പ്രതിപക്ഷം ഉണർന്നത്. ഗായത്രിയെപ്പുറത്താക്കിയതും അധികാരത്തിന് വേണ്ടി പണം ചെലാവാക്കാതെ മത്സരാര്ഥികളോട് ടാസ്ക് ചെയ്യാൻ നിർദ്ദേശിച്ചതുമൊക്കെ ഇക്കഴിഞ്ഞ ദിവസം മാത്രമാണ് ഹൗസിൽ ചർച്ചയായത്. അധികാരത്തിൽ തുടരുന്ന ജസീലയെയും അനുയായികളെയും പുറത്താക്കണമെന്ന് പറഞ്ഞുകൊണ്ട് ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഹൗസിൽ നടന്നു എന്നല്ലാതെ ഗായത്രിക്ക് എന്തുപറ്റി ഗായത്രി തിരികെ വരുമോ അങ്ങനെ കൊണ്ടുവരാൻ കഴിയുമോ എന്നൊന്നും ആരും ഇതുവരെ പബ്ലിക് ആയി ബിഗ് ബോസിനോട് ചോദിച്ചിട്ടില്ല. ഡെമോക്രസി എന്ന തീം മനസ്സിലാക്കാതെയാണ് മത്സരാർത്ഥികളെല്ലാം സത്യത്തിൽ ഇപ്പോൾ ഗെയിം കളിക്കുന്നത്. വീകെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്ന് കാര്യങ്ങളെല്ലാം ഒന്ന് വൃത്തിയായി അവതരിപ്പിച്ചാൽ ഒരുപക്ഷെ ഷോ കേറി വരാൻ സാധ്യതയുണ്ട്.



