ബിഗ് ബോസ് വീട്ടിലെ മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് ജസീല പർവീൺ കൺഫെഷൻ റൂമിൽ തന്‍റെ ബുദ്ധിമുട്ടുകൾ പങ്കുവച്ചു

നൂറ് ദിവസം ഉറ്റവരില്‍ നിന്നെല്ലാം വേര്‍പെട്ട്, പുറംലോകവുമായി ബന്ധമൊന്നുമില്ലാത്ത അടച്ചിട്ട ഒരു വലിയ വീട്ടില്‍ അപരിചിതരായ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം കഴിയുക. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ഫോര്‍മാറ്റ് തന്നെയാണ്. ദിവസങ്ങളും ആഴ്ചകളും നീളുമ്പോള്‍ ചിലര്‍ ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകും. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെയും വരും. ബിഗ് ബോസില്‍ എല്ലാ മത്സരാര്‍ഥികളും സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നതിലാണ് കാര്യം. താന്‍ നേരിടുന്ന മാനസിക പ്രയാസത്തെക്കുറിച്ച് ബിഗ് ബോസിനോട് ഏറ്റവുമൊടുവില്‍ പറഞ്ഞത് ജസീല പര്‍വീണ്‍ ആണ്.

ജസീലയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇവിടുത്തെ ആഹാരം തനിക്ക് പറ്റുന്നില്ലെന്നും മരുന്ന് കഴിക്കുന്നതിനാല്‍ ലഭിക്കുന്ന ആഹാരം മതിയാവുന്നില്ലെന്നുമാണ് ജസീല പറഞ്ഞത്. ഇവിടെ എല്ലാം റേഷന്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ലേ വന്നത് എന്നായിരുന്നു ബിഗ് ബോസിന്‍റെ മറുചോദ്യം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ബിഗ് ബോസ് പറഞ്ഞു. പിന്നാലെ നോബി പറഞ്ഞതായി കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ താന്‍ അറി‍ഞ്ഞ കാര്യം ഉണ്ടാക്കിയ മാനസിക പ്രയാസത്തെക്കുറിച്ചും ജസീല പറഞ്ഞു. വീട്ടുകാര്‍ ഇതൊക്കെ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്ക ഉണ്ടെന്നും. അത്തരം ആശങ്കകള്‍ വേണ്ടെന്നും അതുകൊണ്ടാണ് മോഹന്‍ലാല്‍ കഴിഞ്ഞ വാരാന്ത്യ എപ്പോസോഡില്‍ അതെല്ലാം പറഞ്ഞ് ക്ലിയര്‍ ആക്കിയതെന്നും ബിഗ് ബോസ് അറിയിച്ചു. ജസീലയെ സമാധാനിപ്പിച്ചാണ് കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ബിഗ് ബോസ് പറഞ്ഞയച്ചത്.

ഈ സീസണിലെ ആദ്യത്തെ ലീഡര്‍ ആയിരുന്നു ജസീല പര്‍വീണ്‍. ജനാധിപത്യം തീം ആയി വരുന്ന ഇത്തവണത്തെ ബിഗ് ബോസില്‍ ക്യാപ്റ്റന്‍ ഇല്ല. മറിച്ച് ഹൗസിനെ നയിക്കാന്‍ ഓരോ വാരവും തിരഞ്ഞെടുക്കപ്പെടുന്നവരെ ലീഡര്‍ എന്നാണ് വിളിക്കുന്നത്. അതേസമയം പുതിയ വീക്കിലി ടാസ്ക് ഹൗസില്‍ പൊടിപൊടിക്കുകയാണ്. ഹൊറര്‍ എലമെന്‍റ് ഉള്ള രസകരമായ ടാസ്ക് ആണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഇക്കുറി വീക്കിലി ടാസ്ക് ആയി നല്‍കിയിരിക്കുന്നത്. ഗ്രാമവാസികള്‍, അമാനുഷികര്‍ എന്നിങ്ങനെ രണ്ട് ടീം ആയിട്ടാണ് എല്ലാവരും മത്സരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming