ക്യാപ്റ്റൻ ഷിജിൻ ഒഴികെ ബാക്കി എല്ലാവരും നോമിനേഷനിൽ ഉള്ളതിനാൽ മത്സരം കടുത്തതാണ്.
ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാസ് എവിക്ഷന്‍ അരങ്ങേറാന്‍ പോകുന്നു. ഒന്നോ രണ്ടോ പേരാണ് സാധാരണ ഗതിയില്‍ ഷോയില്‍ നിന്ന് വാരാന്ത്യത്തില്‍ നടക്കുന്ന എവിക്ഷനില്‍ പുറത്താവുകയെങ്കില്‍ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഞെട്ടിക്കുന്ന എവിക്ഷനാണ് വരുന്ന വാരാന്ത്യത്തില്‍ നടക്കാന്‍ പോകുന്നത് എന്നാണ് അറിവ്. മൂന്ന് മുതല്‍ ആറ് പേര്‍ വരെ പുറത്തേക്ക് പോകാനുള്ള സാധ്യതയാണ് തുറക്കുന്നത്. ശനിയാഴ്ചയാവും മാസ് എവിക്ഷന്‍ എപ്പിസോഡ് കാണാനാവുക എന്നും വിവരമുണ്ട്. ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഷിജിന്‍ ഒഴികെ നിലവില്‍ ഹൗസിലുള്ള എല്ലാവരും ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട് എന്നത് ഇതിനെ കൂടുതല്‍ ആവേശകരമാക്കുന്നു. ഈ ദിനങ്ങളിലെ പെര്‍ഫോമന്‍സ് മത്സരാര്‍ഥികളെ സംബന്ധിച്ച് അത്രയും പ്രധാനമാണെന്ന് സാരം. അത് അവര്‍ അറിയുന്നില്ലെങ്കിലും. അതേസമയം ഒരു മാസ് എവിക്ഷന്‍ നടക്കുന്നപക്ഷം പുറത്താവുന്നത് ആരൊക്കെയാവും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതുവരെയുള്ള പ്രകടനങ്ങള്‍ വച്ച് മത്സരാര്‍ഥികളുടെ സാധ്യതകള്‍ ഒന്ന് വിലയിരുത്തി നോക്കാം.
സാധ്യതകള്‍
21 പേരുമായി യാത്രതുടങ്ങിയ ബിഗ് ബോസ് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വീട്ടിൽ ബാക്കിയുള്ളത് 19 പേരാണ്. ഇതുവരെ ഈ സീസണിൽ ഒരു മത്സരാർത്ഥിക്കും പുറത്ത് വലിയൊരു പ്രേക്ഷക പ്രീതിയോ പിന്തുണയോ നേടാൻ ആയിട്ടില്ല. എങ്കിലും താരതമ്യേന മെച്ചപ്പെട്ട ഫാൻ ബേസ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള മത്സരാർത്ഥികളുമുണ്ട്. അങ്ങനെയൊരു കണക്ക് പ്രകാരം ആരൊക്കെയാണ് ഇത്തവണ സേഫ് ആകാനും പുറത്തേക്ക് പോകാനും സാധ്യതയുള്ളതെന്ന് നോക്കാം.
നോമിനേഷനിൽനിന്ന് മുക്തി നേടാനായ ഷിജിൻ പുറത്ത് കുറെയൊക്കെ ഫാൻ ബേസുള്ള ആളാണ്. അതുകൊണ്ടുതന്നെ ഷിജിന്റെ വോട്ടുകൾ മാറിലേക്ക് പോകും എന്നത് നിർണ്ണായകവുമാണ്. അങ്ങനെ നോക്കിയാൽ വീട്ടിൽ ഷിജിനുമായി സൗഹൃദമുള്ള ഒരേയൊരാൾ എന്ന നിലയിൽ കൊമ്പനായിരിക്കാം ആ വോട്ടുകൾ ലഭിക്കുക. തന്റേതായ നിലയിൽ പ്രേക്ഷകപിന്തുണയുള്ള ആൾ കൂടിയാണ് കൊമ്പൻ. ഇക്കാരണങ്ങളെല്ലാംകൊണ്ട ഈ ലിസ്റ്റിൽ ഏറ്റവും സേഫ് എന്ന് പറയാനാവുന്നത് കൊമ്പനെ തന്നെയാവണം. രാഹുൽ ഈശ്വറും പോകാൻ സാധ്യത കുറവുന്ന മത്സരാര്ഥികളിൽ പെടുന്ന ആളാണ്. വളരെ ഡിപ്ലോമാറ്റിക് ആയി നിലപാടുകൾ പറയുന്നു എങ്കിലും പൊട്ടൻഷ്യൽ ഉള്ള ആളാണെന്നു തോന്നൽ ചിലരിലെങ്കിലും ജനിപ്പിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ രാഹുൽ പുറത്തുപോകാൻ ഐഡിയില്ല എന്ന കരുതാം. നേഹയും സേഫ് സോണിൽ ഉൾപ്പെടുത്താൻ കഴിയുന്ന മത്സരാർത്ഥിയാണ് എന്നാണ് നിലവിലെ സാഹചര്യത്തിൽ പറയാനാവുക. നേഹയുടെ ക്യൂട്ട്നസിനും സംസാര ശൈലിക്കും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലുമായുള്ള കോമ്പിനേഷനും ഒക്കെ പുറത്ത് ആരാധകരുമുണ്ട്. നോബിയും ഇപ്പോൾ പുറത്താകാൻ സാധ്യതയുള്ള ആളായി തോന്നുന്നില്ല. പൊട്ടൻഷ്യലുള്ള മത്സരാർത്ഥിയാണ് നോബി എന്ന ധാരണ ചില പ്രേക്ഷകർക്കെങ്കിലുമുണ്ട്. അത് വോട്ടായി മാറിയാൽ നോബിയും സേഫ് സോണിലായിരിക്കും.
ഇനി പോകാൻ സാധ്യതയുള്ളവരിലേക്ക് വരാം. ഒന്നിൽ കൂടുതൽ മത്സരാർത്ഥികൾ പുറത്തേക്ക് പോകുമെന്നുള്ളതുകൊണ്ടുതന്നെ ആരൊക്കെയാകും അതെന്ന് ഉറപ്പിച്ച് പറയാനാവില്ല. എങ്കിലും ഇനാക്ടിവ് ആയവരും പുറത്ത് വലിയ തോതിൽ നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചവരുമായ ചില മത്സരാർത്ഥികളുടെ വീട്ടിലെ നിലനിൽപ്പ് അൽപ്പം റിസ്കി ആണെന്ന് തന്നെയാണ് കരുതാനാവുക.
സുമേഷ് ആണ് ആ ലിസ്റ്റിൽ ഉൾപ്പെടാൻ ഇടയുള്ള ഒരാൾ. വീട്ടിൽ ഇതുവരെ തന്റേതായ ഒരു സ്ഥാനം അടയാളപ്പെടുത്താൻ സുമേഷിന് കഴിഞ്ഞിട്ടില്ല. എന്റർടൈനർ എന്ന നിലയിൽ കൗണ്ടറുകൾ പറയുന്നു എന്നതിനപ്പുറം പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന കാരക്ടറായി സുമേഷിനെ തോന്നിയിട്ടില്ല. രാകേഷ് ആണ് ഡേഞ്ചറസ് സോണിൽ പെടാൻ സാധ്യതയുള്ള മറ്റൊരാൾ. വീട്ടിൽ കാര്യമായി ഇടപെടാനോ പ്രേക്ഷകരിലേക്ക് കണക്റ്റ് ആവാനോ കഴിയുന്നില്ല എന്നത് തന്നെയാണ് രാകേഷിന്റെയും നെഗറ്റീവ്. അഗ്നിപരീക്ഷയിൽ പുറത്തെടുത്ത തന്റെ എന്റർടൈനിംഗ് വശവും വീട്ടിൽ കാണിക്കാൻ രാകേഷിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളുടെ ഭാഗമായി ചുരുങ്ങിപ്പോകുന്നു എന്നതും രാകേഷിന് തിരിച്ചടിയാകാൻ ഇടയുണ്ട്.
ഇനി ഗായത്രി സുരേഷിന്റെ കാര്യമെടുത്താൽ ബിഗ് ബോസ് പോലൊരു ഷോയ്ക്ക് അനുയോജ്യമായതാണോ ഗായത്രിയുടെ പെരുമാറ്റം എന്നത് സംശയമാണ്. അവർ വളരെ ജെനുവിനായ വ്യക്തിയാണ് എന്നതിൽ സംശയമില്ല. പക്ഷേ ഗായത്രിക്ക് ഇതുവരെ വീട്ടിൽ തന്റേതായ ഇടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ജെനുവിനിറ്റി എന്നത് മുൻനിർത്തി അവർക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചേക്കാനും ഇടയുണ്ട്.
അഞ്ജലി, മൃദുല എന്നിവരിലേക്ക് വന്നാൽ ഇരുവർക്കും ഒരു നെഗറ്റീവ് ഷേഡ് ഉള്ളതാണ് ഇതുവരെയുള്ള ഗെയ്മിൽനിന്ന് മനസിലാക്കാനാവുക. വീട്ടിൽ ഒരുപാട് ആക്റ്റീവ് അല്ല, എന്നാൽ വീട്ടിലെ പലയിടത്തും ഇവരുണ്ട്. പലതിലും ഇവരുടെ ഇടപെടലുമുണ്ട്. അങ്ങനെയാണ് മൃദുലയെയും അഞ്ജലിയെയും കുറിച്ച് പറയാനാവുക. പ്രേക്ഷകരുമായി പോസിറ്റീവ് ആയ തരത്തിലൊരു ബന്ധമുണ്ടാക്കുന്നതിൽ ഇവർ പരാജയപ്പെട്ടെന്നാണ് ഇതുവരെയുള്ള ഗെയ്മിൽനിന്ന് മനസിലാക്കാനാകുന്നത്. ഐശ്വര്യയുടെ കാര്യമെടുത്താലും ഇത് തന്നെയാണ് പറയാനാവുക. ഐശ്വര്യയുടെ ഗെയിം സ്ട്രാറ്റജി വളരെ കോംപ്ലിക്കേറ്റഡും നെഗറ്റീവുമാണ്. ഇത് മലയാളി പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുമുണ്ട്. അതെ സമയത്തെ കാര്യങ്ങൾ നന്നായി അവതരിപ്പിക്കാനുള്ള കഴിവ് അവരെ തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്.
ആസിഫ്, ലോലീറ്റ, ഗൗതം, എൽദോ, താഷി. ഈ സീസണിൽ നിലവിലുള്ളവരിൽ പുറത്ത് ഏറ്റവും കൂടുതൽ നെഗറ്റീവ് ചർച്ചകൾ ഉണ്ടാക്കുന്ന മത്സരാർത്ഥികൾ ഇവരാണ്. ഇഷ്ടത്തെക്കാൾ കൂടുതൽ പ്രേക്ഷകർക്ക് അനിഷ്ടം തോന്നുന്ന മത്സരാർത്ഥികളെന്നും വേണമെങ്കിൽ പറയാം. എടുത്തുചാട്ടവും അമിതമായ വികാരപ്രകടനങ്ങളും മോശം പെരുമാറ്റവുമാണ് ആസിഫിനും ഗൗതമിനും തിരിച്ചടിയാകുന്നത് എങ്കിൽ താഷിയോടുള്ളത് മറ്റുള്ളവരെ വിലകുറച്ച് കാണുന്ന സ്വഭാവത്തോടുള്ള അനിഷ്ടമാണ്. താനൊരു മികച്ച ഗെയ്മറാണ് എന്ന രീതിയിലെ താഷിയുടെ പല ഇടപെടലുകളും പ്രേക്ഷകർക്ക് ദഹിക്കുന്നതല്ല. എൽദോയിലേക്ക് വന്നാൽ അയാളുടെ പെരുമാറ്റം വളരെ ഫേക്കായും ആർട്ടിഫിഷ്യലായും തോന്നുന്നു എന്നതാണ് ഭൂരിഭാഗം പ്രേക്ഷകർക്കും ആളോട് താൽപര്യക്കുറവുണ്ടാകാനുള്ള കാരണം. സ്വയം വളരെ ഓവർ എസ്റ്റിമേറ്റ് ചെയ്താണ് എൽദോ വീട്ടിൽ എല്ലാ ഇടപെടലും നടത്തുന്നത്.
ലോലീറ്റയിലേക്കെത്തിയാൽ തുടക്കം മുതൽ വളരെ നെഗറ്റീവ് ആയ ഇമ്പാക്റ്റ് ആണ് ബിഗ് ബോസ് വീട്ടിൽ ലോലീറ്റ ഉണ്ടാക്കുന്നത്. പെരുമാറ്റമായാലും സംസാരമായാലും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമോ താല്പര്യമോ തോന്നുന്ന രീതിയിലുള്ളതല്ല എന്നതാണ് ലോലീത്തയുടെ പ്രധാന നെഗറ്റീവ്. തന്റെ ഗ്രൂപ്പിലുള്ളവരുടെ നെഗറ്റീവുകൾ ന്യായീകരിക്കുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക തുടങ്ങിയ പല പ്രവർത്തികളും പ്രേക്ഷകർക്ക് അതൃപ്തിയുണ്ടാക്കുന്നതുമാണ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്കിൽ സ്വന്തം ടീമിന് നൽകിയ സീക്രട്ട് ടാസ്കിനെക്കുറിച്ച് ഓപ്പോസിറ്റ് ടീമിലെ സുഹൃത്തുക്കൾക്ക് വിവരം നൽകിയതടക്കം പ്രേക്ഷകരിൽ ലോലീത്തയോട് താൽപര്യക്കുറവ് തോന്നാനാണ് കാരണമായത്. ഇതെല്ലം വോട്ടിങ്ങിനെ ബാധിച്ചാൽ ഈ ആഴ്ചയിലെ മാസ് എവിക്ഷനിൽ ലോലീറ്റയുടെ നില പരുങ്ങലിൽ ആയേക്കും. ശ്രീലക്ഷ്മി അറക്കൽ, വിക്കി തഗ്, ജസീല. ഇവരെക്കുറിച്ചുള്ള ഇമ്പ്രഷനുകൾ പലപ്പോഴും പ്രേക്ഷകരിൽ മാറിവരുന്നതായാണ് കാണാനാവുക. അതുകൊണ്ടുതന്നെ വോട്ടിങ്ങിൽ ബിബി പ്രേക്ഷകർ ഇവരെ കൈവിടുമോ തുണയ്ക്കുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. ഏതായാലും അങ്ങനെയൊരു മാസ് എവിക്ഷൻ ഉണ്ടാകുതോടെ കളിയുടെ ഗതി മാറിമറിയും എന്നത് തീർച്ച.

