മൂന്നാം വാരത്തിന് ഇന്ന് ആരംഭം

ബിഗ് ബോസ് മലയാളം സീസൺ 7 അതിന്‍റെ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ജംബോ നോമിനേഷൻ ലിസ്റ്റ് ഉണ്ടായിരുന്ന ഇത്തവണ പക്ഷേ അതിൽ നിന്ന് ഒരാൾ മാത്രമാണ് പുറത്തായത്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന സീസണ്‍ 7 മുന്‍ സീസണുകളില്‍ നിന്ന് നിരവധി പ്രത്യേകതകളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. കൊണ്ടുവന്ന വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ പോലും യഥേഷ്ടം ഉപയോഗിക്കാന്‍ ഇക്കുറി മത്സരാര്‍ഥികള്‍ക്ക് അനുവാദമില്ല. അവ പണിമുറി എന്ന് പേരിട്ടിരിക്കുന്ന സ്ഥലക്ക് പൂട്ടിവച്ചിരിക്കുകയാണ് ബിഗ് ബോസ്. ടാസ്കുകളില്‍ മത്സരിച്ച് ആദ്യ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് വെറും സെക്കന്‍ഡുകള്‍ മാത്രം നീളുന്ന സമയത്ത് പണിമുറിയില്‍ കയറി സാധനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം. ഇപ്പോഴിതാ ഷോ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചിലത് പ്രതീക്ഷിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍.

വരുന്ന ആഴ്ചയിലെ ടാസ്കുകളില്‍ പല പുതുമകളും പ്രതീക്ഷിക്കാമെന്നായിരുന്നു ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ വാക്കുകള്‍. അത് ഈ സീസണിലെ ആദ്യ രണ്ട് ആഴ്ചകളില്‍ എന്നല്ല, ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത മത്സരം വരുമെന്നാണ് അദ്ദേഹം പറഞ്ഞത്- “ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ കാണാത്ത തീവ്രമായ മത്സരമാണ് ഇനി അടുത്ത ആഴ്ച മുതൽ കാണാൻ പോകുന്നത്. അടുത്ത ആഴ്ചയിലെ ടാസ്കുകൾ ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തവും പവർഫുള്ളും ആണ്”, മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ഇത് മത്സരാര്‍ഥികളോടല്ല പ്രേക്ഷകരോടാണ് അദ്ദേഹം പറഞ്ഞത്. ടാസ്കുകളിലും ഗെയിമുകളിലും എന്തൊക്കെ വ്യത്യസ്തതകളാണ് ബിഗ് ബോസ് ആവിഷ്കരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ബിഗ് ബോസ് മലയാളം ആദ്യമായി ഇത്തവണയാണ് സ്വന്തം ഫ്ലോറില്‍ നടക്കുന്നത്. മുന്‍പത്തെ സീസണുകളില്‍ നിന്ന് ഏറെ വിശാലമായ ഹൗസുമാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. 19 മത്സരാര്‍ഥികളാണ് ഇക്കുറി എത്തിയത്. അതില്‍ രണ്ട് പേര്‍ ഇതിനകം പുറത്തായി. മുന്‍ഷി രഞ്‍ജിത്തും ആര്‍ജെ ബിന്‍സിയുമാണ് പുറത്തായ മത്സരാര്‍ഥികള്‍. ഇതില്‍ മുന്‍ഷി രഞ്ജിത്ത് ആദ്യ ആഴ്ചയും ബിന്‍സി രണ്ടാം ശനിയാഴ്ചയും എവിക്റ്റ് ആയി. ബിന്‍സിയുടേത് മത്സരാര്‍ഥികളെയും വലിയ പ്രേക്ഷകരെയും ഞെട്ടിക്കുന്ന പുറത്താവല്‍ ആയിരുന്നു. ബിഗ് ബോസിന്‍റെ അപ്രവചനീയതയ്ക്ക് അടുത്ത തെളിവായിരുന്നു ആ എവിക്ഷന്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News