പതിവിന് വിപരീതമായി വെള്ളിയാഴ്ചയായ ഇന്ന് ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പതിവിന് വിപരീതമായി വെള്ളിയാഴ്ചയായ ഇന്ന് വാരാന്ത്യ എപ്പിസോഡ്. മോഹന്‍ലാല്‍ യാത്രയില്‍ ആയതിനാലാണ് വാരാന്ത്യ എപ്പിസോഡില്‍ ഈ മാറ്റം. അമേരിക്കയിലുള്ള മോഹന്‍ലാല്‍ വീഡിയോ കോളിലൂടെയാണ് ഇന്ന് ഹൗസിലെ മത്സരാര്‍ഥികളുമായി സംവദിക്കുക. ഇതിന്‍റെ വിവിധ പ്രൊമോ വീഡിയോകള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒന്ന് ആര്യനെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്ന മോഹന്‍ലാലിന്‍റേതാണ്.

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ആര്യന്‍റെ പല പ്രവര്‍ത്തികളെയും മോഹന്‍ലാല്‍ വിമര്‍ശിച്ചിരുന്നു. ഒരു പ്രധാന ടാസ്കിനിടെ തല മൊട്ടയടിക്കാന്‍ ആര്യന്‍ വിസമ്മതിച്ചത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൊട്ടിയ മൊട്ടത്തോടിന്‍റെ മാതൃകയിലുള്ള ഒരു തൊപ്പി ആര്യന്‍ അടക്കമുള്ളവര്‍ക്ക് ബി​ഗ് ബോസ് മോഹന്‍ലാല്‍ പങ്കെടുത്ത വാരാന്ത്യ എപ്പിസോഡില്‍ നല്‍കിയിരുന്നു. ഇത് എപ്പോഴും വെക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോടുള്ള ആര്യന്‍റെ പ്രതികരണങ്ങള്‍ മോഹന്‍ലാലിനോടുള്ള ബഹുമാനക്കുറവായും വായിക്കപ്പെട്ടിരുന്നു. തൊപ്പി കിടക്കുമ്പോള്‍ വെക്കണോ, കുളിക്കുമ്പോള്‍ വെക്കണോ എന്നൊക്കെയായിരുന്നു ആര്യന്‍റെ സംശയങ്ങള്‍. ഇത് തന്നെ കളിയാക്കാന്‍ ചോദിക്കുന്നതാണോയെന്ന് അപ്പോള്‍ത്തന്നെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയിലല്ല അദ്ദേഹം അത് ചോദിച്ചത്. എന്നാല്‍ പിന്നീടുള്ള ദിനങ്ങളിലും ഇതേക്കുറിച്ചുള്ള ആര്യന്‍റെ ചില പരാമര്‍ശങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍, വിശേഷിച്ചും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ഇതേക്കുറിച്ച് ആര്യനോട് ശക്തമായ ഭാഷയില്‍ സംസാരിക്കുന്ന മോഹന്‍ലാലിനെ പുറത്തെത്തിയ പ്രൊമോയില്‍ കാണാം.

“ആര്യന് എല്ലാം ഇങ്ങനെ നെഗറ്റീവ് ആയിട്ടുള്ള ഒരു അപ്രോച്ച് ആണോ. ഹെല്‍മെറ്റ് വെക്കണോ എന്ന് ചോദിക്കുമ്പോള്‍ കുളിക്കുമ്പോള്‍ വെക്കണോ, കിടക്കുമ്പോള്‍ വെക്കണോ എന്നൊക്കെ ചോദിച്ചാല്‍, ഞാനും ബുദ്ധിയുള്ള ഒരാള്‍ ആണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്ന് ഇരിക്കുന്നത്. എനിക്ക് തിരിച്ച് പറയാന്‍ അറിയാം”, എന്നാണ് ആര്യനോട് മോഹന്‍ലാല്‍ പറയുന്നത്. കുളിക്കുമ്പോള്‍ വെക്കണോ എന്ന് ചോദിച്ചിട്ടില്ല എന്നാണ് ഇതിന് ആര്യന്‍റെ മറുപടി. ചോദിച്ചു എന്ന് മോഹന്‍ലാല്‍ പ്രതികരിക്കുന്നു. തുടര്‍ന്ന് മോഹന്‍ലാലിനോട് ക്ഷമ ചോദിക്കുകയാണ് ആര്യന്‍. തുടര്‍ന്ന് മോഹന്‍ലാല്‍ ഇങ്ങനെയും പറയുന്നു- “എന്നോട് കളിക്കൂ. ധൈര്യമുണ്ടെങ്കില്‍ കളിച്ചോളൂ. ഞാന്‍ തിരിച്ച് പറഞ്ഞോളാം. നമുക്ക് അത്യാവശ്യം ഒരാളുടെ റിഫ്ലക്സുകള്‍ മനസിലാവാറുണ്ട്. അതുകൊണ്ടാണല്ലോ എന്നെ ഇവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത്. അപ്പോള്‍ മര്യാദയ്ക്ക് കളിക്ക്”, മോഹന്‍ലാല്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.

Asianet News Live | Malayalam News Live | Onam 2025 | Latest Kerala Updates | Live Breaking News