വേറിട്ട ക്യാപ്റ്റന്‍സി ടാസ്‍ക് ആയിരുന്നു ഇത്തവണത്തേത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ അഞ്ചാം വാരത്തിലേക്കുള്ള പുതിയ ഹൗസ് ക്യാപ്റ്റനെ തീരുമാനിച്ചു. നെവിന്‍, റെന, ബിന്നി എന്നിവരായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്കായി ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ടാസ്ക് ആണ് ബിഗ് ബോസ് നല്‍കിയത്. ഗാര്‍ഡന്‍ ഏരിയയില്‍ ത്രികോണാകൃതിയുടെ മൂന്ന് കോണുകളിലായി മൂന്ന് പേരും നില്‍ക്കണമായിരുന്നു. മൂന്ന് പേര്‍ക്കും കയറുകളും നല്‍കിയിരുന്നു. നല്‍കിയിരിക്കുന്ന കയറുകള്‍ ഓരോരുത്തരും മറ്റ് രണ്ട് മത്സരാര്‍ഥികളുടെ കാലുകളില്‍ കെട്ടുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിനായി ബസര്‍ ഉണ്ടായിരുന്നു. ബസര്‍ മുഴങ്ങും വരെ കെട്ടിയിട്ട് സ്വന്തം കാലിലെ കെട്ടുകള്‍ ഓരോരുത്തരും അഴിക്കേണ്ടിയിരുന്നു. അങ്ങനെ ആദ്യം പൂര്‍ണ്ണമായും അഴിക്കുന്നത് ആരാണോ അവരാവും വിജയിയെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

മൂന്ന് ക്യാപ്റ്റന്‍സി മത്സരാര്‍ഥികളും ആവേശകരമായ പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ നെവിന്‍ ആണ് വിജയിച്ചത്. തുടര്‍ന്ന് അഞ്ചാം വാരത്തിലെ ക്യാപ്റ്റന്‍സിയിലേക്ക് ബിഗ് ബോസ് തന്നെ നെവിനെ വരവേറ്റു. തന്നെ സംബന്ധിച്ച് ഈ ക്യാപ്റ്റന്‍സി ഏറെ പ്രധാനമായിരുന്നുവെന്ന് നെവിന്‍ പിന്നീട് റെനയോട് പറയുന്നുണ്ടായിരുന്നു. തനിക്ക് അത് അറിയാമെന്നും നെവിന്‍ ക്യാപ്റ്റനായതില്‍ തനിക്കും സന്തോഷമേ ഉള്ളൂവെന്ന് റെനയും പറഞ്ഞു. നെവിനെ സംബന്ധിച്ച് ഹൗസില്‍ ഏറെ പ്രധാനപ്പെട്ട ഒരു വാരമാണ് കഴിഞ്ഞുപോയത്.

കഴിഞ്ഞ വാരം അനുമോളുമായുള്ള തര്‍ക്കത്തിന്‍റെ ഭാഗമായി അനുമോളം പുറത്താക്കിയില്ലെങ്കില്‍ താന്‍ പുറത്ത് പോകുമെന്ന് നെവിന്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഇക്കാര്യം ഉന്നയിച്ച് ആദിലയും നൂറയും നെവിനെ പ്രകോപിപ്പിച്ചു. ഒടുവില്‍ ബിഗ് ബോസ് തന്നെ ചോദിച്ചു നെവിന്‍ പറഞ്ഞതിനെക്കുറിച്ച്, ഒപ്പം പുറത്തേക്ക് പോകണോ എന്ന ചോദ്യവും. തുടര്‍ന്ന് ബിഗ് ബോസ് തുറന്നുകൊടുത്ത മുന്‍വാതിലിലൂടെ ഓടി ഇറങ്ങിപ്പോകുന്ന നെവിനെയാണ് പ്രേക്ഷകരും സഹമത്സരാര്‍ഥികളും കണ്ടത്. സഹമത്സരാര്‍ഥികളെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍ പിറ്റേന്ന് തന്നെ നെവിനെ ഹൗസിലേക്ക് ബിഗ് ബോസ് തിരിച്ചെത്തിച്ചു. നെവിന്‍ തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞതുകൊണ്ടും ക്ഷമ ചോദിച്ചതുകൊണ്ടും ഒക്കെയാണ് ബിഗ് ബോസ് തിരികെ കൊണ്ടുവന്നതെന്ന് വെള്ളിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേസമയം അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ കൂടി വന്നതോടെ ബിഗ് ബോസ് കൂടുതല്‍ ആവേശകരമാവുകയാണ്.

Nehru Trophy Boat Race | Asianet News Live | Malayalam News Live | Latest Kerala Updates