ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലേക്ക് ഒരു പുതിയ മത്സരാര്‍ഥി കൂടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഇന്നലത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ പുതിയ മത്സരാര്‍ഥിയുടെ വരവ് പ്രഖ്യാപിച്ചത്. മോഡലും എംഎ സൈക്കോളജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസ് ആണ് സീസണ്‍ 3ലെ 17-ാമത്തെ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്.

 

ആലപ്പുഴ സ്വദേശിയെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് 26 വയസുകാരിയായ എയ്ഞ്ചല്‍. യഥാര്‍ഥ പേര് ടിമി സൂസന്‍ തോമസ്. ഫാഷന്‍ ഡിസൈനിംഗില്‍ ബിഎസ്‍സി എടുത്തതിനുശേഷം ഡിപ്ലോമ ഇന്‍ ക്യാബിന്‍ ക്രൂ കോഴ്സും പാസ്സായി. നിലവില്‍ എംഎ സൈക്കോളജി പഠിക്കുന്നു. പേഴ്സണാലിറ്റി ഡെവലപ്‍മെന്‍റ് ആന്‍ഡ് ഗ്രൂമിംഗ് എന്ന വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കുന്നു. അഞ്ചര വര്‍ഷമായി മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട് എയ്ഞ്ചല്‍.

 

കുടുംബവുമായി ഏറെ അടുപ്പമുള്ള ആളാണ് താനെന്ന് എയ്ഞ്ചല്‍ പറയുന്നു. അമ്മയും വിദ്യാര്‍ഥിയായ അനുജനുമാണ് ഇപ്പോള്‍ കൂടെയുള്ളത്. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച അച്ഛന്‍റെ മരണം ഇക്കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു. എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എഞ്ചിനീയറിംഗ് പഠിക്കുന്ന അനിയന്‍റെ പേര് ട്യൂണ്‍ ജോര്‍ജ് തോമസ് എന്നാണ്. ഒരു സംസാരപ്രിയ എന്നുകൂടിയാണ് എയ്ഞ്ചല്‍ സ്വയം വിലയിരുത്തുന്നത്.