സൈബർ ആക്രമണം മൂലം രേണുവിനെ ബിഗ്ബോസിലേക്ക് വിളിക്കുമോ എന്നുപോലും സംശയിച്ചിരുന്നെന്നും കുടുംബം.

ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ ഏഴിന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലേ ഉയർന്നുകേട്ട ഒരു പേരാണ് രേണു സുധിയുടേത്. പ്രവചനങ്ങള്‍ ശരിവയ്‍ക്കും വിധം രേണു സുധി ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ്. സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരം കൂടിയാണ് രേണു. രേണുവിന്റെ ബിഗ്ബോസിലേക്കുള്ള വരവിനെക്കുറിച്ച് കുടുംബവും ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. രേണുവിനെ ചുറ്റം നിന്ന് പലരും ആക്രമിക്കുകയായിരുന്നുവെന്നും ചില വ്ളോഗർമാരുടെ ഇത്തരം സൈബർ ആക്രമണം മൂലം രേണുവിനെ ബിഗ്ബോസിലേക്ക് വിളിക്കുമോ എന്നുപോലും സംശയിച്ചിരുന്നെന്നും കുടുംബം പറയുന്നു.

''മോഹൻലാൽ രേണുവിനെ, രേണു സുധി എന്ന് വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. രേണുവിന്റെ ഒഫീഷ്യൽ പേര് രേഷ്മ പി തങ്കച്ചൻ ആണെന്ന് അറിഞ്ഞതിൽ പിന്നെ ചില വ്ളോഗർമാർ അവളെ രേണു സുധി എന്ന് വിളിച്ചിട്ടില്ല. സുധിച്ചേട്ടന്റെ പേര് ഒപ്പം ചേർക്കാൻ അവൾക്ക് യോഗ്യതയില്ലെന്ന് വരുത്തി തീർക്കാനാണ് അവർ എപ്പോഴും രേഷ്മ പി തങ്കച്ചൻ എന്ന് പറയുന്നത്. പക്ഷെ എന്ത് തന്നെയായാലും നിയമപരമായി അവളുടെ ഭർത്താവാണ് അദ്ദേഹം. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ പേരാണ് ഇവിടെ ചേർക്കുന്നത്'', എന്ന് മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണുവിന്റെ ചേച്ചി രമ്യ പറഞ്ഞു.

''രേണു ബിഗ് ബോസിലേക്ക് പോകുന്നെന്ന് ഞങ്ങൾ പോലും അറിഞ്ഞത് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ്. പെട്ടെന്നായിരുന്നു അവർ വിളിച്ച് പറഞ്ഞത്. ആദ്യം രേണു ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ വ്ളോഗർമാരുടെ വെെരാഗ്യവും ദേഷ്യവും കാരണം പ്രതീക്ഷയില്ലായിരുന്നു'', എന്ന് രമ്യ കൂട്ടിച്ചേർത്തു. മറ്റുള്ളവർ പറയുന്നതല്ല യഥാർത്ഥത്തിൽ നടക്കുകയെന്ന് ഇപ്പോൾ മനസിലായി എന്നായിരുന്നു രേണുവിന്റെ പിതാവ് തങ്കച്ചന്റെ പ്രതികരണം. മത്സരാർത്ഥികളിൽ ആരും രേണു അനുഭവിച്ചതുപോലെയുള്ള കാര്യങ്ങൾ നേരിട്ടിട്ടുണ്ടാകില്ലെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്