ബിഗ് ബോസ് മലയാളം സീസണ്‍ 3ന് തുടക്കം. മത്സരിക്കാന്‍ റിതു മന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിരവധി സര്‍പ്രൈസുകള്‍ ഉണ്ടാവും എന്നതിന്‍റെ ഒരു തെളിവാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ ലിസ്റ്റ്. നോബിയെയും കിടിലം ഫിറോസിനെയുമൊക്കെപ്പോലെ മലയാളികള്‍ക്ക് പരിചിതമായ മുഖങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അടങ്ങിയതാണ് ആ നിര. അതിലൊരാളാണ് റിതു മന്ത്ര.

കണ്ണൂര്‍ സ്വദേശിയാണ് റിതു. കണ്ണൂര്‍ ഡോണ്‍ ബോസ്‍കോ കോളെജില്‍ നിന്ന് ജേണലിസവും സാഹിത്യവും പഠിച്ചു. ബംഗളൂരുവില്‍ ആയിരുന്നു പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം. പിജി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മോഡലിംഗ്, ഫാഷന്‍ മേഖലകളിലേക്ക് റിതുവിനെത്തേടി അവസരങ്ങള്‍ എത്തുന്നത്. അവ നന്നായി പ്രയോജനപ്പെടുത്തിയ റിതുവിന് താല്‍പര്യമുള്ള വേറെയും മേഖലകളുണ്ട്. സംഗീതവും അഭിനയവുമാണ് അവ. 

2018 മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത റിതു മിസ് ടാലന്‍റഡ് സൗത്ത് ടൈറ്റില്‍ നേടിയിട്ടുണ്ട്. പ്രശസ്ത ഗാനങ്ങളുടെ കവര്‍ വെര്‍ഷനുകള്‍ പാടിയത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അഭിനയമാണ് റിതുവിന്‍റെ പുതിയ മേഖല. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപറേഷന്‍ ജാവ എന്നീ സിനിമകളില്‍ അഭിനയിച്ചു.