ബിഗ് ബോസ് മലയാളം സീസണ്‍ 3 നാലാം വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഇന്ന് പ്രേക്ഷകരില്‍ സസ്‍പെന്‍സ് നിറയ്ക്കുന്ന എപ്പിസോഡ്. മത്സരാര്‍ഥികള്‍ക്കിടയില്‍ കൈയാങ്കളി നടന്നതിനെത്തുടര്‍ന്ന് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള ഈ വാരത്തിലെ വീക്കിലി ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. 'പൊന്ന് വിളയും മണ്ണ്' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ സായ് വിഷ്‍ണു കര്‍ഷകരില്‍ ഒരാളും സജിന പൊലീസ് ഉദ്യോഗസ്ഥയുമായിരുന്നു. ആക്റ്റിവിറ്റി ഏരിയയിലെ 'കൃഷിസ്ഥല'ത്ത് മറഞ്ഞിരിക്കുന്ന 'രത്നങ്ങള്‍' കരസ്ഥമാക്കണമെന്നതായിരുന്നു ഗെയിമിലെ ടാസ്‍ക്. ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് പുറത്തെത്തുന്ന 'കര്‍ഷകരെ' പരിശോധിക്കാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് വിഷ്‍ണു തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നായിരുന്നു സജിനയുടെ പരാതി. 

ഈ ആരോപണം രൂക്ഷമായതിനെത്തുടര്‍ന്ന് ബിഗ് ബോസ് ആ സമയത്തെ വീഡിയോ വിശദമായി പരിശോധിക്കുകയും ടാസ്‍ക് റദ്ദാക്കുകയുമായിരുന്നു. സജിനയെയും സായിയെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഈ വിഷയം മത്സരാര്‍ഥികള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയും സൃഷ്ടിച്ചിരുന്നു. എന്നാല്‍ രണ്ട് തട്ടിലായിരുന്നു ഈ വിഷയത്തില്‍ ബിഗ് ബോസ് വീട്. ലക്ഷ്വറി ബജറ്റ് പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയത് സായിയുടെ പ്രവര്‍ത്തിയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ സായിയെയ മാത്രമായി കുറ്റക്കാരനെന്ന് വിളിക്കാന്‍ പറ്റില്ലെന്ന് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം ഒരു മോര്‍ണിംഗ് ടാസ്‍കിനിടെ ശത്രുത അവസാനിപ്പിച്ച് സജിന ഫിറോസും സായ് വിഷ്‍ണുവും പരസ്പരം കൈ കൊടുത്തിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ വിഷയം വീണ്ടും ചര്‍ച്ചയാവുന്നുവെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ കാണുന്നത്.

സംഭവം നടന്ന സമയത്തെ വീഡിയോയുമായാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ എത്തുന്നത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് സായിയോടും സജിനയോടും ചോദിക്കുന്ന മോഹന്‍ലാല്‍ നിങ്ങള്‍ക്ക് കേറി ചുമ്മാ തമാശ കാണിക്കാനുള്ള ആളല്ല ബിഗ് ബോസ് എന്നും പറയുന്നുണ്ട്. ആദ്യം ഞാന്‍ തല്ലി എന്നാണ് സജിന പറഞ്ഞതെന്നും എന്നാല്‍ ആ സമയത്ത് തന്‍റെ രണ്ട് കൈയിലും ഷൂസ് ആയിരുന്നുവെന്നും സായ് മോഹന്‍ലാലിന് മറുപടി കൊടുക്കുന്നുണ്ട്. പുറകിലൂടെ കൈ വരുന്നതായും ഇടിച്ചതായും തനിക്ക് തോന്നിയെന്നാണ് സജിനയുടെ മറുപടി. അവസാനമായി സായിക്കെതിരെ നടപടി വേണമോ എന്ന കാര്യം സജിനയ്ക്കു തീരുമാനിക്കാമെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്- "ഇനി സജിനയ്ക്കു തീരുമാനിക്കാം. ഇയാള്‍ക്കെതിരെ ആക്ഷന്‍ എടുക്കണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ഞങ്ങള്‍ നടപടി എടുക്കും", എന്നാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഏതായാലും ആവേശകരമായ എപ്പിസോഡ് ആണ് ഈ വാരാന്ത്യത്തില്‍ ബിഗ് ബോസ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം.