അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ എൽദോയുടെ പുറത്താവലിന്‍റെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍…
പ്രതിപക്ഷ നേതാവായി കത്തിക്കയറിയിട്ടും എൽദോയുടെ കണക്കുകൂട്ടലുകൾ തെറ്റിയോ? അമിത ആത്മവിശ്വാസവും ആർട്ടിഫിഷ്യൽ സംസാരരീതിയും തിരിച്ചടിയോ? അഗ്നിപരീക്ഷയിലൂടെ വീട്ടിലേക്കെത്തിയ നാലാമത്തെ ആളും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. എൽദോ ആണ് ഈ ആഴ്ച വീടിനോട് വിട പറഞ്ഞിരിക്കുന്നത്. അഗ്നിപരീക്ഷയിൽനിന്ന് വീട്ടിലേക്കെത്തിയ ആദ്യ നാലുപേരിൽ ഒരാളായാണ് എൽദോയുടെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ്. അഗ്നിപരീക്ഷയിലും ബിഗ് ബോസ് വീട്ടിലും ആദ്യ ദിവസങ്ങളിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന മത്സരാർത്ഥിയാകാൻ കഴിഞ്ഞ എൽദോയ്ക്ക് എവിടെയാണ് തെറ്റിയത്?
അഗ്നിപരീക്ഷയിൽ പടിപടിയായി തന്റെ ഗ്രാഫ് ഉയർത്തിയ ആളായിരുന്നു എൽദോ. തന്റെ രാഷ്ട്രീയ പശ്ചാത്തലം ഗെയ്മിലും അയാൾ പലപ്പോഴും വിദഗ്ധമായി ഉപയോഗിക്കാറുണ്ടായിരുന്നു. അഗ്നിപരീക്ഷയിൽത്തന്നെ സഹമത്സരാർത്ഥികൾ ഇത് വിമർശനാത്മകമായും അല്ലാതെയും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. വാക്കുകൾ നിരത്തിവച്ച് സംസാരിക്കാനുള്ള എൽദോയുടെ കഴിവ് തന്നെയാണ് അയാളെ ഇക്കാര്യങ്ങളിൽ പലപ്പോഴും സഹായിച്ചിട്ടുള്ളതും. താൻ പറയുന്നത് പോയിന്റുകളാണെന്ന് എതിരാളികളെ തോന്നിപ്പിക്കാനുള്ള കഴിവ് എൽദോയ്ക്കുണ്ടായിരുന്നു.
പക്ഷേ അഗ്നിപരീക്ഷയിൽനിന് ബിഗ് ബോസിലേക്കെത്തുമ്പോൾ കുറച്ചുകൂടി നന്നായി തന്റെ ഗെയിം കാൽക്കുലേറ്റ് ചെയ്യാനും എക്സിക്യൂട്ട് ചെയ്യാനും എൽദോ ശ്രമിക്കേണ്ടിയിരുന്നു എന്നും തോന്നുന്നു. അഗ്നിപരീക്ഷയിൽനിന്ന് ബിഗ് ബോസിലേക്ക് കയറാൻ പോകുന്നുവെന്ന് മോഹൻലാൽ ആദ്യമായി പ്രഖ്യാപിച്ച ആൾ എൽദോ ആയിരുന്നു. ഇത് അയാളുടെ ആത്മവിശ്വാസം വളരെ ഉയർത്തുകയും ചെയ്തിരുന്നു. ഈ അമിത ആത്മവിശ്വാസം തന്നെയാണ് പലപ്പോഴും എൽദോയ്ക്ക് തിരിച്ചടിയായതും. അഗ്നിപരീക്ഷയല്ല ബിഗ് ബോസ് എന്ന് അയാൾ പലപ്പോഴും മറന്നതായും തോന്നിയിരുന്നു. ബിഗ് ബോസ് വീട്ടിലേക്കെത്തിയ എൽദോ താനൊരു നേതാവാണെന്ന തരത്തിലാണ് എപ്പോഴും ഇടപെട്ടിരുന്നത്. പ്രത്യേകിച്ച് അഗ്നിപരീക്ഷയിൽനിന്ന് വീട്ടിലേക്ക് കയറിയ ആദ്യ നാലുപേർക്കിടയിൽ തനിക്ക് മുൻതൂക്കം ഉണ്ടാകണമെന്ന നിർബന്ധബുദ്ധി എൽദോയ്ക്ക് ഉണ്ടായിരുന്നു.
ഇത് വകവയ്ക്കാതിരുന്ന ഷിജിൻ തന്നെയായിരുന്നു എൽദോയുടെ വീട്ടിലെ ആദ്യ എതിരാളിയും. ലോലിറ്റ, രാകേഷ് എന്നീ ബാക്കി രണ്ട് അഗ്നിപരീക്ഷ മത്സരാർത്ഥികളെയും തന്റെ നിഴലിൽ നിർത്താനും എൽദോയ്ക്ക് സാധിച്ചിട്ടുണ്ട്. താൻ അഗ്നിപരീക്ഷയെ അതിജീവിച്ച് വീട്ടിലേക്കെത്തിയ ആദ്യ ആളാണെന്ന കാര്യം എപ്പോഴും മറ്റുള്ളവരെ ഓർമ്മിപ്പിക്കാനും താനൊരു മികച്ച എതിരാളിയാണെന്ന തോന്നൽ സഹമത്സരാർത്ഥികളിൽ ഉണ്ടാക്കാനും ആദ്യ ആഴ്ചയിൽ എൽദോയ്ക്ക് സാധിച്ചിട്ടുമുണ്ട്. ജസീല ലീഡർ ആയിരുന്ന സമയത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ലഭിച്ച സ്ഥാനവും തന്നെ ബൂസ്റ്റ് ചെയ്യാൻ എൽദോ പരമാവധി ഉപയോഗിച്ചിരുന്നു. പക്ഷേ ആ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഇറങ്ങിവരാൻ പിന്നീട് അയാൾക്ക് കഴിഞ്ഞില്ല എന്നതായിരുന്നു എൽദോയുടെ പരാജയം.
താനാണ് വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആളെന്ന നിലയിലെ എൽദോയുടെ പെരുമാറ്റവും പ്രവർത്തികളുമെല്ലാം പ്രേക്ഷകരിൽ അയാളോട് ഒരു നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കുകയാണ് ചെയ്തത്. വളരെ ആർട്ടിഫിഷ്യൽ ആയുള്ള സംസാരം, രീതികൾ ഒക്കെ പ്രേക്ഷകരുമായി ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടാക്കുന്നതിൽനിന്ന് എൽദോയ്ക്ക് തടസ്സമാവുകയും ചെയ്തു. അയാളുടെ സൗഹൃദങ്ങൾ പോലും ആത്മാർത്ഥതയുള്ളതായി പ്രേക്ഷകർക്ക് തോന്നിയിരുന്നില്ല. ഈ സീസണിൽ ഏറ്റവും കൂടുതൽ കോമണർ കാർഡ് ഉപയോഗിക്കാൻ ശ്രമിച്ച ആളും എൽദോ തന്നെയാണ്. താൻ സാധാരണക്കാരനാണെന്നും മറ്റുള്ളവർ സെലിബ്രിറ്റികളാണെന്നും എൽദോ ആവശ്യത്തിനും അനാവശ്യത്തിനും പറയാറുണ്ടായിരുന്നു. ഇതൊക്കെ എൽദോയെ പ്രേക്ഷകരിൽനിന്ന് കൂടുതൽ അകറ്റുകയാണ് ചെയ്തത്.
ഷിബിന-ഗൗതം ശശി വിഷയത്തിൽ ഷിബിനയെ കുറിച്ച് മോശമായി പരാമർശം നടത്തിയ അതേ എൽദോ ഷിബിനയുടെ എവിക്ഷനിൽ കരഞ്ഞത് വീട്ടിലുള്ളവരിലും പ്രേക്ഷകരിലും ഒരുപോലെ അയാളെക്കുറിച്ച് ഫേക്ക് എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്തു. താഷി- ഗൗതം ശശി പ്രശ്നത്തിലാണ് എൽദോ പൂർണ്ണമായും എക്സ്പോസ് ചെയ്യപ്പെട്ടത്. ഗൗതമിനെ ഉപയോഗിച്ച് ഗെയിം കളിക്കാനുള്ള എൽദോയുടെ ശ്രമം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വീഡിയോ അടക്കം കാണിച്ചുകൊടുത്തതോടെ വീട്ടിലുള്ളവർക്കും എൽദോ ഒരു മാനിപ്പുലേറ്ററും ഫേക്കുമാണെന്ന തോന്നലുണ്ടായി. ഇതാണ് എൽദോയുടെ ഗെയിം പൂർണ്ണമായും എൻഡ് ആക്കിയതെന്ന് പറയേണ്ടിവരും.
ആ ആഴ്‌ചയ്‌ക്ക് ശേഷം തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കാനോ ആക്റ്റീവ് ആകാനോ എൽദോയ്ക്ക് സാധിച്ചിട്ടില്ല. തന്നെ ഇപ്പോഴും വീട്ടിലുള്ളവർ പ്രതിപക്ഷ നേതാവായി കാണുന്നു എന്ന് പറഞ്ഞ എൽദോയോട് തങ്ങളാരും അങ്ങനെ കാണുന്നില്ല, എല്ലാം എൽദോ സ്വയം പറയുന്നതാണെന്ന സഹമത്സരാർത്ഥികളുടെ ഒന്നിച്ചുള്ള മറുപടി അയാളുടെ ആത്മവിശ്വാസം പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നിയത്. അതുവരെ ക്രിയേറ്റ് ചെയ്തുവന്നിരുന്ന തന്റെ കാരക്ടർ എൽദോയ്ക്ക് നഷ്ടമായി. പിന്നീടുണ്ടായ മാസ് എവിക്ഷൻ, പുതിയ വൈൽഡ് കാർഡുകളുടെ വരവ് തുടങ്ങി കളം മൊത്തമായി മാറിയതോടെ എൽദോയ്ക്ക് പഴയ പ്രതാപം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ കാലയളവിൽ എൽദോ പഴയ അച്ചടി ഭാഷ കൈവിടുകയും സാധാരണ രീതിയിൽ സംസാരിക്കുകയും ചെയ്യുന്നതും നമുക്ക് കാണാനായി. അതോടെ അതുവരെ ഉണ്ടായിരുന്നത് എൽദോ തന്നെ സ്വയം നിർമ്മിച്ച ഒരു ഫേക്ക് ഇമേജ് ആണെന്ന് കൂടുതൽ വെളിവാകുകയും ചെയ്തു.
കുറച്ചുകൂടി കരുതലോടെ കളിച്ചിരുന്നെങ്കിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയുമായിരുന്ന മത്സരാർത്ഥി തന്നെയാണ് എൽദോ. പക്ഷേ പ്രേക്ഷകരുമായി ഒരു പോസിറ്റീവ് കണക്ഷൻ ഉണ്ടാക്കാനോ ഇമ്പാക്റ്റ് ഉണ്ടാക്കാനോ എൽദോയ്ക്ക് കഴിയാതെ പോയി. അമിത ആത്മവിശ്വാസവും അനാവശ്യമായി നിർമ്മിച്ചെടുത്ത ഫേക്ക് ബിൽഡ് അപ്പും സംസാരരീതിയിലെ കൃത്രിമത്വവുമാണ് ഇത്ര വേഗത്തിലുള്ള എൽദോയുടെ പുറത്താവലിന് വഴിയൊരുക്കിയത്. സാധാരണക്കാരൻ എന്ന ഇമേജ് നിങ്ങൾ ആവർത്തിച്ച് പറഞ്ഞതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്നതല്ല. അത് പ്രേക്ഷകർക്ക് നിങ്ങളെക്കുറിച്ച് സ്വയം തോന്നേണ്ടതാണ്. എൽദോ തന്നെയാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണവും.

