ബിഗ് ബോസ് വീട്ടിൽ ഒറ്റ ദിവസം എട്ട് പേരെ പുറത്താക്കിക്കൊണ്ട് ചരിത്രത്തിലാദ്യമായി ഒരു മാസ് എവിക്ഷൻ നടന്നു. മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലേക്ക് മാറിയതോടെ വീട്ടിൽ പതിനൊന്ന് പേർ മാത്രമായി ചുരുങ്ങിയിരുന്നു.
ഒറ്റ ദിവസംകൊണ്ട് ബിഗ് ബോസ് വീട്ടിൽനിന്ന് കൊഴിഞ്ഞുപോയത് ഒന്നും രണ്ടുമല്ല, എട്ട് പേരാണ്. മൃദുലയും അഞ്ജലിയും ഷോയിൽനിന്ന് എവിക്റ്റ് ആയിട്ടില്ല എങ്കിലും വീട്ടിലല്ല. സീക്രട്ട് റൂമിലാണ് അവരും ഉള്ളത്. ചുരുക്കത്തിൽ ഒരു പകൽ കഴിഞ്ഞപ്പോൾ വീട്ടിൽ ബാക്കിയായത് വെറും പതിനൊന്ന് പേർ. എന്താണ് ഇങ്ങനെയൊരു മാസ് എവിക്ഷനിലൂടെ ബിഗ് ബോസ് ലക്ഷ്യമിട്ടത്? എന്താണ് ഈ മാസ് എവിക്ഷൻ വീട്ടിൽ ബാക്കിയായ ആളുകളിൽ ഉണ്ടാക്കിയത്?
നടക്കാൻ പോകുന്നത് മാസ് എവിക്ഷനാണ് എന്ന് ബിഗ് ബോസ് വീട്ടിലുള്ളവരെ അറിയിച്ചത് വീട് മുഴുവൻ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു. ഒരു ഭൂകമ്പം നടക്കാൻ പോകുന്നു എന്നും അത് വീട്ടിലെ മുഴുവൻ സാഹചര്യങ്ങളെയും പിടിച്ചുകുലുക്കും എന്നുമാണ് ബിഗ് ബോസ് അവരോട് പറഞ്ഞത്. എന്നാൽ അതിന്റെ പിന്നാലെ വരാൻ പോകുന്ന കാര്യങ്ങളുടെ തീവ്രതയെ കുറിച്ച് അപ്പോൾ അവർക്കാർക്കും ബോധ്യമുണ്ടായിരുന്നില്ല.
'നമുക്ക് ഇങ്ങനെയാണ് തോന്നുന്നതെങ്കിൽ ഉരുൾ പൊട്ടിയപ്പോൾ അവർക്കെന്താകും തോന്നിയിട്ടുണ്ടാവുക. അവർക്കുണ്ടായ സൈക്കോളജിക്കൽ ഷോക്ക് എത്രയായിരിക്കും?', എവിക്ഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീലക്ഷ്മി അറക്കൽ പറഞ്ഞ വാക്കുകളാണ്.
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ മാത്രമല്ല, അതൊരു മൈൻഡ് ഗെയിം കൂടിയാണ്. ഫിസിക്കലായ ടാസ്ക്കുകൾക്ക് പുറമെ വ്യത്യസ്തമായ സാഹചര്യങ്ങളെ കൂടിയാണ് അവർക്കവിടെ നേരിടേണ്ടി വരുന്നത്. ഓരോ വ്യക്തിയും അതിനെ സമീപിക്കുന്നത്, അതിജീവിക്കുന്നത് ഒക്കെ എങ്ങനെയാണ് എന്നാണ് ബിഗ് ബോസ് നമുക്ക് കാണിച്ചുതരുന്നത്. ആ രീതിയിലാണ് ബിഗ് ബോസ് എന്ന ഷോ അവിടെയുള്ള ഓരോ വ്യക്തികളെയും കൂടുതൽ തുറന്നുകാണിക്കുന്നത്. അത്തരത്തിൽ മത്സരാർത്ഥികൾക്ക് നൽകിയ ഏറ്റവും സങ്കീർണ്ണവും ദുർഘടവുമായ സാഹചര്യമായിരുന്നു ഈ മാസ് എവിക്ഷൻ. ശ്രീലക്ഷ്മി പറഞ്ഞതുപോലെ കണ്ണടച്ച് തുറക്കുമ്പോഴേക്ക് അതുവരെ ഒപ്പം ഉണ്ടായിരുന്ന ഒരുകൂട്ടം ആളുകളെ നഷ്ടപ്പെടുന്ന, തങ്ങളുടേതായിരുന്ന ഒരിടം നഷ്ടപ്പെടുന്നത് പോലത്തെ അവസ്ഥ. ആ അവസ്ഥ അവരെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും അവരതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുമാണ് ബിഗ് ബോസ് കാട്ടിത്തന്നത്.
ഫോണില്ലാതെ, പത്രമോ ടിവിയോ ഒന്നുമില്ലാതെ, പുറം ലോകത്തെ കുറിച്ചറിയാൻ ഒരു മാർഗ്ഗവുമില്ലാതെ ഒപ്പമുള്ള ആളുകളെ മാത്രം കണ്ടും ഇടപെട്ടുമാണ് അവിടെ അവർ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് അതാണ് റിയാലിറ്റി. ആ വീടാണ് അവരുടെ യഥാർത്ഥ ലോകം. അവിടെനിന്ന് ഒരാൾ പോകുക എന്നത് അവരെ സംബന്ധിച്ച് അയാളുടെ എക്‌സിസ്റ്റൻസ് പൂർണ്ണമായും ഇല്ലാതാകുന്നതിന് തുല്യമാണ്. കാരണം അയാളെ അവിടെവച്ച് വീണ്ടും കാണാനോ സംസാരിക്കാനോ അതുവരെ അവരുമായി ചെലവഴിച്ചിരുന്നു സമയം ഒരിക്കൽക്കൂടി പങ്കിടാനോ സാധ്യമല്ല. ഓരോ എവിക്ഷനും അവരെ അങ്ങനെ തന്നെയാണ് ബാധിക്കുന്നത്. പക്ഷേ ഒരാൾ പുറത്താകുമ്പോൾ ആ വ്യക്തിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവർക്ക് മാത്രമാകും ചിലപ്പോൾ ആ വേദന തോന്നുക. എന്നാൽ കൂട്ടമായി ഒരുപാട് പേർ പോയാലോ? അത് ബാധിക്കുക തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിൽ തന്നെയാകും. തുടക്കത്തിൽ അവർക്ക് കാണിച്ചുകൊടുത്ത ദൃശ്യങ്ങൾക്ക് സമാനമായി അവർ ഓരോരുത്തരും ആകെമൊത്തം കുലുങ്ങും. അതേ സൈക്കോളജിക്കൽ ഡിലമയാണ് ഈ മാസ് എവിക്ഷനിലൂടെ ബിഗ് ബോസ് എക്സിക്യൂട്ട് ചെയ്തതും.
ഗൗതം ശശി പറയുന്നുണ്ട് 'ഇതൊരു മരണവീട് പോലെ തോന്നുന്നു' എന്ന്. അതുവരെ നമ്മൾ ഇപ്പോഴും കണ്ടിരുന്ന, ഇടപെട്ടിരുന്ന ആളുകളുടെ പെട്ടന്നുള്ള കൊഴിഞ്ഞുപോക്ക് അതിനു സമാനമായ സാഹചര്യമാണ് അവരുടെ മനസ്സിൽ സൃഷ്ടിക്കുക. ആദ്യമായി മാസ് എവിക്ഷനിൽ പുറത്തായത് രാകേഷ് ആണ്. അവസാനം പോയത് ശ്രീലക്ഷ്മിയും. ഓരോരുത്തരും പോകുമ്പോൾ ക്യാമറക്ക് മുന്നിൽനിന്ന് അവർ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഓരോ ഫ്രെയിമിലുമുള്ള ആളുകളുടെ എണ്ണം കുറഞ്ഞ് വരുന്നത്. അതിന്റെ സ്ട്രെസ് അവരുടെ ഓരോരുത്തരുടെയും മുഖങ്ങളിൽ വളരെ വ്യക്തവുമാണ്.
എവിക്ഷന് ശേഷമുള്ള ഓരോരുത്തരുടെയും പെരുമാറ്റം ശ്രദ്ധിച്ചാൽ അവർ ഓരോരുത്തരും എത്ര പ്രഷറിലാണ് ഉള്ളതെന്നത് വ്യക്തമാകും. അതിനെ അവർ ഹാൻഡിൽ ചെയ്യുന്നത് പല രീതിയിലാണ്. ഇനി വീട്ടിലേക്കെത്താൻ പോകുന്ന വൈൽഡ് കാർഡുകളോട് ശത്രുത തോന്നുന്നതും അവർക്കുവേണ്ടി ആഹാരം ബാക്കിയാക്കണ്ട എന്ന് പറയാൻ തോന്നുന്നതും എല്ലാം അതേ സ്ട്രെസ്സിന്റെ ഭാഗമാണ്. ഇന്നലെ വരെ തങ്ങളുണ്ടായിരുന്ന വീടല്ല ഇതെന്ന ചിന്ത അവരിൽ ഓരോരുത്തർക്കുമുണ്ട്. ഓരോരുത്തരുടേയുടെയും കാരക്ടർ അനുസരിച്ചാണ് അവരാ സാഹചര്യത്തെ മനസിലാക്കുകയും കടത്തിവിടും ചെയ്യുന്നത്. അതുകൊണ്ടാണ് താഷിയും നോബിയും ആസിഫും ഒക്കെ കൂടുതൽ അഗ്രസീവ് ആകുന്നത്. നേഹയും എൽദോയും കൂടുതൽ നിശബ്ദരാകുന്നത്.
ഈ സാഹചര്യത്തെ ക്രാക്ക് ചെയ്യാനായ ഒരാൾ മാത്രമേ വീട്ടിൽ ഉള്ളൂ. അത് ഷിജിനാണ്. ഒരു പരിധിവരെ കൊമ്പനും എന്ന് വേണമെങ്കിൽ പറയാം. പക്ഷേ കൊമ്പന് അതിന് സാധിക്കുന്നത് അയാളുടെ പ്രിയപ്പെട്ട രണ്ടാളുകളും വീട്ടിൽ ഇപ്പോഴും തുടരുന്നത് കൊണ്ടാണ്. ഐശ്വര്യയോ ഷിജിനോ പുറത്തായാൽ ഇതായിരിക്കില്ല കൊമ്പന്റെ പ്രതികരണം. പക്ഷേ ഷിജിൻ അങ്ങനെയല്ല. മനഃപൂർവം ആയാലും അല്ലെങ്കിലും അയാൾ വീട്ടിൽ സ്വീകരിച്ച ഒറ്റപ്പെടൽ മോഡ് തന്നെയാണ് ഷിജിനെ ഇതിന് സഹായിച്ചതും. മറ്റുള്ള എല്ലാവർക്കും അവരുടെ പ്രിയപ്പെട്ട ആരെങ്കിലുമൊക്കെ ഈ മാസ് എവിക്ഷനിൽ പുറത്തായിട്ടുണ്ട്. മാനസികമായി അടുപ്പമുണ്ടായിരുന്ന, പ്രിയപ്പെട്ടവരായിരുന്ന, പരസ്പരം സമയം ചെലവഴിച്ചിരുന്ന പലരുടെയും ഒറ്റയടിക്കുള്ള പുറത്താവൽ കാരണം അവരെല്ലാം മാനസികമായി ഏറെ ബ്രേക്ക് ഡൗൺ ആയിട്ടുമുണ്ട്. ആ സംഭവം നൽകിയ ലൂപ്പിലാണ് അവർ തുടരുന്നത്. ഇതൊരു ഗെയിം ആണെന്നും ഇതിന് പുറത്തുള്ളതാണ് യഥാർത്ഥ ലോകമെന്നുമുള്ള തിരിച്ചറിവിന് പലർക്കും സാധിക്കുന്നില്ല. എന്നാൽ ഷിജിനെ സംബന്ധിച്ച് ഇതെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്. ഇന്നലെവരെ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇനി അങ്ങോട്ടും അയാൾക്ക് അനുഭവപ്പെടുക. പുതിയ കുറച്ചുപേർ വീട്ടിലേക്ക് എത്തിയാലും അത് ഷിജിനെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ വൈൽഡ് കാർഡ് ആയി എത്തുന്നവർക്ക് ആഹാരം കരുതേണ്ടത് നിലവിൽ വീട്ടിലുള്ളവരുടെ കടമയാണെന്ന് അയാൾ വിശ്വസിക്കുന്നു. അതിനപ്പുറത്തേക്ക് പോയ ആളുകളെ കുറിച്ച് ഷിജിൻ ഇമോഷണലാകുന്നില്ല. കാരണം പോയവർ അയാൾക്ക് തന്റെ സഹമത്സരാർത്ഥികൾ മാത്രമായിരുന്നു എന്നതാണ്. ഏതായാലും ഇതുവരെ മറ്റൊരു സീസണിലും കാണാത്ത ഈ മാസ് എവിക്ഷൻ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമായി മാറുമെന്ന് ഉറപ്പാണ്.



