'രാത്രിയിൽ തുടർച്ചയായി നാലു ദിവസം സംവിധായകൻ കതകിൽ മുട്ടി'; ദുരനുഭവങ്ങൾ പങ്കുവെച്ച് നടിയുടെ ഇ-മെയിൽ സന്ദേശം
2018ൽ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമോ നടപടിയോ ഉണ്ടായില്ലെന്നും അമ്മ അംഗമായ തനിക്ക് നിതീ നിഷേധിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി.
അബുദബി:സംവിധായകൻ കതകിൽ മുട്ടിയതും പ്രതിഫലം പോലും തരാതെ വഞ്ചിച്ചതും കാട്ടി പരാതി നൽകിയിട്ടും അമ്മ നേതൃത്വം ഇടപെടാതിരുന്നതിനെക്കുറിച്ചുമുള്ള ദുരനുഭവങ്ങള്‍ വിവരിച്ചുള്ള നടിയുടെ ഇ-മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2006 ൽ ഒരു സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ നടി ആരോപിക്കുന്നത്. മറ്റു സിനിമകളിൽ പ്രതിഫലം നൽകാതെ വഞ്ചിച്ചതും സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവവും ചൂണ്ടികാണിച്ച് 2018ൽ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമോ നടപടിയോ ഉണ്ടായില്ലെന്നും അമ്മ അംഗമായ തനിക്ക് നിതീ നിഷേധിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി.
വൈകുന്ന നീതി നീതി നിഷേധത്തിന് തുല്യമാണെന്നും നടി ഇ-മെയിലില്‍ പറയുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പുതിയ മെയിൽ അയച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അമ്മയ്ക്കുള്ളിലെ നീതി നിഷേധത്തെ കുറിച്ചാണ് നടി ഇമെയിലില്‍ വിശദീകരിക്കുന്നത്.2006ലാണ് രാത്രിയിൽ കതകിൽ മുട്ടിയുള്ള സംവിധായകന്‍റെ പെരുമാറ്റമുണ്ടായത്.
ഇത് നാല് ദിവസത്തോളം തുടർന്നുവെന്നും പിന്നീട് സ്വന്തം അമ്മയെ വിവരമറിയിച്ച് റൂം മാറുകയായിരുന്നുവെന്നും നടി പറയുന്നു.ഈ സംഭവത്തിന് പിന്നാലെ സിനിമയിൽ തന്റെ ഡയലോഗുകളും സീനുകളും സംവിധായകൻ വെട്ടിക്കുറച്ചു. അന്ന് പരാതി പറയാൻ അമ്മയ്ക്ക് സംവിധാനമില്ലായിരുന്നു. പല പ്രൊഡക്ഷൻ കൺട്രോളർമാരും സിനിമയ്ക്ക് വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നാണ്. ഇടയ്ക്ക് സിനിമയിൽ പ്രതിഫലം തരാത്ത വിഷയം പറഞ്ഞപ്പോൾ അമ്മ സെക്രട്ടറി പറഞ്ഞത് പ്രശ്നമാക്കേണ്ടെന്നും കരിയറിനെ ബാധിക്കുമെന്നുമായിരുന്നു. ഇപ്പോഴും പല സിനിമകളിലും പ്രതിഫലം കിട്ടാനുണ്ട്.
പ്രശ്നങ്ങളുയർന്നാൽ അത് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. ഇതിനാൽ പലർക്കും നീതി ലഭിക്കുന്നില്ല. 2018ൽ അയച്ച മെയിലിന് പുറമെ ആഗസ്ത് 20ന് വീണ്ടും മെയിലയച്ചിട്ടുണ്ട് നടി വ്യക്തമാക്കി. അമ്മ ജനറൽ ബോഡിക്കും പ്രസിഡന്റിനുമാണ് നടി പുതിയ മെയിൽ അയച്ചിരിക്കുന്നത്. ശക്തരോടൊപ്പം ചേർന്ന് നിന്ന് ദുർബലരെ സമ്മർദത്തിലാക്കാനല്ല അമ്മ സംഘടനയെന്നും നടി തുറന്നടിച്ചു. വിശ്വസ്തതയോടെ, അസ്വസ്ഥയായ അംഗം എന്നു പറഞ്ഞാണ് മെയിൽ അവസാനിപ്പിച്ചിരിക്കുന്നത്. ഒന്നിനും ഇപ്പോഴും മറുപടിയില്ല. ഒരു ഘട്ടത്തിൽ പോലും പോസിറ്റീവ് ആയ ഇടപെടലുണ്ടായില്ലെന്ന് നടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇ-മെയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിര്‍ണായക യോഗം നാളെ