സാമൂഹ്യപ്രസക്തമായ വിഷയം, മോഹന്‍ലാലിന്‍റെ വേറിട്ട പ്രകടനം
തിരക്കഥാകൃത്തായി മോഹന്‍ലാലിന് (Mohanlal) എണ്ണം പറഞ്ഞ ബോക്സ് ഓഫീസ് ഹിറ്റുകള്‍ നല്‍കിയിട്ടുള്ള ആളാണ് രഞ്ജിത്ത് (Ranjith). ഇന്‍ഡസ്ട്രിയില്‍ മോഹന്‍ലാലിന്‍റെ താരമൂല്യം ഉയര്‍ത്തിയ ദേവാസുരവും ആറാം തമ്പുരാനുമൊക്കെ അക്കൂട്ടത്തിലുണ്ട്. പിന്നീട് സംവിധായകനായി അരങ്ങേറാന്‍ രഞ്ജിത്ത് ഒപ്പം ചേര്‍ത്തതും മോഹന്‍ലാലിനെ ആയിരുന്നു. താന്‍ തന്നെ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെക്കൂടി അവതരിപ്പിച്ച രാവണപ്രഭു എത്തിയത് 2001ല്‍ ആയിരുന്നു. തിയറ്ററുകള്‍ പൂരപ്പറമ്പുകളാക്കിയ രാവണപ്രഭുവിനു ശേഷം അഞ്ച് ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്‍തത്. പറയുന്ന വിഷയം കൊണ്ടും മോഹന്‍ലാലിന്‍റെ പാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടുമൊക്കെ അക്കൂട്ടത്തില്‍ വേറിട്ടുനിന്ന ഒന്നാണ് 2012ല്‍ പുറത്തെത്തിയ സ്പിരിറ്റ് (Spirit Movie). ചിത്രം തിയറ്ററുകളിലെത്തിയതിന്‍റെ പത്താം വാര്‍ഷികമാണ് ഇന്ന്.
നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ എക്കാലത്തും പ്രസക്തിയുള്ള മദ്യാസക്തി എന്ന വിഷയത്തെക്കുറിച്ചാണ് ചിത്രം സംസാരിച്ചത്. എന്നാല്‍ അത് ഒരു ഡോക്യുമെന്‍ററിയായോ കവല പ്രസംഗമായോ മാറാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാക്കി മാറ്റാനായതിലാണ് രഞ്ജിത്തിന്‍റെ മികവ്. മോഹന്‍ലാലിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മദ്യാസക്തിയുള്ള കഥാപാത്രങ്ങളായി എപ്പോഴും സ്ക്രീനില്‍ ശോഭിച്ചിട്ടുള്ള ആളാണ് മോഹന്‍ലാല്‍. അയാള്‍ കഥയെഴുതുകയാണിലെ സാഗര്‍ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അക്കൂട്ടത്തില്‍ ചിലര്‍. എന്നാല്‍ പാത്രസൃഷ്ടികൊണ്ടും മോഹന്‍ലാലിന്‍റെ പ്രകടനം കൊണ്ടും അവരില്‍ നിന്നൊക്കെ വേറിട്ടുനിന്ന ആളായിരുന്നു സ്പിരിറ്റിലെ രഘുനന്ദന്‍. തിരക്കഥാകൃത്തായും സംവിധായകനായും മോഹന്‍ലാലിനെ മാസ് എലമെന്‍റുകളോടെ അവതരിപ്പിച്ചിട്ടുള്ള രഞ്ജിത്ത് സ്പിരിറ്റില്‍ അദ്ദേഹത്തിലെ താരത്തെയും നടനെയും ഒരേപോലെ ഉപയോഗിക്കുകയായിരുന്നു. മദ്യാസക്തനായ, അതേസമയം താന്‍ ചെയ്യുന്ന ജോലിയില്‍ അഭിമാനിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി. ചിത്രത്തില്‍ അതിനൊപ്പം ചേര്‍ത്തുവെക്കാവുന്ന പ്രകടനമായിരുന്നു നന്ദുവിന്‍റേതും.
തിലകന്‍, മധു, കല്‍പന എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം, ഷഹബാസ് അമന്‍റെ സംഗീതം, വേണുവിന്‍റെ ഛായാഗ്രഹണം.. തുടങ്ങി ഒരു നല്ല സിനിമയ്ക്കു വേണ്ട ഘടകങ്ങളൊക്കെ ചേര്‍ന്നെത്തിയ സ്പിരിറ്റിന് തിയറ്ററുകളില്‍ പ്രേക്ഷകരും മികച്ച പ്രതികരണമാണ് നല്‍കിയത്. അതേസമയം റിലീസിന്‍റെ പത്താം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ട്വിറ്ററില്‍ മോഹന്‍ലാല്‍ എന്ന ടോപ്പിക്ക് ട്രെന്‍ഡിംഗും ആയിട്ടുണ്ട്.
ALSO READ : പൃഥ്വിരാജും വിവേക് ഒബ്റോയിയും നേര്‍ക്കുനേര്‍; ഷാജി കൈലാസിന്‍റെ കടുവ ടീസര്‍
