Asianet News MalayalamAsianet News Malayalam

അടുത്ത ഓണവും നേടാന്‍ 'പെപ്പെ'; ഒരുങ്ങുന്നത് കരിയറിലെ ഏറ്റവും വലിയ ചിത്രം, 100 അടി വലിപ്പമുള്ള ബോട്ട് ഒരുങ്ങി

കടലിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റിവഞ്ച് ആക്ഷൻ ഡ്രാമ

100 feat boat made for antony varghese new big budget movie weekend blockbusters sophia paul nsn
Author
First Published Jan 30, 2024, 4:31 PM IST

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വ്യത്യസ്ത ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർഡിഎക്സിൻ്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഇപ്പോൾ ഒരുങ്ങിയിരിക്കുകയാണ്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്കവിധമാണ് ചിത്രത്തിൻ്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിൽ ഏറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

യൗവ്വനത്തിൻ്റെ തിളപ്പും കൈയ്യിൽ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും ഉറച്ച മനസ്സുമുള്ള ഒരു യുവാവായ നായകന് ആൻ്റണി വർഗീസാണ് ജീവൻ നൽകുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭ, നന്ദു, സിറാജ് (ആർഡിഎക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസിൻ്റേതാണ് സംഗീതം. 

ഗാനരചന വിനായക് ശശികുമാർ, ഛായാഗ്രഹണം ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് ശ്രീജിത്‌ സാരംഗ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ് അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ നിസാർ റഹ്‍മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്), റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പിആർഒ ശബരി, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

ALSO READ : സിനിമാ ചിത്രീകരണത്തിനായി സെറ്റ് അല്ല, യഥാര്‍ഥ വീട്; താക്കോല്‍ കൈമാറി സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios