നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന സിരീസ്. റഹ്‍മാന്‍ കേന്ദ്ര കഥാപാത്രം

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഏറ്റവും പുതിയ മലയാളം സിരീസ് 1000 ബേബീസ് സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ സീരീസ് ആണ് ഇത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ എന്നീ ആദ്യ നാല് വെബ് സീരീസുകൾക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. കഥയിലും അവതരണത്തിലും ആദ്യ നാല് വെബ് സീരിയകളില്‍ നിന്ന് ഏറെ വ്യത്യസ്തതയുമായാണ് 1000 ബേബീസ് എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തില്‍ പെട്ട സിരീസ് ആണ് ഇത്.

നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസിന്‍റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ്. നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 1000 ബേബീസ് എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട ഒരു താരനിര തന്നെ അണിനിരക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും.

സഞ്ജു ശിവറാം, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ സിരീസില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഫെയ്‌സ് സിദ്ദിഖും സംഗീത സംവിധാനം ശങ്കർ ശർമ്മയുമാണ്. വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. 

ALSO READ : 'പണി അതിശയിപ്പിച്ചു'; ജോജുവിനും ടീമിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് സന്തോഷ് നാരായണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം