ഭക്ഷ്യവിഷബാധയേറ്റവർ കഴിച്ച ഭക്ഷണത്തിൻറെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ദർ എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണ സ്ഥലത്ത് ഭക്ഷ്യവിഷബാധ. നൂറ്റിയിരുപതോളം അണിയറ പ്രവർത്തകർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ലേയിൽ പുരോഗമിക്കുന്ന ഷെഡ്യൂളിനിടെയാണ് സംഭവം. ഞായറാഴ്ച വിളമ്പിയ അത്താഴത്തിന് ശേഷമാണ് അണിയറ പ്രവർത്തകർക്ക് വയറുവേദനയും ഛർദ്ദിയും തലചുറ്റലും തലവേദനയുമൊക്കെ അനുഭവപ്പെട്ടത്. ഇത് ചിത്രീകരണത്തെ തടസപ്പെടുത്തുകയും പ്രൊഡക്ഷൻ ജോലികൾ പൂർണ്ണമായും നിശ്ചലമാക്കുകയും ചെയ്തു. സിനിമയുടെ ലേ ഷെഡ്യൂളിൽ 600 അണിയറപ്രവർത്തകരാണ് ആകെ പങ്കെടുത്തിരുന്നത്. ഇതിൽ 120 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ഇവർ നിലവിൽ എസ് എൻ എം ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് ഫിലിംഫെയർ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷ്യവിഷബാധയേറ്റവർ കഴിച്ച ഭക്ഷണത്തിൻറെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റവരുടെ നിലയിൽ കാര്യമായ പുരോഗമിയുണ്ടെന്നും വൈകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൻറെ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഡിസംബർ 5 ആണ്. ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിരിക്കുന്ന ചിത്രത്തിൻറെ ചെറിയ ചില ഭാഗങ്ങളുടെ ചിത്രീകരണം മാത്രമാണ് അവശേഷിക്കുന്നത്.

ജിയോ സ്റ്റുഡിയോസ് , ബി 62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഉറി ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഛായാഗ്രഹണം വികാഷ് നൗലാഖ, എഡിറ്റർ ശിവകുമാർ വി പണിക്കർ, സംഗീതം ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം സ്‌മൃതി ചൗഹാൻ, ആക്ഷൻ എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം വിജയ് ഗാംഗുലി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News