തിരുവനന്തപുരം: പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയിലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഷോർട്ട് ഫിക്ഷനുള്ള പുരസ്കാരം അസാമിസ് ഭാഷയിൽ ഒരുക്കിയ 'ലുക്ക് അറ്റ് ദി സ്കൈ' കരസ്ഥമാക്കി. അശോക് വെയിലോ സംവിധാനം ചെയ്ത 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്.

ഷാസിയ ഇക്ബാൽ സംവിധാനം ചെയ്ത 'ഡൈയിങ് വിൻഡ് ഇൻ ഹേർ ഹെയർ' മികച്ച രണ്ടാമത്തെ ഷോർട്ട് ഫിക്ഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. ഹിന്ദി. ഉറുദു, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനുരാ​ഗ് കശ്യപ് ആണ്. കേരളത്തിൽ നിർമ്മിച്ച ചെയ്ത മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം 'പ്രതിച്ഛായ' എന്ന ചിത്രം സ്വന്തമാക്കി. ​ഗായത്രി ശശി പ്രകാശ് സംവിധാനം ചെയ്ത 16 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അനഘ ശിവകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.

മികച്ച ലോംഗ് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം 'മോത്തി ബാഗ്', 'ജനനിസ് ജൂലിയറ്റ്' എന്നിവ പങ്കിട്ടു. നിർമ്മൽ ചന്ദർ ദാന്ദ്രിയാൽ ആണ് സംവിധാനം. ഹിന്ദി ഭാഷയിൽ ഒരുക്കിയ 59 മിനിറ്റ് ദൈർഘ്യമുള്ള മോത്തി ബാഗ്, പിഎസ്ബിടി/ ദൂരദർശൻ ആണ് നിർമ്മിച്ചിരിക്കുന്നത്. തമിഴ്, ഇം​ഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുക്കിയ ഡോക്യുമെന്‍ററിയാണ് ജനനിസ് ജൂലിയറ്റ്. 53 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി പങ്കജ് റിഷി കുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രാജീവ് മഹ്റോത്രയാണ് നിർമ്മാണം.

പ്രമുഖ ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ 'വിവേക്' (റീസൺ) മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. മറാത്തി, ഇം​ഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരുക്കിയ ഡോക്യുമെന്‍ററി ആനന്ദ് പട്‌വർധൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. 236 മിനിറ്റാണ് ദൈർ​ഘ്യം.

മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം പ്രതീക് ശേഖർ സംവിധാനം ചെയ്ത 'ചായ് ദർബരി'ക്ക് ലഭിച്ചു. ഹിന്ദിയിൽ ഒരുക്കിയ 29 മിനിറ്റ് ഡോക്യുമെന്ററി ദൽജീത് സാഡയാണ് നിർമ്മിച്ചിരിക്കുന്നത്. 'ദി സീ ലാഫ് അറ്റ് ദി മൗൺഡെയ്ൻ' എന്ന ഡോക്യുമെന്‍ററി മികച്ച രണ്ടാമത്ത ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. റോബിൻ ജോയ് സംവിധാനം ചെയ്ത ഡോക്യുമെന്ററി പൂനെയിലെ ഫിലിം ആൻ‍ഡ് ടെലിവിഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചിരിക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ദി സീ ലാഫ് അറ്റ് ദി മൗൺഡെയ്ൻ മറാത്തി ഭാഷയിൽ ഒരുക്കിയ ഡോക്യുമെന്‍ററിയാണ്.

മികച്ച ഡോക്യുമെന്ററി ഛായാ​ഗ്രാഹകനുള്ള നവ്റോസ് കോൺട്രാക്ടർ പുരസ്കാരത്തിന് സൗരഭ് കാന്തി ദത്ത അർഹനായി. സംഘജിത് ബിശ്വാസ്  സംവിധാനം ചെയ്ത 'ലോ​ഗ്ര'യാണ് ഡോക്യുമെന്ററി. ഇം​ഗ്ലീഷിൽ ഒരുക്കിയ 27 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് രാജീവ് മെഹ്റോത്ര ആണ്. ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിമന് മധുശ്രീ ദത്ത അർഹയായി.