നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാൻ(12th Man). കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലെത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തിൽപ്പെട്ട ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ട്വൽത്ത് മാന്റെ ട്രെയിലർ നാളെ വൈകുന്നേരം എത്തുമെന്ന് മോഹൻലാൽ അടക്കമുള്ളവർ അറിയിച്ചു. നാളെ 6 മണിക്കാകും ട്രെയിലർ റിലീസ് ചെയ്യുക. അതേസമയം, ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഒടിടിയായി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
