പ്രമുഖ വിതരണക്കാരായ പ്രത്യംഗിര സിനിമാസ് ആണ് ചിത്രം യുഎസില്‍ എത്തിക്കുന്നത്

മലയാളം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം 2018 വന്‍ വിജയത്തെ തുടര്‍ന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും (മൊഴിമാറ്റ പതിപ്പുകള്‍) കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. ഇതില്‍ തമിഴ്, തെലുങ്ക് പതിപ്പുകള്‍ മികച്ച പ്രതികരണമാണ് നേടിയത്, വിശേഷിച്ചും തെലുങ്ക് പതിപ്പ്. അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് യുഎസ് റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ വിതരണക്കാരായ പ്രത്യംഗിര സിനിമാസ് ആണ് ചിത്രം യുഎസില്‍ എത്തിക്കുന്നത്. മികച്ച തിയറ്റര്‍ കൌണ്ടോടെയാണ് ചിത്രം എത്തുക.

ചിത്രം യുഎസിലെ നൂറിലധികം സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രത്യംഗിര സിനിമാസ് അറിയിച്ചിട്ടുണ്ട്. ജൂണ്‍ 1 ന് ആണ് റിലീസ്. ചിത്രം ഒടിടി റിലീസ് ആയി എത്തുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്ക് പതിപ്പിന് യുഎസ് റിലീസ് സംഭവിക്കുന്നത് എന്നതും കൌതുകകരമാണ്. ജൂണ്‍ 7 ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. അതേസമയം ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 5.47 കോടിയാണ്.

Scroll to load tweet…

അതേസമയം മോളിവുഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി 150 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമാണ് 2018. 25 ദിവസം കൊണ്ട് 160 കോടിയിലധികം ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. യുഎഇ, ജിസിസി, യുകെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. കേരളം 2018 ല്‍ നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രവുമാണ് ഇത്.

ALSO READ : അഖില്‍ മാരാരുടെ സഭ്യേതര പ്രവര്‍ത്തി; ശിക്ഷ പ്രഖ്യാപിച്ച് ബിഗ് ബോസ് കോടതി

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi