1997 ല്‍ പുറത്തിറങ്ങിയ നേരുക്ക് നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയ ജീവിതം ആരംഭിച്ചത്
ഭാഷാഭേദമന്യെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ തമിഴ് താരം സൂര്യ അഭിനയജീവിതം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 25 വര്‍ഷം. വസന്തിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ നേരുക്ക് നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയ ജീവിതം ആരംഭിച്ചത്. വിജയ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് വിജയ് എന്നും സൂര്യയുടെ കഥാപാത്രത്തിന്‍റെ പേര് സൂര്യയെന്നും ആയിരുന്നു. സൂര്യയുടെ അഭിനയ ജീവിതത്തിന്‍റെ 25-ാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ കൊണ്ടാടുകയാണ്. #25YearsOfSuriyaism എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ട്രെന്‍ഡിംഗ് ആണ്. ഇപ്പോഴിതാ അഭിനയജീവിതത്തില്‍ സഹോദരന്‍ ഒരു നാഴികക്കല്ല് പിന്നിടുമ്പോള്‍ സൂര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് കാര്‍ത്തി. സ്വന്തം സഹോദരന്‍റെ വിജയങ്ങളില്‍ അഭിമാനിക്കുന്ന അനുജനെ ആ വാക്കുകളില്‍ കാണാം.
"സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കാനാണ് എല്ലായ്പ്പോഴും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപ്പോന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മനസിന്‍റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്‍റെ ജ്യേഷ്ഠന്‍", എന്നാണ് കാര്‍ത്തിയുടെ കുറിപ്പ്. ജ്യേഷ്ഠനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രമാണ് കുറിപ്പിനൊപ്പം കാര്‍ത്തി പങ്കുവച്ചിരിക്കുന്നത്.
കരിയറില്‍ ഇടക്കാലത്ത് സംഭവിച്ച ഒരു ഇടിവിനു ശേഷം ഉയര്‍ച്ചയുടെ പാതയിലാണ് സൂര്യ. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ സൂരറൈ പോട്ര്, ജയ് ഭീം എന്നിവ വന്‍ പ്രേക്ഷകപ്രീതിയാണ് നേടിയത്. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് എതര്‍ക്കും തുനിന്തവന്‍ വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. എന്നാല്‍ സമീപകാലത്തെ ഒരു അതിഥിവേഷമാണ് സൂര്യ ആരാധകര്‍ തിയറ്ററുകളില്‍ ആഘോഷമാക്കിയത്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ റോളക്സ് ആയിരുന്നു സൂര്യയുടെ ആ കഥാപാത്രം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍, ബാല ഒരുക്കുന്ന വണങ്കാന്‍, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് സൂര്യയുടെ അണിയറയില്‍ തയ്യാറാവുന്ന ചിത്രങ്ങള്‍. സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്.
ALSO READ : ഒടിടി രക്ഷിക്കുമോ?, 'ലാല്‍ സിംഗ് ഛദ്ദ'യുടെ ഓണ്‍ലൈൻ റിലീസ് നേരത്തെയാക്കാൻ ശ്രമം
