തമ്പ്,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്.
രാജ്യാന്തര ചലച്ചിത്ര മേളയിൽ(IFFK 2022) ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ. ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്. രാഹുൽ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്, ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട, ചവിട്ട്, സണ്ണി, എന്നിവർ, നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
തമ്പ്,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത ,പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ,ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
Read Also: IFFK 2022 : 15 തിയറ്ററുകള്‍, 173 സിനിമകള്‍; ഐഎഫ്എഫ്കെ 18 മുതല്‍
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് തുടക്കമാവും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read More: 26th IFFK : ഐഎഫ്എഫ്കെ മാര്‍ച്ച് 18 മുതല്‍; എട്ട് ദിവസങ്ങളിലായി 180 ചിത്രങ്ങള്‍
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും.
