Asianet News MalayalamAsianet News Malayalam

മോഹൻലാലടക്കം അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നിലെന്ത്? ഏറ്റവും പ്രധാനം 5 കാരണങ്ങൾ

'ആരോപണങ്ങൾക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരാവാദിത്വത്തിൽ നിന്ന് ഒഴിയുക'

5 reasons behind Mohanlal and Amma executive committee mass resign
Author
First Published Aug 27, 2024, 5:13 PM IST | Last Updated Aug 27, 2024, 6:07 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിൽ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഭരണ സമിതി ഒന്നടങ്കവും രാജിവക്കേണ്ടിവന്നത് ഏറ്റവും പ്രധാനമായി 5 കാര്യങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. 

അമ്മ ഭരണസമിതി എന്തുകൊണ്ട് രാജിവെച്ചു? 5 കാരണങ്ങൾ ഇങ്ങനെ

1. ആരോപണങ്ങൾക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുക
2. പൃഥ്വിരാജടക്കമുളള പുതുതലമുറ, നിലവിലെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലം
3. ജഗദീഷ് അടക്കം ഭാരവാഹികൾ ചേരിതിരിഞ്ഞതും നിർണായകമായി
4. സംഘടനയുടെ അധികാരം ജനറൽ സെക്രട്ടറിക്കാണ്. സിദ്ദിഖ് രാജിവെച്ചതോടെ ഈ സ്ഥാനത്തേക്ക് സർ‍വസമ്മതനായ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയാതെവന്നു
5. സ്ത്രീകൾക്ക് മുൻതൂക്കമുളള പുതിയ ഭരണസമിതി വരണമെന്ന് മുതിർന്ന അംഗങ്ങളടക്കം നിർദേശിച്ചതും നിർണായകമായി

ഇതിനൊപ്പം തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.

മോഹൻലാലിന്‍റെ രാജിക്കത്ത്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും'.

'ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം', തൃശൂരിലെ മോശം പെരുമാറ്റത്തിൽ അനിൽ അക്കര

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios