സുശാന്ത് സിങ് രാജ്‌പുത് അസ്വാഭാവിക മരണക്കേസിൽ മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ അവിശ്വാസം ജനിപ്പിക്കുന്ന രീതിയിൽ മനഃപൂർവ്വമുള്ള പ്രചാരണം നടത്താൻ വേണ്ടി, ജൂൺ 14 മുതൽ പല സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി, സൃഷ്ടിക്കപ്പെട്ടത് 80,000 -ലധികം വ്യാജ അക്കൗണ്ടുകളാണ് എന്ന ഞെട്ടിക്കുന്ന വിവരവുമായി മുംബൈ സൈബർ പൊലീസ് രംഗത്ത്. സാധാരണയിൽ കവിഞ്ഞ ഒരു പ്രചാരണം സൈബറിടങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽ പെട്ട മുംബൈ പൊലീസ് കമ്മീഷണർ ആണ് വിഷയത്തിൽ ഒരു വിശദമായ അന്വേഷണം നടത്താൻ സൈബർ സെല്ലിനെ നിയോഗിക്കുന്നത്. ഐടി ആക്റ്റ് പ്രകാരം കേസെടുത്ത് സൈബർ സെൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഈ ആശങ്കാജനകമായ വിവരം പുറത്തുവന്നിട്ടുള്ളത്. 

ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ലോവേനിയ, ഇൻഡോനേഷ്യ, ടർക്കി, തായ്‌ലൻഡ്, റൊമാനിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നൊക്കെ പല ഭാഷകളിലായി സുശാന്ത് വിഷയത്തിൽ നിരന്തരം പോസ്റ്റുകളിലൂടെയുള്ള പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. #justiceforsushant #sushantsinghrajput, #SSR എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളിൽ വിദേശ ഭാഷകളിൽ പോലും പോസ്റ്റുകൾ വന്നതായി സൈബർ സെല്ലിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ പോസ്റ്റുകൾ ചെയ്തവരുടെ വ്യക്തിവിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് കേസ് അന്വേഷിക്കുന്ന ഐപിഎസ് ഓഫീസർ പറഞ്ഞു.

"കൊവിഡ് കാലം മുംബൈ പൊലീസ് സേനയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ഒരു കാലമായിരുന്നു. ഞങ്ങളുടെ 84 പോലീസുകാർ കൊവിഡ് ബാധിച്ചു മരിച്ചു. 6000 -ലധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. മുംബൈ പൊലീസിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം വെച്ച് നടന്ന ഒരു ദുരുപദിഷ്ടമായ കാമ്പെയിനായിരുന്നു ഇത്. അതിനായി നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നടത്തപ്പെട്ടു. എല്ലാവര്ക്കും എതിരെ ഐടി ആക്റ്റ് ചുമത്തി കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കും" മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിനിടെ AIIMS -ലെ ഡോക്ടർമാർ അടങ്ങിയ വിദഗ്ധ സംഘം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ ആയിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട് എന്നും കമ്മീഷണർ അറിയിച്ചു.