Asianet News MalayalamAsianet News Malayalam

'സംഘപരിവാറിന് സാംസ്‌കാരിക ലോകത്തെ ഭയം'; സെറ്റ് തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

കൊവിഡ് 19നെ തുടര്‍ന്ന് സിനിമാ മേഖലയാകെ പ്രതിസന്ധി നേരിടു ഘട്ടമാണിത്. അത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ചില നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്ന് സിനിമാ മേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരം അപമാനകരമായ പ്രവൃത്തികള്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്

a k balan response in destroying cinema set issue
Author
Palakkad, First Published May 25, 2020, 8:32 PM IST

പാലക്കാട്: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിന് തയാറാക്കിയ സെറ്റ് തകര്‍ത്ത സംഭവം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണെന്ന് മന്ത്രി എ കെ ബാലന്‍. ആര്‍എസ്എസിനും സംഘപരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്. അതുകൊണ്ടാണ്  ഇത്തരം  ആക്രമണങ്ങള്‍  അവര്‍  തുടരെ  നടത്തുന്നത്. എംടിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇവര്‍ അപമാനിച്ചു. കൊവിഡ് 19നെ തുടര്‍ന്ന് സിനിമാ മേഖലയാകെ പ്രതിസന്ധി നേരിടു ഘട്ടമാണിത്.

അത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ചില നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്ന് സിനിമാ മേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരം അപമാനകരമായ പ്രവൃത്തികള്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് നിരക്കാത്തതെന്ന് അവര്‍ക്കു തോന്നുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയെന്ന രീതിയാണ് വര്‍ഗീയ ശക്തികളുടേത്.

ഇത് കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം ആക്രമണങ്ങള്‍ക്ക് സാംസ്‌കാരിക കേരളം കീഴ്പെടുകയില്ലെന്ന് സംഘപരിവാര്‍ മനസിലാക്കണമെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്  അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ തുക ചെലവഴിച്ചു നിര്‍മിച്ചതാണ് കാലടിയിലെ  സെറ്റ്. ഇത് കാലടി മണപ്പുറത്ത് സ്ഥാപിക്കാന്‍  ആവശ്യമായ  അനുമതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

കൊവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണമാണ് ഷൂട്ടിംഗ് മുടങ്ങിയത്. പ്രതിസന്ധികള്‍ നീങ്ങിയാല്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങാന്‍ സിനിമയുടെ നിര്‍മാതാവും സംവിധായകനും ഒരുങ്ങിയിരിക്കെയാണ് സെറ്റ് തകര്‍ത്തത്. സെറ്റ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്  ഒരു സംഘടന രംഗത്തുവന്നിട്ടുണ്ട്. നിയമപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വര്‍ഗീയമായി കണ്ട്  തകര്‍ക്കാന്‍ ശ്രമിക്കുന്ന ധിക്കാരത്തിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ബാലന്‍ ഉറപ്പ് നല്‍കി.

അതേസമയം, കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവുമാണെന്ന് വ്യക്തമായി. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍ംഗദളിന്‍റെയും പ്രവർത്തകരാണ്. 

Follow Us:
Download App:
  • android
  • ios