കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിൽ

സൗത്ത് ഏഷ്യയിലെ വലിയ എൽജിബിടിക്യു പ്ലസ് ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിക്ക് കാഷിഷ് റെയിൻബോ വാരിയർ അവാർഡ് സമ്മാനിച്ചു.

മാധ്യമപ്രവർത്തകനും ഹംസഫർ ട്രസ്റ്റ് സ്ഥാപകരിൽ ഒരാളുമായ അശോക് റോ കവിയിൽ നിന്ന് രേവതി അവാർഡ് ഏറ്റുവാങ്ങി. ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' ഇന്ത്യൻ സെൻ്റർ പീസ് സിനിമയായി പ്രദർശിപ്പിച്ചു. സിനിമക്ക് മികച്ച പ്രതികരണമാണ് ഫെസ്റ്റിവൽ വേദിയിൽ ലഭിച്ചത്. ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളിൽ ഏക ഇന്ത്യൻ സിനിമയാണ് ഞാൻ രേവതി. കോഴിക്കോട് നടന്ന ഐഇഎഫ്എഫ്കെയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിരുന്നു.

പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ 'ദ ട്രൂത്ത് എബൗട്ട് മീ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ഞാൻ രേവതി'. പെരുമാൾ മുരുകൻ, ആനിരാജ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, എ മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന, ഉമ, ഭാനു ,ലക്ഷ്മി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി, ഇഷാൻ, കെ. ഷാൻ, ശ്യാം, ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെൻ്ററിയിലുണ്ട്. രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെൻ്ററി. മികച്ച ട്രാൻസ്ജെൻഡർ 2025 സംസ്ഥാന പുരസ്കാരം മുഖ്യമന്ത്രി സ്‌റ്റാലിൻ എ രേവതിക്ക് സമ്മാനിച്ചിരുന്നു.

രണ്ടര വർഷം കൊണ്ട് നാമക്കൽ, ചെന്നൈ, കോയമ്പത്തൂർ, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ. ചായാഗ്രാഹണം മുഹമ്മദ് എ, എഡിറ്റിങ് അമൽജിത്ത്. ചിത്രത്തിന്റെ പി ആർ ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്‍റ് പി ആർ സുമേരൻ.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News