അഖില്‍ മാരാര്‍ക്ക് എതിരെ നാദിറ.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനു പിന്നാലെ ദിലീപിനെ പിന്തുണച്ച് നിരന്തരം രംഗത്തെത്തുന്നയാളാണ് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്ത് അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ വലിയ വിവാദമാകുകയും ചെയ്തിരുന്നു. അഖിലിന്റെ ഈ നിലപാടിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഉറ്റസുഹൃത്തുക്കളിൽ ഒരാളും ബിഗ്ബോസിൽ അഖിൽ മാരാരുടെ സഹമൽസരാർത്ഥിയുമായിരുന്ന നാദിറ മെഹ്‍റിൻ. തിരുവനന്തപുരത്തു വെച്ചു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ നാദിറ, ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
''അഖിൽ അടുത്ത സുഹൃത്താണ്. ആ സൗഹൃദത്തിന് വലിയ കോട്ടമൊന്നും തട്ടാതെ കടന്നുപോകുന്നുണ്ടെങ്കിലും രാഷ്ട്രീയപരമായി രണ്ട് അഭിപ്രായങ്ങളുള്ള വ്യക്തികളാണ് ഞങ്ങൾ. അഖിൽ മാരാരുടെ അവസാനത്തെ പോസ്റ്റ് ഒരു സ്ത്രീയായ എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കാരണം ഇരയാക്കപ്പെട്ട സ്ത്രീ അതിജീവിക്കുന്നുണ്ട് എന്ന് സമൂഹത്തോടും കോടതിയോടും തുറന്നുപറയുമ്പോഴും അവളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള തോന്നൽ ഉണ്ടായിട്ടുണ്ട്. റേപ്പ് ചെയ്യപ്പെടുന്നത് എങ്ങനെയാണ് നമുക്ക് ഡെമോ ചെയ്ത് കാണിക്കാൻ കഴിയുക? ഇരയാക്കപ്പെട്ട സ്ത്രീ വളരെ കൃത്യമായി അത് പറയുകയും കോടതിക്ക് അത് ബോധ്യപ്പെടുകയും ചെയ്തു. അതിനപ്പുറത്തേക്ക് ഇനിയെന്താണ് വേണ്ടത്?
അഖിലിനെപ്പോലെയുള്ളവർ ഒരുപാടു പേരെ ഇൻഫ്ളുവൻസ് ചെയ്യുന്നതാണ്. അങ്ങനെയൊരാൾ ഇങ്ങനെയുള്ള പോസ്റ്റുകളിടുമ്പോൾ വലിയ പേടിയും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകുന്നുണ്ട്. ഇനി ഒരു അതിജീവിതയോ ഇരയാക്കപ്പെട്ട സ്ത്രീയോ എങ്ങനെയാണ് ഇക്കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകുക? തുറന്നുപറഞ്ഞാൽ ഇത്തരം ഒറ്റപ്പെടലുകളും ആക്രമണങ്ങളും ഉണ്ടാകുമെന്നുള്ള പേടി അവർക്കുണ്ടാകില്ലേ? അതൊരു വലിയ പ്രശ്‍നം തന്നെയാണ്. അഖിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നു. ആ വ്യക്തി കടന്നുപോകുന്ന ബുദ്ധിമുട്ടുകൾ ഓർത്തിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു'', നാദിറ പറഞ്ഞു.
