ബാര്‍ബി ശര്‍മയാണ് ടൈറ്റില്‍ കഥാപാത്രം പ്യാലിയായി എത്തിയിരിക്കുന്നത്
ബബിതയും റിന്നും ചേര്‍ന്ന് സംവിധാനം ചെയ്‍ത പ്യാലി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം കണ്ട ഒരു അധ്യാപികയുടെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്. ചിത്രം ചിന്തിപ്പിച്ചുവെന്നും കുട്ടികളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സാധിച്ചുവെന്നും അധ്യാപിക പറയുന്നു.
"ചുറ്റും നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ പ്യാലി കാണിച്ചു തന്നു. സഹോദരീ, സഹോദര ബന്ധം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ടീച്ചര്‍ എന്ന നിലയില്‍ പല കാര്യങ്ങളും മനസിലേക്ക് വന്നു. വിദ്യാഭ്യാസം എന്നാല്‍ പുസ്‍തങ്ങളിലോ നാല് ചുവരുകള്‍ക്കുള്ളിലോ ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് ചിത്രം ഓര്‍മിപ്പിച്ചു. തങ്ങളുടെ കുറേ കുട്ടികള്‍ കരഞ്ഞു", അവരെ ചിത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.
ജൂലൈ എട്ടിനായിരുന്നു പ്യാലി തീയറ്ററുകളില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബാര്‍ബി ശര്‍മയാണ് ടൈറ്റില്‍ കഥാപാത്രം പ്യാലിയായി എത്തിയിരിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്യാലിയിലെ അഭിനയത്തിന് ബാര്‍ബി ശര്‍മയ്ക്കാണ് ലഭിച്ചത്. ഇത് കൂടാതെ മികച്ച കലാസംവിധാനത്തിലുള്ള പുരസ്‌കാരവും ഈ സിനിമയ്ക്കായിരുന്നു.
ALSO READ : എന്തുകൊണ്ട് 'പ്യാലി'യുടെ നിര്‍മ്മാണ പങ്കാളിയായി? ദുല്‍ഖറിന്‍റെ മറുപടി
ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം സുനില്‍ കുമാരന്‍, സ്റ്റില്‍സ് അജേഷ് ആവണി, വസ്ത്രാലങ്കാരം സിജി തോമസ്, മേക്കപ്പ് ലിബിന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, പിആര്‍ഒ പ്രതീഷ് ശേഖർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
