കോളിവുഡ് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് ഈ വാരം പുറത്തെത്തിയ 'ആടൈ'. അമല പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌നകുമാര്‍ ആണ്. അമല പോളിന്റെ കരിയറില്‍ വലിയ ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ 'കാമിനി'. തീയേറ്ററുകളില്‍ രണ്ട് ദിവസം പിന്നിടുമ്പോള്‍ പ്രചരണാര്‍ഥം ചിത്രത്തിലെ ഒരു രംഗം പുറത്തെത്തിയിരിക്കുകയാണ്. മൂവി ബഫ് ആണ് 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സ്‌നീക്ക് പീക്ക്' പുറത്തുവിട്ടിരിക്കുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍നിശ്ചയപ്രകാരമുള്ള ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ റിലീസ് തടസ്സപ്പെട്ടിരുന്നു. ചിത്രത്തിന്റെ കെഡിഎം കീ (കീ ഡെലിവറി മെസേജ്) തീയേറ്ററുകള്‍ക്ക് സമയത്ത് ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു അത്. ഇതേത്തുടര്‍ന്ന് മോണിംഗ്, മാറ്റിനി ഷോകള്‍ മുടങ്ങിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിത്രം വെള്ളിയാഴ്ച ഫസ്റ്റ് ഷോയോടുകൂടി തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.