1983 എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിക്കി ഗൽറാണി ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ്. 

തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും(Nikki Galrani) നടൻ ആദിയുമായുള്ള(Aadhi Pinisetty) വിവാഹ നിശ്ചയം കഴിഞ്ഞു. നിക്കി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. 'കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു', നിക്കി കുറിച്ചു.

തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. 'ഈറം' എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.

1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാള്‍ കൂടിയാണ് താരം. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചത്. മലയാളത്തിൽ ധമാക്ക എന്ന ഒമർലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

'ആര്‍ആര്‍ആറി'ന്റെ രണ്ടാം പകുതി കാണിക്കാതെ തിയറ്റര്‍; സംഭവം ഇങ്ങനെ

ഴിഞ്ഞ ദിവസമാണ് രാജമൗലി ചിത്രം ആർആർആർ(RRR Movie) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് ചിത്രമാണ് ആർആർആറെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ സിനിമ മുഴുവനും പ്രദർശിപ്പിക്കാത്ത തിയറ്ററിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. 

യു എസിലെ സിനിമാര്‍ക്ക് തിയറ്ററിലാണ് സംഭവം. സിനിമാനിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് അനുപമ ട്വീറ്റ് ചെയ്യുന്നു.

"ആദ്യ പകുതിയ്ക്ക് ശേഷം ആർആർആറിന്റെ രണ്ടാം ഭാഗം കാണിച്ചില്ല. കാരണം രണ്ടാം ഭാഗം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്ന്. മാനേജരോട് ചോദിച്ചപ്പോള്‍ സിനിമ ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവം", അനുപമ ചോപ്ര ട്വീറ്റ് ചെയ്തു. 

അതേസമയം, കേരളത്തിൽ മാത്രം നാല് കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം സ്വന്തമാക്കിയത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.