മകൾക്കായി ആമിറും റീനയും ഒന്നിച്ചെത്തിയതിനെ വാഴ്ത്തി ആരാധകര്‍.
കഴിഞ്ഞ ഏതാനും നാളുകളായി ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹ വിശേഷമാണ് ബോളിവുഡ് നിറയെ. ഫിറ്റ്‌നസ് ട്രെയ്‌നര്‍ നൂപുര്‍ ശിഖാരയാണ് ഇറയുടെ ഭർത്താവ്. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ജയ്പൂരിൽ വച്ച് നടന്ന വിവാഹ ആഘോഷത്തിന്റെ രംഗങ്ങൾ കോർത്തിണക്കിയുള്ളതാണ് വീഡിയോ.
ഇരുവരും പരസ്പരം മോതിരം കൈ മാറുന്നതും ചുബിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ ഇവയിൽ നിന്നെല്ലാം ഏവരുടെയും കണ്ണെത്തിയത് ആമിറും മുന്‍ ഭാര്യ റീന ദത്തയും പരസ്പരം കൈകൾ കോർത്തുപിടിച്ചാണ് മകളുടെ വിവാഹം കണ്ടത് എന്നതാണ്. വിവാഹ ശേഷം ഇരുവരും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്. നിരവധി പേരാണ് ഇറയ്ക്ക് ആശംസകളുമായി വന്നത്. ഇവയ്ക്ക് ഒപ്പം ഇത്രയും സുന്ദരമായ കുടുംബത്തെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഇവർ, മകൾക്കായി ആമിറും റീനയും ഒന്നിച്ചെത്തിയതിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്.
ജനുവരി മൂന്നിന് ആയിരുന്നു ഇറയുടെയും നൂപുര്‍ ശിഖാരയുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. മുംബൈയിൽ ആയിരുന്നു ഇത്. ഷോര്‍ട്സും ബനിയനും സ്നീക്കേഴ്സും ധരിച്ചെത്തിയ നൂപൂർ ഏറെ ശ്രദ്ധനേടിയിരുന്നു. വൈറലാകുകയും ചെയ്തു. തന്‍റെ വിവാഹത്തിന് ഏറ്റവും കൂളായ വസ്ത്രം ധരിക്കുമെന്ന് നൂപുര്‍ മുന്‍പ് പറഞ്ഞതാണെന്നും അതാണ് നടപ്പിലാക്കിയതെന്നും ആയിരുന്നു അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
രജിസ്റ്റർ വിവാഹ ശേഷം നാല് ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷവും ആമിർ സംഘടിപ്പിച്ചിരുന്നു. ജയ്പൂരിൽ വച്ചായിരുന്നു ഇത്. ജനുവരി എട്ടിനാണ് എല്ലാ ചടങ്ങുകളും അവസാനിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഒത്തിരിപേർ വിവാഹത്തിൽ സന്നിഹിതരായി. ഇറയും നൂപൂറും ദിർഘനാളത്തെ സുഹൃത്തുക്കൾ ആയിരുന്നു. ഇറയുടെ ഫിറ്റ്നെസ് ട്രെയിനർ കൂടിയായിരുന്നു നൂപുർ. ശേഷം ഇരുവരും പ്രണയത്തിലാകുകയും വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു.
