മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആമിറിന്‍റെ പ്രതികരണം

സമീപകാല ബോളിവുഡില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ (Aamir Khan) നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha). ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. തന്‍റെ സ്വപ്ന പദ്ധതിയെന്ന് ആമിര്‍ വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിനുവേണ്ടി അദ്ദേഹം ശാരീരികമായ വലിയ മേക്കോവറുകളിലൂടെ കടന്നുപോയിരുന്നു. ഓഗസ്റ്റ് 11ന് ലോകമെമ്പാടും തിയറ്ററുകളില്‍ എത്താനിരിക്കുകയാണ് ചിത്രം. എന്നാല്‍ റിലീസ് ദിനം അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ചില ബഹിഷ്കരണാഹ്വാനങ്ങളും മുഴങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയ്ക്കിടെ ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആമിറിന്‍റെ പ്രതികരണം- "എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം", ആമിര്‍ ഖാന്‍ പറഞ്ഞു.

2014ല്‍ പികെയുടെ വരവോടെയാണ് ആമിറിനെതിരായ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. തൊട്ടടുത്ത വര്‍ഷം ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാജ്യത്ത് നടക്കുന്ന അസ്വസ്ഥജനകമായ ചില സംഭവങ്ങള്‍ കാരണം തന്‍റെ ഭാര്യ കിരണ്‍ റാവുവിന് ഇവിടെ വിടണമെന്നുണ്ട് എന്നായിരുന്നു പ്രസ്താവന. എന്നാല്‍ കിരണ്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നാലെ ആമിര്‍ പ്രതികരിച്ചിരുന്നു. ആമിറിന്‍റെ 2016 ചിത്രം ദംഗലിന്‍റെ റിലീസ് സമയത്തും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിമാറി ദംഗല്‍. പിന്നീട് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തോടെ ആരംഭിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരായ ക്യാംപെയ്ന്‍ ആണ് ആമിറിനെതിരെയും നീണ്ടത്. 

അതേസമയം അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനതന്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : ശരവണനെ സ്വീകരിച്ചോ പ്രേക്ഷകര്‍? 'ലെജന്‍ഡ്' ആദ്യ നാല് ദിനങ്ങളില്‍ നേടിയത്