ആര്‍ എസ് പ്രസന്നയാണ് ചിത്രത്തിന്‍റെ സംവിധാനം

ചലച്ചിത്ര നിര്‍മ്മാതാക്കളെ സംബന്ധിച്ച് സിനിമയുടെ പുതു വരുമാന വഴികളില്‍ ഒന്നാണ് ഒടിടി റൈറ്റ്സിലൂടെ ലഭിക്കുന്ന തുക. അതിനാല്‍ത്തന്നെ റിലീസിന് മുന്‍പേ പ്രധാനപ്പെട്ട ഏതെങ്കിലും ഒടിടി പ്ലാറ്റ്‍ഫോമുമായി മികച്ചൊരു ഡീലിലെത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മികച്ചൊരു ഡീല്‍ ലഭിച്ചിട്ടും അത് വേണ്ടെന്നുവച്ചിരിക്കുകയാണ് ഒരു നിര്‍മ്മാതാവ്. ബോളിവുഡ് സൂപ്പര്‍താരവും നിര്‍മ്മാതാവുമായ ആമിര്‍ ഖാന്‍ ആണ് തന്‍റെ പുതിയ ചിത്രത്തിന് ലഭിച്ച ഒടിടി കരാര്‍ വേണ്ടെന്നുവച്ചത്. എന്തുകൊണ്ട് അത് ഒഴിവാക്കി എന്ന ചോദ്യത്തിന് അദ്ദേഹത്തിന് പറയാന്‍ കൃത്യമായ കാരണവുമുണ്ട്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ കോമള്‍ നാഹ്ത അറിയിക്കുന്നത് പ്രകാരം പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ നല്‍കാമെന്നേറ്റ 120 കോടിയുടെ ഓഫര്‍ ആണ് ആമിര്‍ ഖാന്‍ വേണ്ടെന്നുവച്ചത്. ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി ഡീല്‍ ആയിരുന്നു ഇത്. ബോളിവുഡില്‍ നിലവിലുള്ള ഒടിടി വിന്‍ഡോ (തിയറ്റര്‍ റിലീസിന്‍റെ ദിവസം മുതല്‍ ഒടിടി റിലീസിന്‍റെ ദിവസം വരെയുള്ള സമയം) എട്ട് ആഴ്ചകളുടേതാണ്. എട്ട് ആഴ്ച കഴിഞ്ഞാല്‍ സിനിമ ഫ്രീ ആയി കാണാമെന്നിരിക്കെ കാണികളില്‍ വലിയൊരു വിഭാഗം തിയറ്ററുകളിലേക്ക് എത്തുന്നില്ലെന്നും സിനിമകളുടെ കളക്ഷന്‍ കുറയാന്‍ ഇതൊരു പ്രധാന കാരണമാണെന്നുമാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഈ മാതൃകയെ അട്ടിമറിച്ച്, സിനിമ കാണാന്‍ തിയറ്ററില്‍ തന്നെ വരേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് ആമിര്‍ ഖാന്‍റെ ലക്ഷ്യം. നിര്‍മ്മാതാവ് എന്ന നിലയില്‍ വലിയ റിസ്ക് ആണ് ആമിര്‍ ഇതിലൂടെ എടുത്തിരിക്കുന്നത്. എന്നാല്‍ വിജയിക്കുന്നപക്ഷം കൂടുതല്‍ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കും ഇത്.

2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തുന്ന സിതാരെ സമീന്‍ പറിന്‍റെ സംവിധാനം ആര്‍ എസ് പ്രസന്നയാണ്. 2018 ല്‍ പുറത്തെത്തിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്കുമാണ് ഇത്. സ്പോര്‍ട്സ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണ് സിതാരെ സമീന്‍ പര്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആമിര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആമിറിനൊപ്പം ജെനലിയ ദേശ്മുഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News