നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ആമിര്‍ ഖാന്റെ (Aamir Khan) പഴയ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലച്ചിത്രമായ 'ദ കശ്‍മിര്‍ ഫയല്‍സി'നെ (The Kashmir Files) പ്രകീര്‍ത്തിച്ച് നടൻ ആമിര്‍ ഖാൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഞാൻ തീര്‍ച്ചയായും ചിത്രം കാണും. സിനിമ വലിയ വിജയം നേടിയതില്‍ സന്തോഷമുണ്ട്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണെന്നും പറഞ്ഞ ആമിര്‍ ഖാനെതിരെ (Aamir Khan) സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുകയാണ്.
രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം 'ആർആർആറി'ന്‍റെ പ്രചരണാർഥം ദില്ലിയിൽ നടത്തിയ പരിപാടികളിൽ ആമിറും പങ്കെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് 'ദ കശ്‍മിർ ഫയൽസി'നെക്കുറിച്ചുള്ള ചോദ്യം ആമിറിനെ തേടിയെത്തിയത്. ഞാന്‍ തീര്‍ച്ചയായും ഈ ചിത്രം കാണും. ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. കശ്‍മിരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദു:ഖകരമാണ്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും വികാരങ്ങളെ ഈ ചിത്രം സ്‍പര്‍ശിച്ചുവെന്നതാണ് മനോഹരമായ കാര്യം. ഈ ചിത്രം വിജയം നേടുന്നത് കാണുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണ്, ആമിര്‍ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റേത് കാപട്യമാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.
'ദ കശ്‍മീർ ഫയൽസ്' സിനിമയെ ആമിര്‍ ഖാൻ അനുകൂലിച്ചത് തന്റെ പുതിയ സിനിമയ്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നതിനാണെന്ന് ചിലര്‍ പറയുന്നു. ആമിര്‍ ഖാന്റെ പുതിയ സിനിമയായ 'ലാല്‍ സിംഗ് ഛദ്ദ' ബോയ്‍കോട്ട് ചെയ്യുമെന്ന് ഹാഷ്‍ടാഗുകളും വന്നു. നരേന്ദ്ര മോദിയെ കുറിച്ച് ആമിര്‍ ഖാൻ സംസാരിക്കുന്ന ഒരു പഴയ അഭിമുഖവും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അന്ന് മോദിയെ കുറിച്ച് ആമിര്‍ ഖാന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കശ്‍മിരി പണ്ഡിറ്റുകളെ കുറിച്ച് മുമ്പും ആമിര്‍ ഖാന് ഇതേ അഭിപ്രായമായിരുന്നുവെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു.
'ദ കശ്‍മിര്‍ ഫയല്‍സ്' നല്ല സിനിമയാണെന്നും എല്ലാ എംപിമാരും കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്‍തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്.സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിനെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അഭിനന്ദിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരൻ അശോക് സ്വയ്‍ൻ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായിട്ടായിരുന്നു പ്രൊഫസര്‍ അശോക് സ്വയ്ന്‍ രംഗത്ത് എത്തിയത്. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചായിരുന്നു അശോകിന്‍റെ വിമര്‍ശനം.'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയതോടെ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്.
'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രം 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്‍ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്. ദ കശ്‍മിര്‍ ഫയല്‍സ് സിനിമ 100 കോടി ക്ലബിലുമെത്തിയിട്ടുണ്ട്.
രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്‍മിരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി 'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
