ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന ചിത്രമാണ് '83

ആമിര്‍ ഖാന്‍ (Aamir Khan) ചിത്രങ്ങളുടെ ഭാഗ്യ റിലീസ് സീസണ്‍ ആയി പരിഗണിക്കപ്പെടാറുള്ളത് ക്രിസ്‍മസ് (Christmas) ആണ്. ആമിറിന്‍റെ വന്‍ ഹിറ്റുകളായ ഗജിനി, 3 ഇഡിയറ്റ്സ്, പികെ, ദംഗല്‍ ഇവയൊക്കെ ക്രിസ്‍മസ് റിലീസുകള്‍ ആയിരുന്നു. കൊവിഡ് (Covid 19) കാരണം റിലീസ് നീണ്ടുപോയ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യും (Laal Singh Chaddha) ഈ വര്‍ഷത്തെ ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ തിയറ്റര്‍ തുറക്കല്‍ (Theatre Reopening in Maharashtra) പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയ കാര്യം അറിയിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് (Aamir Khan Productions).

View post on Instagram

ഒക്ടോബര്‍ 22ന് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അഭിനന്ദിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാല്‍ സിംഗ് ഛദ്ദ ക്രിസ്‍മസിന് എത്തിക്കാനാവില്ലെന്നും പറയുന്നു. കൊവിഡ് കാരണം സംഭവിച്ചതാണ് ഈ വൈകല്‍ എന്നും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. പകരം 2022 വാലന്‍റൈന്‍സ് ദിനത്തില്‍ ചിത്രം എത്തും. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

View post on Instagram

അതേസമയം 'ലാല്‍ സിംഗ് ഛദ്ദ' ക്രിസ്‍മസ് റിലീസില്‍ നിന്ന് പിന്മാറിയതോടെ ബോളിവുഡില്‍ നിന്ന് മറ്റൊരു പ്രധാന ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83 ആണ് ഈ ചിത്രം. രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും റിലീസ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.