പ്രഖ്യാപന സമയത്തുതന്നെ പേരുകൊണ്ട് ശ്രദ്ധ നേടിയ സിനിമയാണ് ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രം ഫുട്ബോളിന്‍റെ പശ്ചാത്തലത്തില്‍ മനോഹരമായ കഥ പറയുന്ന ചിത്രമാണ്. നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നീണ്ടുപോയതാണ്.ഇപ്പോഴിതാ റിലീസിലേക്കുള്ള ഇടവേളയില്‍ വേറിട്ട പ്രൊമോഷനുമായി എത്തുകയാണ് സിനിമയുടെ അണിയറക്കാര്‍. കാല്‍പ്പന്തുകളിയെക്കുറിച്ചുള്ള നൂറ്റൊന്ന് കഥകള്‍ അവതരിപ്പിക്കാനിരിക്കുകയാണ് അവര്‍.

പ്രശസ്‍ത സ്പോര്‍ട്‍സ് ലേഖകനായ കമാല്‍ വരദൂര്‍ ആണ് കഥകള്‍ എഴുതുന്നത്. ഫുട്ബാള്‍ പ്രേമികളുടെ പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്‍മയിലൂടെ ഓരോന്നായി അവതരിപ്പിച്ച് സിനിമയുടെ റിലീസ് ദിവസം അവ പുസ്തകമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. ഫുട്ബാൾ എന്ന ജനപ്രിയ കായിക വിനോദം അതിന്‍റെ  നാൾവഴികളിലൂടെ സഞ്ചരിക്കുന്ന കഥകളാവും ഇവ. 

ഫുട്ബോളും ഫാന്‍റസിയും ചേരുന്ന രസക്കൂട്ടാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അച്ചാപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രോഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് നവാഗതനായ  നിഖിൽ പ്രേംരാജ് ആണ്. ആന്‍റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ഐ എം വിജയൻ, ലുക്‌മാൻ, ടി ജി രവി, ജോപോള്‍ അഞ്ചേരി, ജേസ് ജോസ്‌, നിഷാന്ത് സാഗർ, ആസിഫ് സഹീർ,  അർച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോകശ്രദ്ധ നേടിയ കൊച്ചു മിടുക്കൻ ഡാനിഷ് അടക്കം പുതുമുഖങ്ങളായ ഏഴ് കുട്ടികൾ ഈ സിനിമയിലൂടെ അരങ്ങേറുന്നു. ക്യാമറ ഫായിസ് സിദ്ദിഖ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, സംഗീതം ജേക്സ് ബിജോയ്.