പൊങ്കല്‍ റിലീസായി എത്തി അപ്രതീക്ഷിത വിജയം നേടിയ ജീവയുടെ 'തലൈവര്‍ തമ്പി തലൈമയില്‍' എന്ന ചിത്രത്തിലെ ഒരു ഡയലോഗ് വിവാദമായിരുന്നു
തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാന സീസണുകളില്‍ ഒന്നായ പൊങ്കല്‍ ഇക്കുറി ഒരു സസ്പെന്‍സ് ചിത്രത്തിന്‍റെ ക്ലൈമാക്സ് പോലെയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. വന്‍ ഹൈപ്പോടെ തയ്യാറെടുത്ത വിജയ്‍യുടെ ജനനായകന്‍ സെന്‍സര്‍ പ്രതിസന്ധിയില്‍ റിലീസ് മുടങ്ങി. ശിവകാര്‍ത്തിയേകന്‍റെയും കാര്‍ത്തിയുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജനപ്രീതിയില്‍ മുന്നിലെത്തിയതാവട്ടെ ആരാലും വലിയ ശ്രദ്ധ നേടാതിരുന്ന മറ്റൊരു ചിത്രവും. ജീവ നായകനായ തലൈവര്‍ തമ്പി തലൈമയില്‍ ആണ് ആ ചിത്രം. ഫാലിമി എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം മലയാളി സംവിധായകന്‍ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചിത്രം വലിയ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടെ ചിത്രത്തിലെ ഒരു ഡയലോഗ് പ്രേക്ഷകരില്‍ ഒരു വിഭാഗം പ്രശ്നവല്‍ക്കരിച്ചിരുന്നു.
വിവാദ ഡയലോഗ്
‘കണ്ടീഷന്‍സ് ഫോളോ പണ്ണുങ്കഡാ’ എന്നൊരു ഡയലോഗ് ചിത്രത്തിലുണ്ട്. ഇതാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം വിമര്‍ശനവിധേയമാക്കിയത്. വിജയ്‍യുടെ കരൂര്‍ റാലിയിലെ തിക്കിലും തിരക്കിലും 40 പേര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ് മാധ്യങ്ങളിലും സോഷ്യല്‍ മീഡിയയിലും മീമുകളിലുമൊക്കെ നിറഞ്ഞുനിന്ന ഡയലോഗ് ആണ് ഇത്. കരൂര്‍ സംഭവത്തിന് പിന്നാലെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പറഞ്ഞ സംഭാഷണമാണ് ഇത്. ‘പഠിച്ച് പഠിച്ച് സൊന്ന കണ്ടീഷന്‍സ് ഫോളോ പണ്ണുങ്കഡാ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് പിന്നീട് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തമിഴ് ട്രോള്‍ പേജുകളിലും മറ്റും നിറഞ്ഞിരുന്നു.
ദു:ഖകരമായ ഒരു സംഭവത്തെ ഓര്‍മ്മിക്കുന്ന ഡയലോഗ് കോമഡിക്കുവേണ്ടി സിനിമയില്‍ ഉപയോഗിച്ചു എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജീവ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. “അതൊരു ട്രെന്‍ഡിംഗ് ഡയലോഗ് ആയിരുന്നു. അതിനാലാണ് ഞങ്ങള്‍ സിനിമയില്‍ അത് ഉപയോഗിച്ചത്. അത് നന്നാവും എന്നാണ് കരുതിയത്. പ്രേക്ഷകരുടെ നല്ല പ്രതികരണങ്ങളും അതിന് ലഭിച്ചിരുന്നു. അതിലൂടെ ഞങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന് കൂടി പറയട്ടെ”, ജീവ പറഞ്ഞിരുന്നു.
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തില് ജീവരത്നം എന്ന കഥാപാത്രത്തെയാണ് ജീവ അവതരിപ്പിക്കുന്നത്. പ്രഥന നാഥന്‍, തമ്പി രാമയ്യ, ഇളവരസ്, മീനാക്ഷി ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.



