Asianet News MalayalamAsianet News Malayalam

ബെന്‍സിന്‍റെ ഡോര്‍ തുറന്ന് 'നെയ്യാറ്റിന്‍കര ഗോപന്‍'; 'ആറാട്ട്' ഫസ്റ്റ് ലുക്ക്

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 

aaraattu first look poster starring mohanlal
Author
Thiruvananthapuram, First Published Dec 6, 2020, 10:33 AM IST

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'നെയ്യാറ്റിന്‍കര ഗോപന്‍' സ്വന്തം ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്‍റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍. ചുവപ്പു നിറത്തിലുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്, ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറിന്‍റെ നമ്പരിനും പ്രത്യേകതയുണ്ട്.  'രാജാവിന്‍റെ മകനി'ലെ സംഭാഷണത്തിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പര്‍ '2255' ആണ് കാറിന്‍റെ നമ്പര്‍. 'കെഎല്‍വി 2255' എന്നതാണ് മുഴുവന്‍ നമ്പര്‍.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios